
വാഷിങ്ടൺ: ബഹിരാകാശത്തുനിന്ന് ഭൂമിയെ നോക്കിക്കാണാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അന്താരാഷ്ട്രബഹിരാകാശനിലയത്തിലെത്തിയശേഷം(ഐഎസ്എസ്) ശുഭാംശു ശുക്ല.
"ഞാൻ സുരക്ഷിതനായി എത്തി. ബഹിരാകാശത്തുനിന്ന് ഭൂമിയെക്കാണാൻ കഴിഞ്ഞത് എന്തൊരു ഭാഗ്യമാണ്. ഇവിടെയിങ്ങനെ നിൽക്കുന്നത് എളുപ്പമാണെന്ന് തോന്നും. പക്ഷേ, അത് അല്പം കടുപ്പമാണ്. എന്റെ തലയ്ക്കൊക്കെ ഭാരമനുഭവപ്പെടുന്നു. കുറച്ചു ദിവസത്തിനകം പരിചയമായിക്കൊള്ളും. പരീക്ഷണങ്ങൾ നടത്താനുള്ള ത്രില്ലിലാണ് ഞാൻ." -ശുഭാംശു ശുക്ല പറഞ്ഞു. ഹിന്ദിയിലായിരുന്നു സംസാരം. സ്വന്തം വീടിന്റെ വാതിൽ തുറന്നുതരുംപോലെ തങ്ങളെ നിലയത്തിലേക്ക് ഊഷ്‌മളമായി വരവേറ്റ ഐഎസിലെ ശാസ്ത്രജ്ഞരെയും ശുഭാംശു പ്രശംസിച്ചു. അടുത്ത 14 ദിവസങ്ങൾ പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി അടിപൊളിയായിരിക്കുമെന്നും പറഞ്ഞു.
രണ്ട് മണിക്കൂറോളമെടുത്ത വാതിൽ തുറക്കൽ പ്രക്രിയക്കുശേഷമാണ് (ഹാച്ച് ഓപ്പണിങ്) ആക്‌സിയം-4 ദൗത്യത്തിലെ അംഗങ്ങൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് കടന്നത്. മേയ് 29-ന് നിശ്ചയിച്ചിരുന്ന ദൗത്യം പലകുറിമാറ്റിവെച്ചശേഷമാണ് ബുധനാഴ്ച വിക്ഷേപിച്ചത്. പേടകത്തിനും വിക്ഷേപണത്തറയിലുമുണ്ടായ സാങ്കേതികപ്രശ്നങ്ങൾ മുതൽ മോശംകാലാവസ്ഥപോലും അതിന് കാരണമായി.
23 രാജ്യങ്ങളിൽനിന്നായി ഇതുവരെ 280 യാത്രികരാണ് ഐഎസ്എസ് സന്ദർശിച്ചിട്ടുള്ളത്. സുനിതാ വില്യംസിനപ്പോലെ ഇന്ത്യൻവംശജരായ സഞ്ചാരികൾ മുൻപ് എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ പതാക സ്പെയ്‌സ് സ്യൂട്ടിൽ തുന്നിച്ചേർത്ത ഒരാൾ അവിടെച്ചെല്ലുന്നത് ഇതാദ്യമാണ്.
മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ 'ഗഗൻയാൻ' ദൗത്യത്തിന്റെ കമാൻഡറാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല. അദ്ദേഹം അന്താരാഷ്ട്രനിലയത്തിൽ നടത്തുന്ന പരീക്ഷണങ്ങൾ ഗഗൻയാൻ വിക്ഷേപണത്തിനുള്ള ഇന്ത്യയുടെ മുന്നൊരുക്കമാണ്. ആക്സസിയം 4ലൂടെ ശുഭാംശുവിനുകിട്ടുന്ന പരിചയസമ്പത്ത് ഗഗൻയാനിൽ ഇന്ത്യക്ക് മുതൽക്കൂട്ടാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group