
പാലക്കാട്: 'ഇതോടൊപ്പം കരിമ്പയിലെയും പാലക്കാട്ടെയും ജനങ്ങളെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക' - കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയുടെ മാതൃകാചിത്രത്തിൽ ഒപ്പിട്ടുനൽകിയശേഷം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ ഈ വാക്കുകൾ ഇന്നും ഹൃദയത്തിൽ നിധിപോലെ സൂക്ഷിക്കുകയാണ് കല്ലേപ്പുള്ളി മൈനർ സെമിനാരി വൈസ് റെക്‌ടർ ഫാ. ജോബിൻ കാഞ്ഞിരത്തുങ്കൽ. തിരക്കില്ലാത്ത ഏതവസരത്തിലും താഴെക്കിടയിലുള്ളവർക്കൊപ്പം സമയം ചെലവഴിക്കാൻ മടി കാണിക്കാത്ത പാപ്പയുടെ ഹൃദയവിശാലത തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അതെന്ന് ഫാ. ജോബിൻ പറയുന്നു
2023-ൽ പിഎച്ച്ഡി പഠനത്തിൻ്റെ ഭാഗമായി വത്തിക്കാനിൽ എത്തിയപ്പോഴാണ് പാപ്പയെ നേരിൽക്കാണാനും ആ ഹൃദയവിശാലത തൊട്ടറിയാനും അവസരം ലഭിച്ചതെന്ന് ഫാ. ജോബിൻ പറയുന്നു.
കോവിഡ് കാലത്തിനുശേഷമുള്ള സമയമായിരുന്നതിനാൽ അക്കാലത്ത് എല്ലാ ബുധനാഴ്ചകളിലും വത്തിക്കാനിൽ പാപ്പ വിശ്വാസികളെ നേരിൽക്കണ്ടിരുന്നു. തന്റെ സ്വന്തം ഇടവകയായ കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളിയുടെ രേഖാചിത്രവുമായാണ് ഫാ. ജോബിൻ അന്ന് പാപ്പയെ കാണാനെത്തിയത്. ചിത്രം കണ്ടതോടെ അനുവാങ്ങി നോക്കിയ പാപ്പ ആകാംക്ഷയോടെ ഇതെവിടെയുള്ളതാണെന്ന് ചോദിച്ചു. താൻ ഇന്ത്യയിലെ കേരളത്തിലുള്ള പാലക്കാട് ജില്ലയിൽനിന്നാണ് വരുന്നതെന്നും തൻ്റെ മാതൃ ഇടവകയായ കരിമ്പപള്ളി നിർമാണഘട്ടത്തിലാണെന്നും അതിൻ്റെ രേഖാചിത്രമാണെന്നും ഫോ. ജോബിൻ പാപ്പയെ അറിയിച്ചു. ചിത്രംവാങ്ങി ഒപ്പിട്ട പാപ്പ അത് തിരിച്ചുനൽകിയ ശേഷമാണ് കരിമ്പയിലെയും പാലക്കാട്ടെയും ജനങ്ങളെ തന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടത്', 'തുടർന്ന് പാപ്പ ആശീർവാദവും നൽകി' - ഫാ. ജോബിൻ പറഞ്ഞു. നിർമാണം പൂർത്തിയായ കരിമ്പ പള്ളിയിൽ ഇന്നും ചിത്രം നിധിപോലെ സൂക്ഷിക്കുന്നുണ്ട്.
'നാലുവർഷത്തെ പഠനകാലത്ത് രണ്ടുവട്ടംകൂടി പാപ്പയെ നേരിൽക്കണ്ട് ആശിർവാദം ലഭിക്കാൻ അവസരം കിട്ടി. മാർപാപ്പയുടെ കീഴിലുള്ള സർവകലാശാലയിലായിരുന്നു എൻ്റെ പഠനം. അതുകൊണ്ടുതന്നെ ഡിഗ്രിവിതരണച്ചടങ്ങിലടക്കം പാപ്പയുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടാവാറുണ്ടായിരുന്നു. ഒരിക്കൽ നേരിൽക്കണ്ടപ്പോൾ കൊന്തമെന്ന് അനുഗ്രഹിച്ചു' - ഫാ. ജോബിൻ പറയുന്നു.
വിലകുറഞ്ഞ വാഹനത്തിൽ സഞ്ചരിച്ചും പോപ്പൽ പാലസിൽനിന്നുമാറി ഹോസ്റ്റൽപോലുള്ള കെട്ടിടത്തിൽ താമസിച്ചും താൻ പ്രഖ്യാപിച്ച ലാളിത്യത്തെ സ്വജീവിതത്തിലൂടെ തെളിയിക്കയായിരുന്നു മാർപാപ്പയെന്നും ഫാ. ജോബിൻ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group