
തിരുവനന്തപുരം: 'ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ..
കണ്ടാലോ പ്രിയങ്കരിയാ പെണ്ണ് പ്രിയങ്കരിയാ...'
ഡംബൽസും ഷോൾഡർ പ്രസും ബഞ്ച് പ്രസും സ്ക്വാർഡ്‌സുമെല്ലാം ശ്രീയ അയ്യരുടെ മനക്കരുത്തിനു മുന്നിൽ തോറ്റുപോകും. ഫിസിക്കൽ ഫിറ്റ്നസിനെക്കുറിച്ച് സ്ത്രീകൾ ചിന്തിച്ചു തുടങ്ങുന്നതിന് മുൻപേ ശ്രീയ കണ്ട സ്വപ്നമാണ് സ്വന്തമായി ഒരു ഫിറ്റ്‌നസ് സ്റ്റുഡിയോ, ഒന്നരവർഷം മുൻപ് കുറവൻകോണത്ത് ആ സ്വപ്നം യാഥാർഥ്യമായി. പുരുഷന്മാർക്ക് മേൽക്കോയ്മയുള്ള 'ജിം ഓണർ' എന്ന ലേബലിലേക്ക് ശ്രീയ അയ്യർ കടന്നുവന്നത് ആരെയും പ്രചോദിപ്പിക്കുന്ന നേട്ടങ്ങളുടെ മസിൽപ്പെരുക്കവുമായി.
ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ അടിമുടി ഫിറ്റ്നസ് ഫ്രീക്കാണ് ശ്രീയ അയ്യർ.
ഫിറ്റ്നസ് സ്റ്റുഡിയോ എന്ന സ്വപ്നം
മനോധൈര്യവും കൈകരുത്തും കൊണ്ട് ബോഡി ബിൽഡിങ് റെക്കോഡുകൾ വാശിയോടെ നേടിയെടുത്ത പവർഫുൾ ലേഡിയാണ് ശ്രീയ അയ്യർ, ലോണെടുത്താണ് ഒന്നരവർഷം മുൻപ് ജിം തുടങ്ങിയത്.
ഒറ്റ ജീവനക്കാരനിൽനിന്ന് അഞ്ചുജീവനക്കാരുള്ള സ്ഥാപനമായി അത് വളർന്നു. മത്സരങ്ങൾക്കുവേണ്ടി പരിശീലിപ്പിക്കുകയല്ല, മറിച്ച് ലൈഫ് സ്റ്റൈൽ ഫിറ്റ്നസിന്റെ പ്രാധാന്യം സാധാരണക്കാരെ ബോധ്യപ്പെടുത്തുക. നിത്യജീവിതത്തിൽ ഫിറ്റനസിന് പ്രാധാന്യംകൊടുക്കുക തുടങ്ങിയവയാണ് ലക്ഷ്യം. എഴുപതിനുമുകളിൽ പ്രായമുള്ളവർപോലും ജിമ്മിലെത്തുന്നതായി ശ്രീയ പറയുന്നു.
കുറുക്കുവഴികളിലൂടെ നേടിയെടുത്ത അറിവുകളുമായി ഫിറ്റനസിലേക്ക് ഇറങ്ങാതിരിക്കുക. കൃത്യമായി പഠിച്ച് പരിശീലിച്ച് മാത്രമേ ഈ മേഖലയിലേക്ക് ഇറങ്ങാൻ പാടുള്ളൂ. അൽപജ്ഞാനം ആളെക്കൊല്ലുമെന്ന് ഓർക്കുക -ശ്രീയയുടെ വാക്കുകൾ.
യെസ് ഐ സർവൈവ്ഡ്
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേനടയിൽ ഒറ്റ സെന്റിലുള്ള വീട് ഒരു സാധാരണ അയ്യർ കുടുംബം. അഭിനയവും കോംപയറിങ്ങും പാഷനായിരുന്നു.
ടെലിവിഷൻ ചാനലുകളിൽ അവതാരകയായും മിനി സ്ക്രീനിൽ അഭിനേത്രിയായും ജീവിതത്തിൽ താരത്തിളക്കത്തിൽ നിന്നൊരു പെൺകുട്ടി സ്വപ്നങ്ങൾ കീഴടക്കുന്നതിനിടയിൽ ദുരന്തങ്ങളുടെ പടുകുഴിയിലേക്കു വീണുപോയി. പ്രണയബന്ധം സമ്മാനിച്ച ആഴത്തിലുള്ള മുറിവ്. (ക്രൂരമായ ശാരീരികമർദനം. ഒടുവിൽ എല്ലാ തകർന്നെന്നു തോന്നിയ നിമിഷത്തിൽ ആത്മഹത്യാശ്രമം, ഒന്നിലധികം തവണ. ആ സമയത്ത് മകളെ തിരിച്ചുവേണമെന്ന അമ്മയുടെ വാക്കുകളാണ് ശ്രീയയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്.
വീണ്ടും സീറോയിൽ നിന്ന്
പക്ഷേ നാട്ടിലേക്കും വീട്ടിലേക്കും പെട്ടെന്ന് മടങ്ങിപ്പോകാൻ കഴിയില്ലായിരുന്നു. നാട്ടുകാരുടെ കുത്തുവാക്കുകളും കുടുംബാംഗങ്ങളെ അഭിമുഖീകരിക്കേണ്ടതുമെല്ലാം വല്ലാതെ ഭയപ്പെടുത്തി. ഒടുവിൽ ഒരു സമാജമാണ് അഭയം നൽകിയത്. മനോധൈര്യം വീണ്ടെടുത്ത് വീണ്ടും ജോലിയിൽ ശ്രദ്ധ ചെലുത്താൻ ശ്രമിച്ചു. വാടകയ്ക്ക് ഒരു മുറി ലഭിച്ചു. എന്നാൽ വാടക കൊടുക്കാനും നിത്യച്ചെലവിനും നന്നേ ബുദ്ധിമുട്ടി. പട്ടിണി കിടന്ന കാലമുണ്ടായിരുന്നു. സാമൂഹിക മാധ്യമാക്രമണവും നേരിട്ടു. ചാനൽ ഫെയിമൊന്നും നോക്കാതെ ചെറിയ പരിപാടികൾക്ക് പോലും കോംപയറിങ് ചെയ്തു. അന്തസായി ജീവിക്കണമെന്ന വാശിയായിരുന്നു. പിന്നീട് പതിയെ നാട്ടിലേക്കും വീട്ടിലേക്കും മടങ്ങിയെത്തി.
ഫിറ്റ്നസും ബോഡി ബിൽഡിങ് മത്സരങ്ങളും
വിദ്യാർഥിയായിരുന്ന കാലംമുതൽ ഫിറ്റ്നസ്, വർക്കൗട്ട് എന്നിവയോട് താത്പര്യമുണ്ടായിരുന്നു. ഭൂതകാലത്തിലെ മാനസികാഘാതത്തിൽനിന്ന് പുറത്തുകടക്കാനായിരുന്നു പൂർണമായും ജിമ്മിലേക്കും വർക്കൗട്ടിലേക്കും തിരിഞ്ഞത്. 2018-ൽ സൗത്ത് ഇന്ത്യ ബോഡി ബിൽഡിങ് അസോസിയേഷൻ്റെ മിസ് സൗത്ത് ഇന്ത്യ ഫിറ്റനസ്, ട്രിവാൻഡ്രം ഡിസ്ട്രിക്‌ട് ബോഡി ബിൽഡിങ് അസോസിയേഷൻ്റെ മിസ് ക്വീൻ ഓഫ് ട്രിവാൻഡ്രം, കേരള ബോഡി ബിൽഡിങ് അസോസിയേഷൻ്റെ മിസ് വിമൺ ഫിസിക്ക് കിരിടജേതാവുമാണ് ശ്രീയ.
2018, 2019, 2020 എന്നീ വർഷങ്ങളിൽ മിസ് ട്രിവാൻഡ്രം ആയിരുന്നു. കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിലൂടെ ഫിറ്റനസ് വീഡിയോസ് പങ്കുവെച്ചു തുടങ്ങി ആ വീഡിയോകൾ ഹിറ്റായി. അച്ഛൻ ഹരിഹര അയ്യറും അമ്മ ബേബിയും ശ്രീയയ്ക്കൊപ്പം വർക്കൗട്ട് ചെയ്‌തുതുടങ്ങി. കൂടാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഓൺലൈൻ ക്ലാസുകളും ശ്രീയ ചെയ്തിരുന്നു.
പുതുജീവിതം
ഫിറ്റ്നസിന് പുറമേ സുംബാ വിമൻ കിക്ക് ബോക്‌സിങ്, ഷൂട്ടിങ് പരിശീലനം എന്നിവയിലും ശ്രീയ സജീവമാണ്. ഇന്റ്റീരിയർ ഡിസൈനറായ ജിനു തോമസാണ് ഭർത്താവ്. അച്ഛൻ ഹരിഹര അയ്യർ മൂന്നുവർഷം മുൻപ് വിട്ടുപിരിഞ്ഞെങ്കിലും അമ്മ ബേബിയും സഹോദരൻ ശ്രീകാന്തും ശ്രീയയുടെ സ്വപ്‌നങ്ങൾക്ക് ഒപ്പമുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group