പാർവതകളോട് പ്രണയം മലയാളി പെൺകരുത്ത്

പാർവതകളോട് പ്രണയം മലയാളി പെൺകരുത്ത്
പാർവതകളോട് പ്രണയം മലയാളി പെൺകരുത്ത്
Share  
2025 Jul 27, 10:46 AM
mannan

സുൽത്താൻബത്തേരി : "ഞാനൊരിക്കലും മരിക്കാൻ തയ്യാറായിരുന്നില്ല. ഹിമാലയത്തിന്റെ കൊടുമുടിയിലേക്കുള്ള ദുർഘടപാതയിൽ അനേകം മൃതശരീരങ്ങൾ തണുത്തുറഞ്ഞ് കിടക്കുന്നുണ്ടായിരുന്നു; ഞാനും ഈ കൂട്ടത്തിലൊന്നായി മാറരുതെന്നായിരുന്നു ഉള്ളിലപ്പോൾ. നമ്മുടെ ജീവനെക്കാൾ വലുതല്ല ഒരു പർവതവും. സാഹസപ്രിയരുടെ സ്വപ്‌നമായ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ഹിമാലയം കീഴടക്കിയ സമയത്ത്, എന്നെ കാത്തിരിക്കുന്ന കുടുംബത്തിനരികിലേക്ക് ജീവനോടെ തിരിച്ചുവരണമെന്നു മാത്രമായിരുന്നു" - ഹിമാലയം കീഴടക്കിയ രണ്ടാമത്തെ മലയാളിവനിതയായ ശ്രീഷാ രവീന്ദ്രൻ വയനാട്ടിലെ ഗ്ലോക്കേഴ്‌സ് സംഘടിപ്പിച്ച കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് തൻ്റെ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. വയനാട്ടിൽ ടൂറിസം സാധ്യതകൾ ഏറെയുണ്ടെന്നും അതുപയോഗിക്കണമെന്നും ശ്രീഷ പറഞ്ഞു.


പാലക്കാട് ഷൊർണൂർ സ്വദേശിനിയായ ശ്രീഷ, ഈ സീസണിലെ ഏറ്റവും മോശം കാലാവസ്ഥയ്ക്കിടയിലാണ് ഹിമാലയം കീഴടക്കിയത്. മണിക്കൂറിൽ 75-80 കിലോമീറ്റർവരെ വേഗത്തിൽ വിശുന്ന ഹിമക്കാറ്റ് നേരിട്ട് മണിക്കൂറുകൾ ദൈർഘ്യമുള്ള യാത്ര. മുന്നോട്ടുള്ള ഓരോ കാലടിയിലും മരണം പതിയിരിപ്പുണ്ടായിരുന്നു. എവറസ്റ്റിന് മുകളിൽവെച്ച് കൈയുറ മാറ്റാൻ ശ്രമിക്കുന്നതിനിടെ ഹിമക്കാറ്റടിച്ച് വലതു കൈപ്പത്തിയിൽ ഫ്രോസ്റ്റ് ബൈറ്റേറ്റു (തണുപ്പുമൂലമുള്ള മുറിവ്), മഞ്ഞുകണങ്ങൾതട്ടി കാഴ്‌ച മങ്ങി. തിരിച്ചുവരാനാകുമോയെന്ന് സംശയിച്ച നിമിഷങ്ങളായിരുന്നു അത്.. എത്രയുംപെട്ടെന്ന് സമ്മിറ്റുചെയ്‌ത് തിരിച്ചുവരുകയായിരുന്നു. കൊടുമുടിയിൽ കയറിയതിന്റെ തെളിവിനായി ചിത്രങ്ങളെടുക്കാനായി അഞ്ചുമിനിറ്റുമാത്രമേ അവിടെ സമയം ചെലവഴിക്കാനായുള്ളു. ഒരു കൈകൊണ്ട് റോപ്പിൽ പിടിച്ച് മലയിറങ്ങുകയെന്നത് വലിയ ദുർഘടമായിരുന്നു.


15-ാം വയസ്സിൽ അച്ഛൻ രവീന്ദ്രൻ്റെ കൈപിടിച്ച് കുന്നും മലയും കയറിത്തുടങ്ങിയതാണ് ശ്രീഷ. ഉയരങ്ങളോടുള്ള അഭിനിവേശംകൂടിയതോടെ ട്രക്കിങ്ങിൽനിന്ന് പർവതാരോഹണത്തിലേക്ക് വഴിതിരിയുകയായിരുന്നു.


ഹിമാലയം ഉൾപ്പെടെ ഇതിനോടകം ഇന്ത്യയിലും നേപ്പാളിലുമായി പതിനഞ്ചിലേറെ പർവതങ്ങളുടെ ഉയരങ്ങൾ താണ്ടിയിട്ടുണ്ട്. 2022 മുതൽ രണ്ടുവർഷത്തോളം ഹിമാലയയാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.


ദിവസവും നാലുമണിക്കൂർവരെ പരിശീലനത്തിനായി മാറ്റിവെച്ചു. കഴിഞ്ഞ ഏപ്രിലിലാണ് എവറസ്റ്റ് കൊടുമുടി ലക്ഷ്യമാക്കി യാത്രയാരംഭിച്ചത്. 5300 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാമ്പിലേക്കാണ് ആദ്യം പുറപ്പെട്ടത്. 6900 മീറ്റർ ഉയരമുള്ള ലോബുചെ പർവതം കീഴടക്കാനുള്ള ആദ്യ ലക്ഷ്യം ഏപ്രിൽ 25-ന് പൂർത്തിയാക്കി.


തിരിച്ച് ബേസ് ക്യാമ്പിലെത്തിയശേഷം മേയ് 15-നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. മേയ് 20-ന് രാവിലെ 10.30-ന് എവറസ്റ്റ് കൊടുമുടിയുടെ നെറുകിലെത്തി.


പർവതാരോഹകർക്ക് പിന്തുണനൽകണം


പർവതാരോഹകർക്ക് പിന്തുണയും പ്രോത്സാഹനവും അത്യാവശ്യമാണെന്നും ഇക്കാര്യത്തിൽ കേരളം ഏറെ പിന്നിലാണെന്നുമാണ് ശ്രീഷ പറയുന്നത്. നമ്മുടെ തൊട്ടടുത്തുള്ള തമിഴ്‌നാട് സർക്കാർ പോലും വലിയപ്രോത്സാഹനം നൽകുന്നുണ്ട്. എവറസ്റ്റ് കീഴടക്കിയശേഷം സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്ന് അഭിനന്ദനമൊന്നും ലഭിച്ചില്ലെന്നതിൽ നിരാശയില്ലെന്നും ജനങ്ങളുടെ അംഗീകാരമാണ് അതിലും വലുതെന്നാണ് ശ്രീഷ പറയുന്നത്.


ഏറ്റവുംസാഹസികത നിറഞ്ഞ സ്പോർട്‌സാണ് പർവതാരോഹണം, പക്ഷേ, ഇതിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് ശ്രീഷയുടെ അനുഭവം. എവറസ്റ്റ് യാത്രയ്ക്ക് 25 ലക്ഷംമുതൽ ഒരുകോടി രൂപവരെ ചെലവുണ്ട്. യാത്രയ്ക്ക് സ്പോൺസർഷിപ്പ് തേടി ശ്രീഷ, മന്ത്രിമാരടക്കമുള്ള സർക്കാർസംവിധാനങ്ങളെ പലതവണ സമീപിച്ചിരുന്നു. സ്പോൺസർഷിപ്പിനായി ചുരുങ്ങിയത് 150 കമ്പനികൾക്കെങ്കിലും ഇ-മെയിൽ അയച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.


ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടൻറായ ശ്രീഷ നർത്തകികൂടിയാണ്. ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദവിദ്യാർഥിയുമാണ്. സോഫ്റ്റ് വെയർ എൻജിനിയറായ ഭർത്താവ് ജയറാം നായരും 11 വയസ്സുള്ള മകൻ നിരഞ്ജനും ശ്രീഷയുടെ യാത്രകൾക്ക് വലിയപ്രോത്സാഹനമാണ് നൽകുന്നത്. പർവതങ്ങൾ കീഴടക്കുമ്പോൾ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസംകൂടുമെന്നാണ് ശ്രീഷയുടെ അനുഭവസാക്ഷ്യം.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan