
കോട്ടയം: മിക്ക രാജ്യങ്ങളും നിരോധിച്ച എൻഡോസൾഫാനെന്ന ഭീകരവിഷം കാസർകോട്ടെ മനുഷ്യർക്കും ജീവജാലങ്ങൾക്കും ഭീഷണിയായിട്ടും 20-കൊല്ലമായി കേരളം ഭരിച്ച ഒരു സർക്കാരും നടപടിയെടുത്തില്ലെന്ന് സാമൂഹികപ്രവർത്തക ദയാബായി. ജില്ലാ പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സഹകരണത്തോടെ കോട്ടയത്ത് നടക്കുന്ന 'സ്ത്രീപക്ഷ നവകേരളം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കാസർകോട് എൻഡോസൾഫാൻ ബാധിത മേഖലകളിലെ യാത്രകൾ ഹൃദയം തകർക്കുന്ന വേദനയാണ് നൽകിയത്. അത്തരം മനുഷ്യർക്കുവേണ്ടി കാസർകോട് ഒരിടം നിർമിക്കുകയെന്നതാണ് സ്വപ്നം.
ഈ കൊടും വിഷത്തിന് ഇരകളായ കുട്ടികൾ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്ക് പുറമേ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ എന്നിവർക്കായി ഒരിടം കണ്ടെത്തി കുടുംബമായി ഒന്നിച്ചുകഴിയാനുള്ള അവസരമുണ്ടാക്കണം. ചികിത്സാസംവിധാനവും തൊഴിലിനുള്ള അവസരവും ഒരുക്കണമെന്നും ആഗ്രഹമാണ്. ഇതിനായി സ്പോൺസർമാരെ തേടുകയാണെന്നും അവർ പറഞ്ഞു. സ്വയം എഴുതിത്തയ്യാറാക്കിയ 'കാസർകോടിൻ്റെ അമ്മ' എന്ന ലഘുനാടകവും അവർ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ അധ്യക്ഷതവഹിച്ചു. ജില്ലാ കളക്‌ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ എന്നിവർ പങ്കെടുത്തു. മണിമല പരാശക്തി നാട്യസംഘം ആദിവാസിനൃത്തം അവതരിപ്പിച്ചു. ഗാർഹിക പീഡന അതിജീവിതരുടെ അനുഭവം പങ്കുവയ്ക്കലും പരിപാടിയോടനുബന്ധിച്ചു നടന്നു. സെമിനാറിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എസ്. ലൈജു മോഡറേറ്ററായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group