വികസന ഭൂപടം തയ്യാറാക്കുവാൻ സെൻസസ് 2026 ആരംഭിക്കുന്നു:-
:ടീ .ഷാഹുൽ ഹമീദ്
കണക്കെടുപ്പിനപ്പുറം ഓരോ പൗരന്റെയും ജീവിതം അടയാളപ്പെടുത്തുന്ന സെൻസസ് മഹാ യജ്ഞം 2026 ഏപ്രിൽ മുതൽ രാജ്യത്ത് ആരംഭിക്കാൻ പോകുന്നു. നമ്മുടെ മഹാരാജ്യത്തിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുവാനുള്ള വലിയ പ്രക്രിയക്കാണ് രണ്ട് ഘട്ടങ്ങളായി നടക്കുന്ന സെൻസസിലൂടെ കളമൊരുങ്ങുവാൻ വേണ്ടി പോകുന്നത്.
ആദ്യഘട്ടത്തിൽ എല്ലാ വീടുകളിലും സെൻസസ് ചുമതലയുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ച് കുടിവെള്ള ലഭ്യത,വൈദ്യുതി, ശുചിമുറി എന്നിവയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ ശേഖരിക്കുകയും, രണ്ടാംഘട്ടത്തിൽ ഓരോ വ്യക്തിയുടെയും പേര്, ലിംഗ ഭേദം,ഭാഷ, വിദ്യാഭ്യാസം,തൊഴിൽ, വരുമാനം,സാക്ഷരത തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ശേഖരിക്കുന്നതാണ്. ലോകം ഉറ്റുനോക്കുന്ന 2026 ലെ ദേശീയ ജനസംഖ്യ കണക്കെടുപ്പ് കേവലം അക്കങ്ങളുടെ സമാഹാരമല്ല,മറിച്ച് ഓരോ പൗരന്റെയും അവകാശങ്ങളെയും ആവശ്യകതകളെയും തൊട്ടറിയുന്ന ഒരു സാമൂഹ്യരേഖയാണ്. 16 വർഷത്തെ ഇടവേളക്കുശേഷം നടക്കുന്നതിനാൽ 30 ലക്ഷം ജീവനക്കാർ പങ്കെടുക്കുന്ന പ്രവർത്തനം സെൻസസ് ചരിത്രത്തിൽ സുവർണാക്ഷരങ്ങളിൽ രേഖപ്പെടുത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഭരണപരമായ പ്രവർത്തനമായി തീരുന്നതാണ്. ലാറ്റിൻ വാക്കായ സെൻസിയർ (കണക്കാക്കുക )എന്ന വാക്കിൽ നിന്നാണ് സെൻസസ് ഉണ്ടായത്.
നാളിതുവരെ രാജ്യം നേടിയെടുത്ത വിജയ വഴികളിൽ വന്ന പോരായ്മകൾ, വിടവുകൾ എന്നിവ നികത്തുന്നതിനും, വരും ദശകങ്ങളിലെ വികസന കുതിപ്പിന് ദിശാബോധം നൽകുവാനുമാണ് 2026ലെ സെൻസസ് വഴിയൊരുങ്ങുന്നത്.
രാജ്യത്തിന്റെ മാനവ വിഭവശേഷി കൃത്യമായി നിർണയിക്കപ്പെടുമ്പോഴാണ് നയരൂപീകരണങ്ങൾ അർത്ഥവത്തായി മാറുന്നത്. ഡിജിറ്റൽ യുഗത്തിന്റെ പരിവർത്തനമായി സെൻസസ് പ്രവർത്തനം മാറുകയാണ്,പഴയ പേപ്പർ ഫയലുകളിൽ നിന്നും മാറി സാങ്കേതിക വിദ്യയുടെ കരുത്തിലേക്ക് സെൻസസ് പ്രവർത്തനം മാറുകയാണ്. കണക്കെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് 15 ദിവസം മുമ്പ് ഡിജിറ്റലായി സെൻസസ് വിവരങ്ങൾ നൽകാൻ സാധിക്കുന്നു എന്ന പ്രത്യേകതയും 2026 ലെ സെൻസസിന് ഉണ്ട്. ഡാറ്റാ ശേഖരണത്തിൽ വിപ്ലവമാണ് 2026 ലെ സെൻസസ് കാഴ്ചവെക്കാൻ വേണ്ടി പോകുന്നത്, നൊടിയിടക്കുള്ളിൽ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുന്നതിനാൽ സെൻസസിന് ജനകീയ മുഖം കൈവരുന്നതാണ്. കാര്യക്ഷമവും അഴിമതിരഹിതവുമായ വിഭവ വിതരണത്തിന് സെൻസസ് വിവരങ്ങൾ അടിസ്ഥാനശിലയാകും.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പൊതുജനസംഖ്യ ശേഖരണത്തോടൊപ്പം ജാതി വിവരവും ശേഖരിക്കുന്നു എന്നതും ഈ വർഷത്തെ സെൻസസിന്റെ സവിശേഷതയാണ്. മണ്ഡല പുനർനിർണയം, വനിതാ സംവരണം,ക്ഷേമ പദ്ധതികളുടെ ആസൂത്രണം, എന്നിവക്കെല്ലാം 2026 ലെ സെൻസസ് കണക്കുകൾ വഴിത്തിരീവാകും. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം ഭരണകൂടത്തിന്റെ കാതുകളിൽ എത്തുവാനുള്ള ഏറ്റവും വലിയ ഉപാധിയാണ് സെൻസസ്. ഓരോ വീടിന്റെയും പടിവാതിൽക്കലിൽ എത്തുന്ന എണ്ണമറ്റ ഉദ്യോഗസ്ഥർ യഥാർത്ഥത്തിൽ ശേഖരിക്കുന്നത് ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. സെൻസസിൽ കൃത്യമായ വിവരം നൽകേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്തമാണ്. കൃത്യമായി വിവരങ്ങൾ നൽകുന്നതിലൂടെ ഭാവി തലമുറയുടെ വളർച്ചക്കാണ് സെൻസസ് കണക്കെടുപ്പ് വളമിടുന്നത്. വൈവിധ്യങ്ങളുടെ സമ്പന്നതയുള്ള ഇന്ത്യ മഹാരാജ്യത്ത് ഏകത്വത്തിന്റെ ചരടിൽ കോർത്ത മുത്തു മണികൾ പോലെ ജനങ്ങളെ കോർത്തിണക്കുവാൻ സെൻസസ് പ്രവർത്തനം കൊണ്ട് സാധിക്കുന്നു. നവഭാരതത്തിന്റെ ആകാശത്ത് വികസനത്തിന്റെ പുതിയ സൂര്യോദയം കുറിക്കാൻ സെൻസസ് കണക്കെടുപ്പ് നിമിത്തമാകും എന്ന് പ്രതീക്ഷിക്കാം.
രാജ്യത്തിന്റെ വികസനത്തിന്റെ ആധാരശില കൂടിയാണ് സെൻസസ്. വിഭവങ്ങളുടെ തുല്യമായ വിതരണം, വിദ്യാഭ്യാസമേഖലയിലെ ആസൂത്രണം, ആരോഗ്യ മേഖലയിലെ ഇടപെടൽ,ജനനം മരണം സംബന്ധിച്ചുള്ള ഭാവി ആസൂത്രണ പ്രവർത്തനങ്ങൾ, എസ് സി -എസ് ടി, വിഭാഗങ്ങളുടെ ക്ഷേമം, വ്യവസായ വികസനം എന്നിവയിൽ സെൻസസ് കണക്കുകൾ സുപ്രധാന പങ്ക് വഹിക്കുന്നതാണ്. ഇന്ത്യയുടെ ഭൂതകാലത്തെ വിലയിരുത്തി ഭാവിയിലേക്കുള്ള പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കുന്ന ഒരു മാഗ്നാ കാർട്ടായാണ് സെൻസസ്. രാജ്യത്തിന്റെ പരിവർത്തനത്തിന്റെ കഥ പറയുന്ന സെൻസസ് വിവരങ്ങൾ പുറത്തു വരുമ്പോൾ രാജ്യത്തിന്റെ യഥാർത്ഥ ചിത്രം മനസ്സിലാകുന്നതാണ്. സാക്ഷരത, സ്ത്രീപുരുഷ അനുപാതം, കുട്ടികളുടെ ലിംഗാനുപാതം, വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെ എണ്ണം, നാമാവശേഷമാകുന്ന ഭാഷകൾ ഏതൊക്കെ എന്നിവ സെൻസസിലൂടെ പുറത്തുവരുന്നതാണ്. രാജ്യത്ത് ജനസംഖ്യ വിസ്ഫോടനം നടക്കുന്നുണ്ടോ, സമൂഹം നിലനിൽക്കാനുള്ള പ്രത്യുൽപാദനശേഷി രാജ്യം കൈവരിക്കുന്നുണ്ടോ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത എന്താണ്, ജീവിതശൈലിയിലെ മാറ്റം ജനങ്ങളെ എത്രമാത്രം രോഗികളാക്കി മാറ്റി, ഡിജിറ്റൽ ലോകത്ത് ഇന്ത്യയുടെ സാധ്യത എത്രത്തോളം ഉണ്ട്, ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ എത്ര,വാഹന സാന്ദ്രത അമേരിക്കയെ കടത്തിവിട്ടുമോ, ഗ്രാമങ്ങളിൽ പുകയും തീയ്യും ശ്വസിക്കുന്നവരുടെ എണ്ണം എത്ര, സാക്ഷരതയിൽ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ, ജനസംഖ്യയിൽ ഒന്നാം സ്ഥാനം ഇന്ത്യ നില നിർത്തുമോ, ആയുർദൈർഘ്യത്തിൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണോ കൂടുതൽ, ഒരു സ്ക്വയർ കിലോമീറ്റർ എത്ര പേർ താമസിക്കുന്നു, നഗരവൽക്കരണം യാഥാർത്ഥ്യമാകുമോ എന്നീ കാര്യങ്ങളൊക്കെ മനസ്സിലാക്കുവാൻ സെൻസസ് വിവരങ്ങളിലൂടെ സാധിക്കുന്നതാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല മഹാരാഷ്ട്രയിലെ താണ ജില്ല തന്നെയാണോ, നാഗാലാൻഡിലെ ജനനിരക്ക് നെഗറ്റീവിൽ ആണോ കടന്നുപോകുന്നത്, ഓരോ മതവിഭാഗത്തിന്റെയും ജനസംഖ്യയിലെ പങ്കാളിത്തം എത്ര എന്നിവ അറിയാൻ രാജ്യം ആകാംക്ഷ ഭരിതമായി കാത്തിരിക്കുകയാണ്. രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിയോ, ഭവനരഹിതർ എത്ര, തൊഴിലില്ലായ്മ എത്രത്തോളം ഉണ്ട്, വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവർ ആരൊക്കെ, വിഭവങ്ങളുടെ വിതരണം,കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് വിനിയോഗം ഫലപ്രദമായിരുന്നോ എന്നതും സെൻസസിലൂടെ പുറത്തുവരുന്നതാണ്.
വരും കാലം, മുൻകൂട്ടി കാണാനുള്ള സെൻസസ് ദൂരദർശനിയിലൂടെ ഗ്രാമങ്ങളിലും നഗരങ്ങളിലും അലടിക്കുന്ന ജന ജീവിതത്തിന്റെ യഥാർത്ഥ തുടിപ്പുകൾ പ്രതിഫലിക്കുന്നതാണ്. ഓരോ പൗരന്റെയും ശബ്ദം കേൾക്കപ്പെടുമെന്നും, ഓരോ വ്യക്തിയും വികസനത്തിന്റെ ഭാഗമാണെന്നും സെൻസസ് ഉറപ്പുവരുത്തുന്നു. ഓരോ പൗരന്റെയും സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങൾ സെൻസസിലൂടെ പ്രതിഫലിക്കുന്നതാണ്. ജനസംഖ്യാനുപാതികമായി രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി ലോക്സഭാ നിയമസഭാ മണ്ഡല നിർണയത്തിന് സെൻസസ് കണക്കുകൾ അടിസ്ഥാന രേഖയാണ്. ജനതയുടെ ജാതകം നോക്കുന്ന സെൻസസ് കണക്കുകൾ വികസനത്തിന്റെ പുതിയ അധ്യായമാണ് സൃഷ്ടിക്കാൻ പോകുന്നത്. അക്കങ്ങൾ സംസാരിക്കുന്നു എന്ന പ്രത്യേകതയും സെൻസസിനുണ്ട്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂളിൽ യൂണിയൻ ലിസ്റ്റിൽ പെട്ട ഉത്തരവാദിത്വമാണ് സെൻസസ് പ്രവർത്തനം.
ചരിത്രം:-
ബിസി 3800 ൽ ബാബിലോണിയയിലാണ് ലോകത്ത് ആദ്യത്തെ അറിയപ്പെടുന്ന സെൻസസ് ആരംഭിച്ചത്, അന്ന് ആറു വർഷത്തിലൊരിക്കൽ ആയിരുന്നു സെൻസസ് നടന്നിരുന്നത് .ബി സി 2500 ൽ പിരമിഡ് നിർമാണത്തിൽ എത്ര തൊഴിലാളികളെ വേണമെന്ന കണക്കെടുപ്പ് ഈജിപ്തിൽ നടത്തിയതായി ചരിത്രത്തിൽ കാണാം.
1790 മുതൽ ഭരണഘടന നിർദ്ദേശപ്രകാരം അമേരിക്കയിൽ കൃത്യമായി സെൻസസ് നടന്നുവരുന്നുണ്ട്. 1801 മുതൽ ബ്രിട്ടനിലും ഫ്രാൻസിലും സെൻസസ് ആരംഭിച്ചിട്ടുണ്ട്. ഹാൻ രാജവംശത്തിന്റെ കാലത്ത് തന്നെ ചൈനയിൽ സെൻസസ് ആരംഭിച്ചിട്ടുണ്ട്, ചൈനയിൽ ആദ്യ സെൻസസ് നടന്നപ്പോൾ 5.7 കോടി ജനങ്ങൾ ഉണ്ടായിരുന്നു എന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്.
ഇന്ത്യയിൽ ബിസി 800നും 600നും ഇടയിൽ സെൻസസ് നടന്നതായി ഋഗ്വേദത്തിൽ പറയുന്നുണ്ട്. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ ബി സി മൂന്നാം നൂറ്റാണ്ടിൽ നികുതി പിരിക്കുന്നതിന് ജനസംഖ്യ തിട്ടപ്പെടുത്തിയതായി പ്രതിപാദിക്കുന്നുണ്ട്. അബുൽ ഫാസൽ രചിച്ച 'ഐനി അക്ബറിയിലും' സെൻസസിനെ കുറിച്ച് പറയുന്നുണ്ട്.1872 ൽ ബ്രിട്ടീഷ് ഭരണകാലത്ത് മേയോ പ്രഭു ഇന്ത്യയിൽ സെൻസസ് ആരംഭിച്ചിട്ടുണ്ടെങ്കിലും സമ്പൂർണ്ണമായി എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തി സെൻസസ് ആരംഭിച്ചത് 1881ൽ റിപ്പൺ പ്രഭുവിന്റെ കാലത്താണ്, അന്നുമുതലാണ് പത്തുവർഷം കൂടുമ്പോൾ കൃത്യമായി സെൻസസ് ശേഖരിക്കുന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ 1948 ൽ സെൻസസ് നടത്തുന്നതിനായി പ്രത്യേക നിയമം ഉണ്ടാക്കുകയും, ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള രജിസ്റ്റർ ജനറലിനെ സെൻസസ് ചുമതല ഏൽപ്പിക്കുകയും ചെയ്തു.
സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ സെൻസസ് 1951ലാണ് നടന്നത്. പതിനഞ്ചാമത് സെൻസസ് ആണ് 2011 ൽ നടന്നത്. പതിനാറാമത് സെൻസസ് 2021 ൽ കോവിഡ് കാരണം നടന്നിരുന്നില്ല. ഭൂരിഭാഗം രാജ്യങ്ങളിലും നിലവിൽ സെൻസസ് നടക്കുന്നുണ്ട്. ജനങ്ങളുടെ എണ്ണം, സാമൂഹിക, സാമ്പത്തിക സ്ഥിതികൾ എന്നിവ മനസ്സിലാക്കി വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് രാജ്യങ്ങൾ സെൻസസ് രേഖകൾ ഉപയോഗപ്പെടുത്തി വരുന്നുണ്ട്.
By
ടീ .ഷാഹുൽ ഹമീദ്
9895043496
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










