
ആലപ്പുഴ വേനലവധിയിങ്ങെത്തി. പരീക്ഷകൾക്കും പരീക്ഷണങ്ങൾക്കുമെല്ലാം ഇനിയൊരിടവേള നൽകാം. ദീർഘമായ മണ്ടുമാസം വെറുതേ അലസമായി തീർത്തുകളയാനാണോ പ്ലാൻ? വളരെ വൈകി ഉണരുകയും വളരെനേരം ഫോണിൽ കളിക്കുകയും ബാക്കിസമയം ടിവി കാണുകയും ചീത്തക്കൂട്ടുകെട്ടിൽ അകപ്പെടുകയും ചെയ്യാതെ സമയം വളരെ ചിട്ടയോടെ ഉപകാരപ്രദമാകുംവിധം ഉപയോഗിക്കാം.
പരീക്ഷയ്ക്കു മുൻപായി പലരും പഠനസമയം ക്രമീകരിക്കുന്നതിനായി ടൈംടേബിൾ ഉണ്ടാക്കാറുണ്ട്. അതുപോലെ അവധിക്കാലവും ആസൂത്രണംചെയ്ത‌് ഉപയോഗിക്കാം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അവധിക്കാല ക്യാമ്പുകൾ നടത്തിവരുന്നുണ്ട്. ഓരോദിവസവും മികവുറ്റതാക്കാൻ ഈ ക്യാമ്പുകളും പരമാവധി പ്രയോജനപ്പെടുത്താം.
കൂട്ടുപിടിക്കാം കലയെയോ കായികത്തെയോ
സംഗീതവും നൃത്തവുമൊക്കെ താത്‌പര്യമുള്ളവർക്ക് വിവിധ ക്ലാസുകളിൽ പങ്കെടുക്കാം. കീബോർഡ്, വയലിൻ, ഗിറ്റാർ, തബല, ഓടക്കുഴൽ തുടങ്ങിയ വിവിധ സംഗീതോപകരണങ്ങൾ വായിക്കാനും പഠിക്കാനും ഇഷ്ടമുള്ളവരാണെങ്കിൽ അത്തരം ക്ലാസുകൾ തിരഞ്ഞെടുത്ത് പഠിക്കാം.
കായികവിനോദങ്ങൾ ഇഷ്‌ടപ്പെടുന്നവർക്ക് വിവിധയിനങ്ങളിൽ പരിശീലനം നൽകുന്ന ക്യാമ്പുകൾ തിരഞ്ഞെടുക്കാം. കോച്ചുകളുടെ നേതൃത്വത്തിലാവണം പരിശീലനം, ഇതു പിന്നീട് സ്‌കൂൾ കായികമേളകൾക്കും മറ്റും ഉപകാരപ്രദവുമാകും. കൂടാതെ, യോഗ, കളരി തുടങ്ങിയവയിലും പരിശീലനം നേടാം. ആരോഗ്യവും മെച്ചപ്പെടുത്താം.
നീന്തൽ പഠിച്ച് നീന്തിത്തുടിക്കാം
നീന്തൽ പഠിക്കാനുള്ള അവസരം പാഴാക്കരുത്. പ്രത്യേകിച്ച് വെള്ളപ്പൊക്കം പതിവായി ബാധിക്കുന്ന പ്രദേശങ്ങളിലുള്ള കുട്ടികൾ. വെറും പഠനത്തിനുമപ്പുറം ഒരു വ്യായാമംകൂടിയാണിത്. അതിനാൽ പരിശീലകരുടെ നേതൃത്വത്തിൽമാത്രമേ ഇതിനായി മുന്നിട്ടിറങ്ങാവൂ.
ആഴമില്ലാത്ത ചെറിയ കുളങ്ങളിലോ പൂളുകളിലോ മാത്രമാണ് ആദ്യഘട്ടത്തിൽ പരിശീലനത്തിനായി ഇറങ്ങേണ്ടത്. ഇതും വിദഗ്‌ധരുടെ നിർദേശത്തിലും മേൽനോട്ടത്തിലും മാത്രം. വിനോദസഞ്ചാരത്തിനായി പോകുമ്പോഴും നീന്തൽ നന്നായി അറിയുന്നവർക്കൊപ്പംമാത്രമേ വെള്ളത്തിലിറങ്ങാവൂ.
വായിക്കാം, ഭാഷകൾ പഠിക്കാം
ടിവിയും സിനിമയും ഗെയിമുമൊക്കെ മാറിമാറി കണ്ടിരിക്കാതെ കണ്ണുകൾക്കു വിശ്രമം നൽകാനും വായനശീലം വളർത്താനും അല്പസമയം മാറ്റിവെക്കാം. പൊതുവിജ്ഞാനം കൂട്ടുന്നതിന് പത്രം, മാസികകൾ എന്നിവ വായിക്കാം. വായനശീലം വളർത്തുന്നതിനും ഭാഷ മെച്ചപ്പെടുത്തുന്നതിനും പുസ്‌തകങ്ങൾ വായിക്കാം. വായനയ്ക്കിടയിൽ ചെറിയ ചെറിയ കുറിപ്പുകളും മനസ്സിൽ തോന്നുന്ന ആശയങ്ങളും എഴുതിവെച്ചാൽ കൈയക്ഷരം മെച്ചപ്പെടുത്താനും എഴുത്തിലെ വേഗത കൂട്ടാനും സഹായിക്കും.
മാത്യഭാഷ, ഇംഗ്ലീഷ് എന്നിവയ്ക്കുപുറമേ ഹിന്ദിയും മറ്റു വിദേശഭാഷകളും നന്നായി കൈകാര്യം ചെയ്യാൻ പഠിക്കാം. ഇതിനായി ഓൺലൈൻ ഓഫ് ലൈൻ കോഴ്സുകൾ തിരഞ്ഞെടുക്കാം.
വീട്ടിലാണെന്നകാര്യം മറക്കല്ലേ..
സ്വന്തം വീടുകളെക്കൂടി അവധിക്കാലത്ത് ശ്രദ്ധിക്കാം. മുറികൾക്ക് പുതിയ രൂപം നൽകി ആകർഷകമാക്കാം. പുതിയ പഠനസ്ഥലം കണ്ടെത്താം. വീടും പരിസരവും വൃത്തിയാക്കാം. പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നിർമിക്കാം.
ലഹരിയെ അകറ്റാം
ലഹരി ഉപയോഗിക്കുന്നവരിൽനിന്നും വ്യാപനം നടത്തുന്നവരിൽനിന്നും അകലം പാലിക്കുക. ഏതെങ്കിലും തരത്തിൽ ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുകയോ സമ്മർദത്തിലാക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളെ അറിയിക്കുക.
രണ്ടുമാസംകൊണ്ട് നിശ്ചിത എണ്ണം സാഹിത്യ, വൈജ്ഞാനിക പുസ്‌തകങ്ങൾ വായിച്ചുതീർക്കുന്നതുപോലുള്ള കാര്യങ്ങളിലേർപ്പെടുക. ചിത്രരചന, പെയിന്റ്റിങ് തുടങ്ങിയ വിനോദങ്ങൾ നല്ലതാണ്. രക്ഷാകർത്താക്കൾക്കൊപ്പമുള്ള സുരക്ഷിതമായ വിനോദയാത്രകൾ നടത്താം.
(ഡോ. സുനിൽ മർക്കോസ് (ഡിപിഒ, എസ്എസ്, പൊതുവിദ്യാഭ്യാസ വകുപ്പ്)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group