
തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ് മുട്ടത്തു വർക്കിയുടെ 'പാടാത്ത പൈങ്കിളി' എന്ന നോവലിന് 1968-ൽ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ആൻഡ് ജേണലിസ്റ്റ് ഫെലോഷിപ്പായി ലഭിച്ച സ്വർണപ്പതക്കം ചൊവ്വാഴ്ച മുതൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയ്ക്ക് സ്വന്തമാകും. ചൊവ്വാഴ്‌ച രാവിലെ പത്തിന് മലയാളസർവകലാശാലയിൽവെച്ച് സ്വർണപ്പതക്കം കൈമാറും.
സ്വർണപ്പതക്കത്തിന് 9.270 ഗ്രാം തൂക്കമുണ്ട്. ഒരുലക്ഷത്തോളം രൂപ വിലവരും. സമർപ്പണച്ചടങ്ങ് എഴുത്തുകാരൻ വി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യും. ജനപ്രിയസാഹിത്യത്തെക്കുറിച്ചുള്ള ചർച്ചാസമ്മേളനമായിട്ടാണ് പരിപാടി നടത്തുന്നത്. കെ.പി. രാമനുണ്ണി സ്വർണപ്പതക്ക സമർപ്പണസന്ദേശം നൽകും. വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് അധ്യക്ഷതവഹിക്കും. അന്ന മുട്ടത്തു വർക്കി ന്യൂയോർക്കിൽനിന്ന് ഓൺലൈൻ വഴി സന്ദേശം നൽകും, 'ജനപ്രിയസാഹിത്യത്തിലെ മാനങ്ങൾ' എന്ന വിഷയത്തിൽ പ്രൊഫ. എ.ജി ഒലീന, ഡോ. കെ.എം. അനിൽ, ഡോ. ആൻസി ഭായ് എന്നിവർ (പ്രഭാഷണം നടത്തും. അന്ന മുട്ടത്തു വർക്കി എഴുതിയ ഓർമക്കുറിപ്പ് സമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്യും.
പരേതനായ മുട്ടത്തു വർക്കി തൻ്റെ മരുമകളായ അന്നയ്ക്ക് സ്നേഹവാത്സല്യത്താൽ നൽകിയതായിരുന്നു സ്വർണപ്പതക്കം. രോഗാവസ്ഥയിലായ അന്ന, താൻ മകളെപ്പോലെ സ്നേഹിക്കുന്ന എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവിയെ അത് ഏൽപ്പിക്കുകയും അമേരിക്കയിലെ സൗത്ത് ഏഷ്യൻ ലാംഗ്വേജ് പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിക്കു നൽകാൻ താത്‌പര്യമുണ്ടെന്ന് പറയുകയും ചെയ്തു. എന്നാൽ രതീദേവി അത് മലയാളസർവകലാശാലയ്ക്ക് സമർപ്പിക്കുന്നത് കൂടുതൽ ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെടുകയും അന്ന മുട്ടത്ത് അത് സമ്മതിക്കുകയുമായിരുന്നു. അഡ്വ. രതീദേവി ഷിക്കാഗോയിൽനിന്ന് ന്യൂയോർക്കിൽ താമസിക്കുന്ന അന്ന മുട്ടത്തിൻ്റെ വീട്ടിൽപ്പോയാണ് പതക്കം ഏറ്റുവാങ്ങിയത്. അവരാണിത് മലയാളസർവകലാശാലയ്ക്കു കൈമാറുന്നത്.
മുട്ടത്തു വർക്കി ഗ്ലോബൽ വിദ്യാർഥി പുരസ്‌കാരം ടി.എസ്, സ്നേഹയ്ക്ക്
തിരൂർ: മുട്ടത്തു വർക്കിയുടെ പേരിൽ മലയാളസർവകലാശാലയിലെ സാഹിത്യ രചനാ വിഭാഗത്തിലെ മികച്ച സർഗാത്മക കൃതിക്ക് നൽകുന്ന പുരസ്കാരം ടി.എസ്. സ്നേഹയ്ക്ക്. ആഴം എന്ന ചെറുകഥാസമാഹാരമാണ് പുരസ്ക്‌കാരത്തിന് അർഹമായത്.
5000 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ചൊവ്വാഴ്ച മലയാളസർവകലാശാലയിൽ നടക്കുന്ന സ്വർണപ്പതക്ക സമർപ്പണച്ചടങ്ങിൽ എഴുത്തുകാരൻ വി.ജെ. ജെയിംസ് സമ്മാനിക്കുമെന്ന് മുട്ടത്തു വർക്കി ഗ്ലോബൽ ഫൗണ്ടേഷൻ ചെയർപേഴ്‌സണും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവി അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group