
റാന്നി: സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട മികച്ച കർഷകനുള്ള പ്രഥമ പുരസ്‌കാരം വെച്ചൂച്ചിറ സ്വദേശി വർഗീസ് തോമസിന് (മനു തോമസ്). ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ച് ഒന്നരപ്പതിറ്റാണ്ടോളമായി കൃഷി രംഗത്ത് സജീവമായി തുടരുന്നയാളാണ് 44-കാരനായ മനു. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സംസ്ഥാന അവാർഡിൽ ഇത്തവണ മുതലാണ് ഭിന്നശേഷി പുരസ്‌കാരം ഏർപ്പെടുത്തിയത്. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് മനുവിൻ്റെ രണ്ട് കാലുകളും തളർന്നിരുന്നു. ആദ്യം ബിസിനസ് രംഗത്തേക്ക് കടന്നെങ്കിലും പിന്നീട് മികച്ച കർഷകരായ മാതാപിതാക്കളായ എ.വി.തോമസ്, അന്നമ്മ തോമസ് എന്നിവർക്കൊപ്പം കൃഷിയിലേക്ക് തിരിഞ്ഞു. വെച്ചുച്ചിറ കൃഷിഭവൻ പരിധിയിൽ വീടിനോട് ചേർന്ന നാല് ഏക്കർ ഉൾപ്പെടെ മൊത്തം അഞ്ചര ഏക്കർ സ്ഥലത്താണ് മനു സമ്മിശ്രകൃഷി ചെയ്തുവരുന്നത്. 700 മുട് വാഴ, നെല്ലി, പ്ലാവ്, മാവ്, ശീമപ്ലാവ്, പപ്പായ, കൈതച്ചക്ക, സപ്പോട്ട, മുള്ളാത്ത, സീതപ്പഴം, അവകാഡോ, ഡ്രാഗൺ, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, അബിയു, ദുരിയാൻ എന്നിവയൊക്കെ മനുവിൻ്റെ കൃഷിയിടത്തിൽ വിളയുന്നുണ്ട്. സുഗന്ധവിളകളായ ഏലം, വാനില, ഇഞ്ചി, ജാതി, കുരുമുളക്, മഞ്ഞൾ, കുടംപുളി തുടങ്ങിയവയും കൃഷിയുണ്ട്.. പച്ചക്കറികളായ ചീര, വെണ്ട, വഴുതന, മുളക്, കാബേജ്, കോളിഫ്ലവർ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കപ്പ എന്നിവയൊക്കെ കൃഷി ചെയ്‌തുവരുന്നു. വാണിജ്യാടിസ്ഥാനത്തിൽ കശുമാവ് (85 എണ്ണം), റബ്ബർ (250), കാപ്പി (400), തെങ്ങ്(110), കമുക് (350), കൊക്കോ(110) എന്നിവയും കാലിത്തീറ്റ വിളയായ സങ്കര നേപ്പിയർ, പച്ചില വളച്ചെടികളായ ഡെയിഞ്ച, ശീമക്കൊന്ന, കൊഴിഞ്ഞില് മുറുക്ക് മുതലായവയും 200 തേക്ക്, 40 ആഞ്ഞിലി, 30 മഹാഗണി എന്നിവയൊക്കെ മനുവിൻ്റെ കൃഷിയിടത്തിൽ കാണാം. മികച്ച കർഷകനുള്ള പഞ്ചായത്ത്, ജില്ലാ അവാർഡുകൾ മുൻ വർഷങ്ങളിൽ മനുവിന് ലഭിച്ചിട്ടുണ്ട്. മുച്ചക്രസ്ക്കൂട്ടർ, ഭിന്നശേഷിക്കാർക്ക് ഓടിക്കാവുന്ന ഓട്ടോറിക്ഷ എന്നിവയിലാണ് കൃഷി സ്ഥലങ്ങളിലെത്തുന്നത്. ഭാര്യ മിനിതോമസ്, മക്കളായ ഏബൽ, അനു, നിയ എന്നിവരുടെ മികച്ച പിന്തുണയാണ് മനുവിന് ലഭിക്കുന്ന വലിയ പ്രോത്സാഹനം. വെച്ചുച്ചിറ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള കഴിഞ്ഞ വർഷത്തെ അവാർഡ് മനുവിന്റെ മകൻ ഏബലിനായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group