
മൂലമറ്റം: കുമ്പങ്കാനം വ്യൂപോയിൻ്റിൽ കൊക്കയിൽവീഴുന്നവർക്ക് തുണയാകുന്നത് അഗ്നിരക്ഷാസേനയുടെ ജീവൻമരണപ്രയത്നമാണ്. ഈ വർഷം മൂന്നാം പ്രാവശ്യമാണ് സേനാംഗങ്ങൾ കൊക്കയിലിറങ്ങുന്നത്. മൂന്നിൽ രണ്ടുപേരെയും ജീവനോടെ പുറത്തെത്തിച്ചു.
മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് പ്രാവശ്യം കൊക്കയിൽ ഇറങ്ങേണ്ടിവന്നു. അടിക്കടി ഇങ്ങനെയുള്ള ദാരുണസംഭവങ്ങൾ ഇവിടെ ആവർത്തിക്കുമ്പോൾ അഗ്നിരക്ഷാ സേനയും ശാരീരികവും മാനസികവുമായി കുഴപ്പത്തിലാകുകയാണ്. അപകടത്തിൽപ്പെടാതിരിക്കാൻ കർശനജാഗ്രതയും വ്യൂപോയിന്റിൽ സുരക്ഷാ ക്രമീകരണവുമൊരുക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
തൊടുപുഴ വെങ്ങല്ലൂർ നമ്പ്യാർമഠത്തിൽ വിഷ്‌ണു എസ്.നായർ (34) ഞായറാഴ്ചരാത്രി പത്തരയോടെയാണ് കൊക്കയിൽവീണത്. സുഹൃത്തുക്കൾക്കൊപ്പം വാഗമണ്ണിലേക്ക് പോകവേ കാഴ്ചകാണാനിറങ്ങിയപ്പോഴായിരുന്നു അപകടം, കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവർത്തനത്തിൻ്റെ ക്ഷിണം വിട്ടുമാറുംമുമ്പെത്തിയ അപകടവാർത്ത ശരിക്കും രക്ഷാപ്രവർത്തകരെ ഞെട്ടിച്ചു.
അത്രയേറെ ശാരീരിക മാനസിക ക്ലേശമാണ് കൊക്കയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ നേരിടുന്നത്. ഈ ശാരീരിക പ്രയാസങ്ങളെയെല്ലാം അവഗണിച്ചാണ് ഇവർ ഞായറാഴ്ച്‌ച വീണ്ടും രക്ഷാദൗത്യം ഏറ്റെടുത്തത്. ആളെ ജീവനോടെ കണ്ടെത്തുമ്പോൾ ലഭിക്കുന്ന സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാനാവില്ലെന്ന് സേനാംഗങ്ങൾ പറയുന്നു.
ഹീറോസ്
എല്ലാ സേനാംഗങ്ങളും കീഴുക്കാംതൂക്കായ കൊക്കയിലിറങ്ങാറില്ല. മൂലമറ്റത്തെ ഷിന്റോ ജോസും ജിബി പി. വരമ്പനാട്ടും തൊടുപുഴയിലെ കെ.എ. ജാഫർ ഖാനും ടി.കെ. വിവേകുമാണ് സാധാരണ ഈ സാഹസിക പ്രവൃത്തി ചെയ്യുന്നത്. ഞായറാഴ്ച കൊക്കയിലിറങ്ങാൻ ആപത് മിത്രാംഗമായ ജയ്‌മോൻ ജോസും തയ്യാറായി.
10.36-നാണ് മൂലമറ്റം അഗ്നിരക്ഷാസേനയ്ക്ക് കോൾ എത്തിയത്. മൂലമറ്റത്തുനിന്ന് മൂന്ന് വാഹനങ്ങളിലായി സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി. ഉടൻ സേനാംഗം ഷിൻ്റോ ജോസും സമീപവാസിയും സിവിൽ ഡിഫൻസ് അംഗവുമായ ജെയ്മോൻ ജോസും സുരക്ഷാ ബെൽറ്റ് ധരിച്ച് വടത്തിലൂടെ താഴേക്കിറങ്ങി.
തുടർന്നുള്ള തിരച്ചിലിൽ തലകീഴായി പരിക്കേറ്റ് ചോരവാർന്ന് കിടക്കുന്ന വിഷ്ണുവിനെ കണ്ടെത്തി. ഒരു മരവാഴയിൽ തങ്ങിനിൽക്കുകയായിരുന്ന വിഷ്ണുവിന് പ്രാഥമിക ശുശ്രൂഷനൽകി. ചോരവാർന്നുപോകാതിരിക്കാൻ തലയിൽ തുണിയും ചുറ്റി.
അതിനിടെ കൂടുതൽ സഹായത്തിന് തൊടുപുഴ അഗ്‌നിരക്ഷാസേനാ യൂണിറ്റിൽ നിന്നുള്ള കെ.എ. ജാഫർ ഖാനും മൂലമറ്റം യൂണിറ്റിലെ ഓഫീസർ ജിബി പി. വരമ്പനാട്ടും സേഫ്റ്റി ഹാർനസ് ധരിച്ച് വാക്കിടോക്കിയും സെർച്ച് ലൈറ്റുകളുമായി വടത്തിലൂടെ കൊക്കയിൽ മറ്റ് സേനാംഗങ്ങളുടെ അടുത്തെത്തി. തുടർന്ന് എല്ലാവരും ചേർന്ന് വിഷ്‌ണുവിനെ റെസ്ക്യൂ നെറ്റിൽ കയറ്റി.
ശരീരം ഉലയാതിരിക്കാൻ സ്പൈൻ ബോർഡിൽ സുരക്ഷിതമായി ബന്ധിച്ചു. തുടർന്നാണ് അതിജാഗ്രതയോടെ വിഷ്‌ണുവിനെ റോഡിൽ എത്തിച്ചത്. രാത്രി പതിനൊന്നിനാരംഭിച്ച രക്ഷാപ്രവർത്തനം പൂർത്തിയായത് പുലർച്ചെ ഒന്നരയോടെയാണ്.
സേനയെ സഹായിക്കാൻ കാഞ്ഞാർ പോലീസ്, കെഎസ്ഇബി ജീവനക്കാർ സിവിൽ ഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവരുമുണ്ടായിരുന്നു.
ജീവൻ കൈയിൽപ്പിടിച്ച്...
ജീവൻരക്ഷാ ഉപകരണങ്ങളുമായി ജീവൻ കൈയ്യിൽപ്പിടിച്ചാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ കൊക്കയിലേക്ക് ഇറങ്ങുന്നത്. അസ്‌കാ ലൈറ്റിന്റെ വെളിച്ചമാണ് രക്ഷാപ്രവർത്തനത്തിൻ്റെ ജീവൻ. പെട്രോളൊഴിച്ചുള്ള ഈ സംവിധാനം മൂന്നെണ്ണമാണ് മൂലമറ്റത്തുള്ളത്, കമാൻഡോ ലൈറ്റും ഹെഡ് ലൈറ്റും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുക. മൗണ്ടനിയറിങ് റോപ്പാണ് സേനയുടെ പ്രധാന രക്ഷാബന്ധൻ. 150 മീറ്റർ നീളമുള്ള സാധാരണ ഭാരം കുറഞ്ഞ റോപ്പ് രണ്ടെണ്ണം കൂട്ടിക്കെട്ടിയാണ് കൊക്കയിലിറങ്ങുന്നത്. ചെറിയ വടങ്ങൾ വേറെയുമുണ്ട്. ബോഡി ഹാർനെസ് ഘടിപ്പിച്ച് വയർലെസ് സംവിധാനവുമുണ്ടാകും. സ്പൈൻ ബോർഡും നെറ്റുമൊക്കെയായാണ് ജീവന്റെ തുടിപ്പ് തേടി കൊക്കയുടെ അഗാധതയിലേക്ക് ഇറങ്ങുക.
മൂലമറ്റം സ്റ്റേഷൻ ഓഫീസർ ടി.കെ.അബ്‌ദുൾ അസീസ്, അസി. ഓഫീസർ ബിജു സുരേഷ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരായ ബിബിൻ എ തങ്കപ്പൻ, സുനിൽ എം. കേശവൻ, എം.പി.സിജു, റോയി മാത്യു സി.ആർ.ശ്രീകാന്ത്, കെ. സന്ദീപ്, എസ്.ആർ. അരവിന്ദ്, എം.ടി. സതീഷ് കുമാർ, തൊടുപുഴ യൂണിറ്റിൽനിന്ന് ബിജു പി. തോമസ്, ജെയിസ് സാം ജോസ്, എൻ.എസ്. അജയ്കുമാർ എസ്. ശരത്, ഷിബിൻ ഗോപി, എസ്.സന്ദീപ്, മാത്യു ജോസഫ്, സിവിൽ ഡിഫൻസ് അംഗങ്ങളായ അമൽ മാത്യൂ, ജെയ്‌സൺ ജോൺ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group