ഇൻസ്‌പെക്ടർ ‘തുള്ളുക’യാണ്, ലഹരിക്കെതിരേ

ഇൻസ്‌പെക്ടർ ‘തുള്ളുക’യാണ്, ലഹരിക്കെതിരേ
ഇൻസ്‌പെക്ടർ ‘തുള്ളുക’യാണ്, ലഹരിക്കെതിരേ
Share  
2025 Jun 30, 09:02 AM
MANNAN

കൊച്ചി: ലഹരിക്കെതിരായ ബോധവത്‌കരണ ക്ലാസെടുക്കാൻ എക്സൈസ് ഇൻസ്പെക്‌ടർ വരുന്നു. നോട്ടീസ് കാണുമ്പോൾ ഒരു സാധാരണ പരിപാടി എന്നു കരുതി ബോറടിയുടെ സാധ്യതകൾ മാത്രം ചിന്തിക്കുന്ന കുട്ടികൾക്കു മുന്നിൽ പക്ഷേ, പ്രഭാഷകനെത്തുന്നത് അപ്രതീക്ഷിതമായ ഒരു വേഷത്തിലാണ്. തുളളൽവേഷത്തിൽ ലഹരിക്കെതിരായ ഓട്ടൻതുള്ളൽ നടത്താനെത്തുന്ന പ്രഭാഷകന്റെ പേര് വി. ജയരാജ്. ജോലി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ, മട്ടാഞ്ചേരി റെയ്ഞ്ച്.


സമൂഹത്തെ കാർന്നുതിന്നുന്ന വിപത്തായി മാറിയ ലഹരിക്കെതിരേ നാട്ടിൽ ഒട്ടേറെ ബോധവത്‌കരണ പരിപാടികൾ നടക്കുമ്പോൾ അതിൽ വ്യത്യസ്ത‌മായൊരു പങ്കുവഹിച്ച് ശ്രദ്ധേയനാകുകയാണ് ഈ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ. സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ ബോധവത്കരണ ക്ലാസുകളിൽ തുള്ളൽ വേഷത്തിലാണ് ജയരാജ് പ്രഭാഷണത്തിന് എത്താറുള്ളത്. 20 മിനിറ്റ് ഓട്ടൻതുള്ളൽ അവതരിപ്പിച്ച ശേഷമാകും ബാക്കി 40 മിനിറ്റ് ജയരാജ് ലഹരിക്കെതിരായ പ്രഭാഷണം നടത്തുന്നത്. ഇതെല്ലാം തുള്ളൽവേഷം ധരിച്ചുതന്നെയാണ് ചെയ്യുന്നത്.


ചേർത്തല കഞ്ഞിക്കുഴി സ്വദേശിയായ ജയരാജ് സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് കലയുടെ ഏഴയലത്തുപോലും പോകാത്ത ഒരാളായിരുന്നു. 2003-ൽ സിവിൽ എക്സൈസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച ജയരാജ് 2018 -ലാണ് ഓട്ടൻതുള്ളലിലൂടെ ലഹരിക്കെതിരായ ബോധവത്കരണം എന്ന ആശയത്തിലെത്തുന്നത്.


സഹപ്രവർത്തകനായിരുന്ന രമേഷാണ് യാദൃച്ഛികമായി ഒരു ദിവസം ജയരാജിനോട് ഓട്ടൻതുള്ളലിനെപ്പറ്റി പറയുന്നത്. "ആദ്യം കേട്ടപ്പോൾ തമാശയായിട്ടാണ് എനിക്കു തോന്നിയത്. പക്ഷേ, ചെയ്യാമെന്ന് പറയാനാണ് എനിക്കപ്പോൾ തോന്നിയത്. പിറ്റേ ദിവസം ഡെപ്യൂട്ടി കമ്മിഷണർ നെൽസൺ വിളിച്ച് ഇതുമായി മുന്നോട്ടുപോകാൻ പറഞ്ഞപ്പോഴാണ് കാര്യങ്ങൾ ഗൗരവത്തിലാണെന്ന് എനിക്ക് മനസ്സിലായത് - ജയരാജ് പറയുന്നു.


'ദുഷ്ട‌ലഹരികൾ മാടിവിളിക്കുമ്പോൾ' എന്നു തുടങ്ങുന്ന തുള്ളൽവരികൾ ജയരാജ് തന്നെയാണ് എഴുതിയത്. മരുത്തൂർവട്ടം കണ്ണൻ എന്ന ഓട്ടൻതുള്ളൽ കലാകാരനെ ഈ വരികൾ കാണിച്ചപ്പോൾ അദ്ദേഹമാണ് വയലാർ സന്തോഷ് എന്ന ഓട്ടൻതുളളൽ കലാകാരനെ പരിചയപ്പെടുത്തിയത്. സന്തോഷിൻ്റെ കീഴിൽ രണ്ടാഴ്ച‌കൊണ്ടാണ് ജയരാജ് ഓട്ടൻതുള്ളൽ പഠിച്ചെടുത്തത്. എല്ലാദിവസവും ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്തായിരുന്നു തുള്ളൽ പഠനം,


എറണാകുളം ജില്ലാ വിമുക്തി മിഷൻ പദ്ധതിയുടെ ഭാഗമായി ജയരാജ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ കണ്ട് ഇഷ്‌ടപ്പെട്ട അന്നത്തെ എക്സസൈസ് കമ്മിഷണർ ഋഷിരാജ് സിങ് സംസ്ഥാനം മുഴുവൻ തുള്ളൽ അവതരിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.


ഇപ്പോൾ സ്കൂ‌ളുകളും കോളേജുകളും റെസിഡെൻസ് അസോസിയേഷനുകളുമൊക്കെയായി 589 വേദികളിൽ ജയരാജ് സൗജന്യമായി ഓട്ടൻതുള്ളലിലൂടെ ലഹരിക്കെതിരായ ബോധവത്‌കരണം നടത്തി.


സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്തും ജ്യോതിഷുമാണ് ഓട്ടൻതുള്ളൽ പ്രഭാഷണത്തിന് ജയരാജിൻ്റെ സഹായികളായി കൂടെയുളളത്. ചില വേദികളിൽ സഹായിയായി ഫാർമസിസ്റ്റായ ഭാര്യ വിദ്യയുമെത്താറുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2