‘കൈക്കരുത്തല്ല, ഇത് മനക്കരുത്ത്...’ സുധീഷിനുണ്ടൊരു കബഡിക്കൂട്ടം

‘കൈക്കരുത്തല്ല, ഇത് മനക്കരുത്ത്...’ സുധീഷിനുണ്ടൊരു കബഡിക്കൂട്ടം
‘കൈക്കരുത്തല്ല, ഇത് മനക്കരുത്ത്...’ സുധീഷിനുണ്ടൊരു കബഡിക്കൂട്ടം
Share  
2025 Jul 21, 06:19 AM
mannan

പാലക്കാട്: "കബഡി.. കബഡി കബഡി.." മൈതാനത്തെ കളിക്കുശേഷം വീട്ടിലെത്തിയാലുള്ള സുധീഷിൻ്റെ മന്ത്രംകേട്ട് എല്ലാവരും ചിരിക്കും. കളിയോടുള്ള ആവേശം സുധീഷിനെ ഒരുകാലത്ത് വലിയ ഉയരങ്ങളിലെത്തിച്ചെങ്കിലും കളിക്കിടെവീണ് കൈയൊടിഞ്ഞതോടെ സ്വപ്നങ്ങൾ ബാക്കിയായി. വീഴ്ച‌യിൽ തളരാതെ മനക്കരുത്തുകൊണ്ട് സുധീഷ് മുപ്പതാംവയസ്സിൽ വാർത്തെടുത്തത് ഒരുകൂട്ടം കബഡികളിക്കാരെയാണ്. ഒപ്പം കബഡിപരിശീലകനായി ഒരു തിരിച്ചുവരവും, ഇന്ന് 40 പെൺകുട്ടികളെയാണ് സുധീഷ് സൗജന്യമായി കബഡി പരിശീലിപ്പിക്കുന്നത്.


കഞ്ചിക്കോട് സ്വകാര്യകമ്പനിയിൽ ഇലക്ട്രീഷ്യനും ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ കബഡി പരിശീലകനുമായ എലിപ്പാറ സ്വദേശി എസ്. സുധീഷാണ് തനിക്ക് നഷ്‌ടമായ അവസരങ്ങൾ മറ്റുള്ളവർക്ക് യാഥാർഥ്യമാക്കാൻ പോരാടുന്നത്.


12 വർഷംമുൻപ് മലമ്പുഴ ഐടിഐയിൽ പഠിക്കുമ്പോഴായിരുന്നു കളിക്കിടെവീണ് കൈയ്ക്ക് ഗുരുതര പരിക്കേറ്റത്. കബഡിയിൽ തിളങ്ങിനിൽക്കുന്ന കാലത്തായിരുന്നു ഇത്. ശസ്ത്രക്രിയയ്ക്ക് വിധേയനായി. അസ്ഥികളൊടിഞ്ഞസ്ഥലത്ത് പ്ലേറ്റുകൾ ഘടിപ്പിക്കയായിരുന്നു. ഇതോടെ കബഡിമോഹം പൊലിഞ്ഞു.


പിന്നീട് അച്ഛൻ സുദേവൻ്റെ വേർപാടും അമ്മയെയും സഹോദരിയെയും നോക്കാനുള്ള ഉത്തരവാദിത്വവുംപേറി സുധീഷ് ഇരുപതാം വയസ്സിൽ കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിച്ചു. അപ്പോഴും കബഡിമോഹം മനസ്സിൽ കൊണ്ടുനടന്നിരുന്നു. കബഡിയിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്കായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമത്തിലായിരുന്നു സുധീഷ്, അപ്പോഴാണ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൾ കുട്ടികളെ പരിശീലിപ്പിക്കാൻ അവസരമൊത്തുവന്നത്.


ജോലികഴിഞ്ഞ് വൈകീട്ട് നാലിനാണ് സ്‌കൂളിലെത്തി പരിശീലനം. അവധിദിവസങ്ങളിൽ രാവിലെതന്നെ തുടങ്ങും. നാലുവർഷമായി സ്കൂൾ മൈതാനത്ത് കബഡി പരിശീലിപ്പിക്കുന്നുണ്ട്. 'ഡിഫൻഡേഴ്‌സ് എന്ന പേരിലാണ് കബഡിക്കൂട്ടം അറിയപ്പെടുന്നത്. പണമില്ലാത്തതിൻ്റെ പേരിൽ കുട്ടികൾക്ക് അവസരം നഷ്‌ടപ്പെടരുതെന്ന സുധീഷിന്റെ മോഹമാണ് 'ഡിഫൻഡേഴ്സി'ന്റെ ബലം.


സബ്ജനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ പലവിഭാഗങ്ങളിലും പരിശീലനമുണ്ട്. കുട്ടികൾക്കുള്ള ജേഴ്‌സിയും ഷുവുമെല്ലാം സുധീഷ്‌തന്നെ പണമെടുത്താണ് വാങ്ങിനൽകുന്നത്. അമേച്വർ കബഡി ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന എല്ലാ മത്സരത്തിലും ഡിഫൻഡേഴ്‌സ് പങ്കെടുക്കും. കേരളത്തിനുപുറത്ത് നടക്കുന്ന ടൂർണമെൻ്റുകളിൽ പങ്കെടുക്കാനുള്ള ചെലവ് സുധീഷിന്റെ സുഹൃത്തുക്കളുടെ സംഭാവനയാണ്. ഇതുവരെ 'ഡിഫൻഡേഴ്സി'ലെ അഞ്ചുവിദ്യാർഥികൾ ദേശീയതലത്തിൽ കളിച്ചിട്ടുണ്ട്. റാണിയാണ് സുധീഷിൻ്റെ അമ്മ. ഭാര്യ; ദിവ്യ


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan