മൂന്നാർ: തണുപ്പാസ്വദിക്കുന്നതിനായി ഇനി മൂന്നാറിലേക്ക് പോകാം. പ്രദേശം അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുമെന്നാണ് സൂചന. തണുപ്പ് വർധിച്ചത് ഏറെനാളായി ആലസ്യത്തിലായിരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകിയിട്ടുണ്ട് തുടർച്ചയായി പെയ്ത മഴയാണ് മേഖലയ്ക്ക് തിരിച്ചടിയായത്. എന്നാൽ, മാനംതെളിഞ്ഞതോടെ വിനോദസഞ്ചാരികളുടെ വരവുവർധിച്ചു. ശിശിരത്തിലെ തണുപ്പാസ്വദിക്കുന്നതിനാണ് ഇപ്പോൾ സഞ്ചാരികൾ മൂന്നാറിലെത്തുന്നത്.
പ്രദേശത്തെ കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ ലക്ഷ്മി എസ്റ്റേറ്റിൽ രേഖപ്പെടുത്തി. ചൊവ്വാഴ്‌ച നാല് ഡിഗ്രിയാണ്. ചെണ്ടുവര, ദേവികുളം എന്നിവിടങ്ങളിൽ അഞ്ച് ഡിഗ്രിയും സെവൻമലയിൽ 6 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ നല്ലതണ്ണി, തെന്മല, ചെണ്ടുവര, എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
തണുപ്പ് വർദ്ധിച്ചതോടെ പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുപാളി രൂപപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലെ പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. വരും ദിവസങ്ങളിൽ മേഖല അതിശൈത്യത്തിൻ്റെ പിടിയിലാകുമെന്നാണ് കരുതുന്നത്. പൂജ്യം ഡിഗ്രിയിൽ താഴെ എത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്.
കാഴ്ച്‌ചകൾ നിരവധി സുരക്ഷ ശക്തം
വിനോദ സഞ്ചാരികൾക്കായി ഒട്ടേറെ കാഴ്ച്‌ചകളാണ് മൂന്നാറിലുള്ളത്. നല്ലതണ്ണി, കന്നിമല, ലക്ഷ്മി എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പുൽമേടുകളിൽ അതിരാവിലെ എത്തിയാൽ തണുപ്പാസ്വദിക്കാനാകും. ടൗണിന് സമീപത്തായി പഴയമുന്നാർ ഹൈഡൽ പാർക്കും ദേവികുളം റോഡിലെ ഗവ.ബോട്ടാണിക്കൽ ഗാർഡനുമുണ്ട്. മൂന്നാറിൻ്റെ പ്രധാന ആകർഷണം ഇരവികുളം ദേശീയോദ്യാനമാണ്. വംശനാശം നേരിടുന്ന ജീവിവർഗമായ വരയാടുകളെ ഇവിടെ കാണാനാകും.
മാട്ടുപ്പെട്ടിയിലെ ബോട്ടിങ്, എക്കോ പോയിൻ്റ്, കുണ്ടള, ടോപ്പ്സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികൾക്ക് ഒഴിവാക്കാനാവാത്തവയാണ്. വനംവകുപ്പിന്റെ നേതൃത്വത്തിൽ മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളിലേക്കുള്ള ട്രക്കിങ് സൗകര്യവുമേർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് പോലീസ് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികാല പട്രോളിങ് ശക്തമാണ്. എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും പോലീസിന്റെ സാന്നിധ്യമുണ്ട്. സഞ്ചാരികൾക്ക് സഹായത്തിനായി ഏതുസമയത്തും മൂന്നാർ പോലീസുമായി ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






_h_small.jpg)





