
പാലക്കാട്: 'സ്കൂളിൽ പഠിക്കുമ്പോൾ തോന്നിയ ഒരാഗ്രഹമാണ് സിവിൽ സർവീസ്. സ്വപ്നവുമായി മുന്നോട്ടുപോയപ്പോൾ കഠിനമെന്ന് അനുഭവം പഠിപ്പിച്ചു വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അഞ്ചാംതവണയാണ് പരിശ്രമം വിജയിച്ചത്. അമ്മയുടെ പിന്തുണയിൽ ജയിച്ചുകയറി'-വെള്ളിനേഴി ഗ്രാമപ്പഞ്ചായത്തിലെ കുറ്റാനശ്ശേരിയിൽ കണ്ണേത്തുവീട്ടിൽ കെ.ബി. ഗ്രീഷ്‌മ(26) സിവിൽ സർവീസിൽ 559-ാം റാങ്ക് നേട്ടവുമായി അഭിമാനം കൊള്ളുകയാണ്.
ആദ്യ രണ്ടുതവണ പ്രിലിമിനറി ജയിച്ചില്ല. മൂന്നാംതവണ അഭിമുഖംവരെയെത്തിയെങ്കിലും പരാജയമായിരുന്നു ഫലം. നിരാശയുണ്ടായെങ്കിലും പിന്തിരിഞ്ഞില്ല. റവന്യു ഉദ്യോഗസ്ഥയായ അമ്മ കെ.ടി. ഗിരിജയുടെ പൂർണപിന്തുണയായിരുന്നു കൂട്ട്. വായനയും കൂട്ടിനുണ്ടായെന്ന് ഗ്രീഷ്‌മ പറയുന്നു.
മുൻവർഷങ്ങളിലെ ചോദ്യക്കടലാസ് ആവർത്തിച്ചുപഠിച്ചതാണ് സഹായിച്ചത്. ഏറെസമയവും മാതൃകാപരീക്ഷയ്ക്കുതന്നെ തയ്യാറെടുത്തു. പത്രവായന സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അറിവുതന്നു.
വലമ്പിലിമംഗലം എൽപി സ്‌കൂൾ, ശ്രീകൃഷ്‌ണപുരം ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽനിന്ന് മാത്‌സിൽ ബിരുദം നേടി. വായനയിൽ താത്പര്യമുണ്ടായിരുന്നതുകൊണ്ട് ഓപ്‌ഷണൽ വിഷയമായി മലയാളം തിരഞ്ഞെടുത്തു.
കുറ്റാനശ്ശേരി കണ്ണേത്തുവീട്ടിൽ പരേതനായ കെ. ബാലകൃഷ്ണനാണ് പിതാവ്. വില്ലേജോഫീസറായിരുന്നു. കുറച്ചുകാലമായി തിരുവനന്തപുരത്താണ് താമസം. ഇപ്പോൾ വിവിധ സിവിൽ സർവീസ് പരീക്ഷാ പരിശീലനകേന്ദ്രങ്ങളിൽ മെന്ററായി ജോലിനോക്കുകയാണ് ഗ്രീഷ്‌മ. സിവിൽ സർവീസ് ലക്ഷ്യമിടുന്നവരോട് ഗ്രീഷ്‌മയ്ക്ക് പറയാനുള്ളത് ഒന്നുമാത്രം നിരാശപ്പെടുത്താനാളുകൾ ചുറ്റുമുണ്ടാകും, അതിനെ മറികടന്ന് മുന്നേറാനാകണം'.
അവസാനലാപ്പിൽ മൈക്കിൾ ജോമിന് സ്വപ്നനേട്ടം
പാലക്കാട്: 'സിവിൽ സർവീസ് മാത്രം സ്വപ്‌പ്നം കണ്ടായിരുന്നു ഞാൻ ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ചത്. ഒൻപതുവർഷത്തോളം ഒറ്റയ്ക്കിരുന്ന് പഠിച്ചു. ഇതിനിടെ, അഞ്ചുവട്ടം പരീക്ഷയെഴുതിയെങ്കിലും പ്രിലിമിനറിപോലും ജയിച്ചില്ല. അവസാനത്തെ അവസരത്തിലാണ് സ്വപ്നം പൂവണിഞ്ഞത്. കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ ഞാൻ ജർമനിയിലേക്ക് പറന്നേനേ...'-സിവിൽ സർവീസ് പരീക്ഷയിൽ 415-ാം റാങ്ക് നേടിയ പാലക്കാട് കല്ലേക്കുളങ്ങര സ്വദേശി മൈക്കിൾ ജോം ഇതുപറയുമ്പോൾ തെളിയുന്നത് സ്ഥിരോത്സാഹത്തിൻ്റെ വിജയകഥ. സ്വപ്നനേട്ടത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും പറയുകയാണ് ഈ 32-കാരൻ.
കല്ലേക്കുളങ്ങര അത്താണിപ്പറമ്പ് എംഎ ഫാമിനടുത്ത് താമസിക്കുന്ന റിട്ട. റെയിൽവേ ഉദ്യോഗസ്ഥരായ ജോം ജോസഫിൻ്റെയും സെലിൻ ജോസഫിൻ്റെയും നാലുമക്കളിൽ രണ്ടാമനാണ് മൈക്കിൾ ജോം. പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ ബികോം പഠനം പൂർത്തിയാക്കും മുൻപേയാണ് മൈക്കിളിന് എസ്ബിഐയിൽ ക്ലാർക്കായി ജോലി ലഭിച്ചത്. 2013 മുതൽ 2016വരെ തൃശ്ശൂർ കോടന്നൂർ ശാഖയിലുണ്ടായിരുന്നു. ഐഎഎസ് മോഹം തലയ്ക്കുപിടിച്ചപ്പോൾ, ജോലി ഉപേക്ഷിച്ചു.
പിന്നീട് വീട്ടിൽ ഒറ്റയ്ക്കിരുന്ന് പഠനവും തുടങ്ങി. ഇതിനൊപ്പം, 'സാമൂഹിക സന്നദ്ധസേന'യുടെ സംസ്ഥാന കോഡിനേറ്ററായി പ്രവർത്തിച്ചു. തിരുവനന്തപുരത്ത് പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് അസോസിയേറ്റായും ഓൺലൈൻ വഴി ട്യൂട്ടറായും ചെറിയവരുമാനം കണ്ടെത്തി. വിദൂരവിദ്യാഭ്യാസത്തിലൂടെ സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും നേടി.
'ജനറൽ കാറ്റഗറിക്ക് ആറുവട്ടമേ പരീക്ഷയെഴുതാനാവൂ. 32 വയസ്സാണ് പരിധി. അവസാനത്തെ പരീക്ഷയും കിട്ടുമോയെന്ന് ഉറപ്പുണ്ടായിരുന്നില്ല. ഇതിനിടെ, ഉപരിപഠനത്തിനായി ജർമനിയിലേക്കുപോകാനും തയ്യാറെടുത്തു. പ്രവേശനമുൾപ്പെടെ ശരിയായെങ്കിലും അവസാനവട്ടംകൂടി പരീക്ഷയെഴുതാൻ തീരുമാനിക്കുകയായിരുന്നു. പ്രിലിമിനറി കടന്നതോടെ ദിവസം 10 മണിക്കൂറോളം പഠിച്ചു. ഇന്റർനെറ്റും പഴയ ചോദ്യപ്പേപ്പറുകളുമൊക്കെയായിരുന്നു പഠനവഴി-മൈക്കിൾ ജോം പറഞ്ഞു. സഹോരങ്ങൾ: അരുൺ ജോം (സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ, കൊൽക്കത്ത), പോൾ ജോം (ഹൈക്കോടതി അസിസ്റ്റന്റ്, എലിസബത്ത് ജോം (പിജി വിദ്യാർഥിനി),
ചേട്ടനുപിറകെ അനിയനും: 'ശ്രീനന്ദന'ത്തിൽ അഭിമാനം
ചിറ്റൂർ : "അഞ്ചുദിവസം മുൻപാണ് സിവിൽസർവീസ് പരീക്ഷയുടെ അഭിമുഖം കഴിഞ്ഞത്. ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴൊന്നും അഭിമുഖപാനലിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് അത്ര അനുകൂലഭാവം തോന്നിയില്ല. അതുകൊണ്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചതുമില്ല" -ഹേമന്ത് പറയുമ്പോൾ, ചേട്ടനുപിറകെ അനിയനും സിവിൽ സർവീസ് നേടിയതിൻ്റെ തിളക്കത്തിലായിരുന്നു ചിറ്റൂർ വിളയോടിയിലെ ശ്രീനന്ദനം.
അഭിഭാഷകൻ നന്ദശങ്കറിന്റെയും അധ്യാപിക രമേശ്വരിയുടെയും രണ്ടാമത്തെ മകനാണ് ഹേമന്ത്. ചേട്ടൻ ശരത്‌ശങ്കറിന് 2020-ലാണ് സിവിൽസർവീസ് ലഭിച്ചത്. 113-ാം റാങ്കോടെ ഇന്ത്യൻ വിദേശകാര്യ സർവീസിലെത്തിയ ശരത് പെറുവിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറിയാണ്.
ജ്യേഷ്‌ഠനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഹേമന്തിനും വിദേശകാര്യ സർവീസിലാണ് താത്പര്യം, 24-ാം വയസ്സിൽ, രണ്ടാമത്തെ പരിശ്രമത്തിലാണ് ഹേമന്ത് സിവിൽ സർവീസ് നേടുന്നത്. തിരുവനന്തപുരം ഫോർച്യൂൺ അക്കാദമിയിലായിരുന്നു പരീക്ഷയ്ക്ക് പരിശീലനം നേടിയത്. ദിവസവും 12 മണിക്കൂറോളം പഠിക്കുമായിരുന്നെന്ന് ഹേമന്ത് പറയുന്നു.
കോഴിക്കോട് എൻഐടിയിൽനിന്ന് പ്രൊഡക്ഷൻ എൻജിനിയറിങ്ങിൽ ബിടെക് ബിരുദം നേടിയ ഹേമന്തിൻ്റെ പല കണ്ടുപിടിത്തങ്ങൾക്കും അംഗീകാരം കിട്ടിയിട്ടുണ്ട്. 'സ്വിവലിങ് ഹെഡ് ലാമ്പ് മെക്കാനിസ'ത്തിൽ പേറ്റന്റും നേടി. അഭിമുഖത്തിലെ പ്രധാന ചോദ്യങ്ങളൊക്കെ തന്റെ പേറ്റന്റിനെക്കുറിച്ചായിരുന്നെന്ന് ഹേമന്ത് പറയുന്നു. ഐഎഫ്എസ് ലഭിച്ചില്ലെങ്കിൽ തയ്യാറെടുപ്പ് തുടരാനാണ് ഹേമന്തിൻ്റെ തീരുമാനം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group