'എടാ മോനെ എന്നാണ് കുട്ടികളെ വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികൾ റൗഡി ​ഗ്യാങ്ങിന്റെ കൂടെ പോയി'

'എടാ മോനെ എന്നാണ് കുട്ടികളെ വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികൾ റൗഡി ​ഗ്യാങ്ങിന്റെ കൂടെ പോയി'
'എടാ മോനെ എന്നാണ് കുട്ടികളെ വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികൾ റൗഡി ​ഗ്യാങ്ങിന്റെ കൂടെ പോയി'
Share  
2025 Mar 04, 10:07 AM
vasthu
mannan
marmmam

തിരുവനന്തപുരം: സിനിമയും സീരിയലുകളും കുട്ടികളില്‍ വലിയതോതില്‍ ദുഃസ്വാധീനം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സിനിമയിൽ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്. ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാസംഘത്തലവന്മാരുടെ കൂടെ പോയതായി പോലീസ് റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അക്രമസംഭവങ്ങള്‍ സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.


'കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കണം. കുട്ടികളില്‍ അക്രമോത്സുകത വര്‍ധിച്ചുവരുന്നു. ഏങ്ങനെയാണ് ഇതിനെ നേരിടേണ്ടതെന്നത് വര്‍ത്തമാനത്തില്‍ തീര്‍ക്കേണ്ടതല്ല, വിശദമായ അപഗ്രഥനം വേണ്ടതാണ്. ദേശീയവും അന്തര്‍ദേശീയവുമായ മാനങ്ങള്‍ ഉള്ളതുകൂടിയാണ് ഈ സംഭവം. കുറ്റകൃത്യങ്ങള്‍ എന്ന നിലയ്ക്കുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്. പലതും സാധാരണ പോലീസിങ്ങിന്റ പരിധിക്ക് പുറത്തുള്ളതാണ്. ഒറ്റപ്പെട്ട് പരിശോധിക്കേണ്ട ഏകമുഖമായ കാര്യമായിട്ടല്ല കാണേണ്ടത്. പലമുഖങ്ങളും പല തലങ്ങളുമുള്ള വിഷയമാണിത്. ഇന്ന് നമ്മള്‍ വിശദമായി ചര്‍ച്ച ചെയ്തു, ചര്‍ച്ചയോടെ ഇത് അവസാനിപ്പിക്കുയല്ല വേണ്ടത്. അങ്ങനെ അവസാനിപ്പിക്കാന്‍ കഴിയുന്ന വിഷയമല്ലിത്. അതീവഗൗരവമുള്ള വിഷയമായിത് സര്‍ക്കാര്‍ കാണുന്നു. പൊതുസമൂഹത്തിന്റെ വികാരം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിലപാടും നടപടികളും വേണം', മുഖ്യമന്ത്രി പറഞ്ഞു.


നിയമനടപടികള്‍ സര്‍ക്കാര്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട്. കേവലമായ ക്രമസമാധാന പ്രശ്‌നം മാത്രമായല്ല, അതിനപ്പുറത്താണ്. സാമൂഹിക മാനമുള്ള, അതീഗൗരവമായ വിഷയമാണിത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തിനിഷ്ടമായ തലത്തിലേക്കോ രാഷ്ട്രീയ തലത്തിലേക്കോ ചുരുക്കി കാണാന്‍ പാടില്ല. കുട്ടികളിലെ ആക്രമണോത്സുകത ലോകമാകെ ചര്‍ച്ചചെയ്യുന്ന കാലമാണിത്. അമേരിക്കയിലെ കൊളറാഡോയിലെ കൊളംബിയ ഹൈസ്‌ക്കൂളില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥി 1999-ല്‍ 12 സഹപാഠികളേയും ഒരു ടീച്ചറേയും വെടിവെച്ചുകൊന്നു. 21 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏതാണ് അതുമുതല്‍ ഇങ്ങോട്ട് ഈ സ്വഭാവത്തിലുള്ള ആക്രമണങ്ങളും ഇതിനെ നേരിടേണ്ടതെങ്ങനെയെന്നുമുള്ള ചര്‍ച്ച ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുന്നു എന്നത് കേരളത്തില്‍ ഇത് ഉണ്ടാവുന്നതിനുള്ള ന്യായീകരണമല്ല. കേരളവും ലോകത്തിന്റെ ഭാഗമാണല്ലോ? സവിശേഷമായ സംസ്‌കാരവും ജീവിതസാഹചര്യവും നമ്മുടെ നാടിനുണ്ട്. അതിന് നിരക്കുന്നത് മാത്രമേ ഇവിടെ സംഭവിക്കാന്‍ പാടുള്ളൂ. അതിന് നിരക്കാത്ത രീതിയിലാണ് ഇപ്പോള്‍ സംഭവങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇളം തലമുറ വല്ലാതെ ഇന്ന് അസ്വസ്ഥമാണ്. മുതലാളിത്തവും ആധുനിക മുതലാളിത്തവും അതിന്റെ ഭാഗമായി വന്ന പുതിയ കമ്പോളവ്യവസ്ഥയും അതിന്റെയെല്ലാം ഭാഗമായി ഉയര്‍ന്നുവന്ന അതിതീവ്ര മത്സരാധിഷ്ഠിത ജീവിതവും കുട്ടികളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളാണ്. വലിയ തോതിലുള്ള അസ്വസ്ഥത കുട്ടികളില്‍ വരികയാണ്. എല്ലായിടത്തും കടുത്ത മത്സരമാണ്. ഒപ്പമുള്ളവനെ തോല്‍പ്പിച്ചേ ജയിക്കാനാവൂ എന്ന ചിന്ത ഈ മത്സരം കുട്ടികളില്‍ വളര്‍ത്തുന്നു. ഒപ്പമുള്ളവന്‍ ശത്രുവാണ് എന്ന ബോധത്തിലേക്ക് കുട്ടികള്‍ മാറുന്നു. ആഗോളവത്കരണ സമ്പദ്‌വ്യവസ്ഥയും അതുണ്ടാക്കുന്ന കമ്പോളമത്സരങ്ങളും യുവ മനസുകളില്‍ ഒപ്പമുള്ളവര്‍ ശത്രുക്കളെന്ന ചിന്തയാണ് വളര്‍ത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


കുടുംബസാഹചര്യങ്ങളും ബാല്യത്തിലെ ഒറ്റപ്പെടലുകളും കുട്ടികള്‍ക്ക് മണ്ണിനോടോ പ്രകൃതിയോടോ സഹജാതരോടോ സ്‌നേഹമുണ്ടാക്കാത്ത അവസ്ഥയുണ്ടാക്കുന്നു. കുട്ടിയോടൊപ്പം സന്തോഷവും സങ്കടവും പങ്കിടാന്‍ ചില വീടുകളില്‍ ആരുമില്ല. ഓരോരുത്തരും അവരുടെ സ്വകാര്യ ലോകങ്ങളിലാണ്. രക്ഷിതാക്കള്‍ എങ്ങനെ രക്ഷിതാക്കളായി മാറണമെന്ന കാര്യവും സമൂഹത്തില്‍ ബോധവത്കരണം ആവശ്യമുള്ള കാര്യമാണ്. കുട്ടികള്‍ക്ക് ഡിജിറ്റല്‍ അഡിക്ഷന്‍ വരുന്നു. അതില്‍നിന്ന് അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അച്ഛനും അമ്മയും കുട്ടിയുടെ ശത്രുക്കളായി മാറുന്നു. സിനിയും സീരിയലുകളും വലിയ തോതിലുള്ള ദുഃസ്വാധീനം ഉണ്ടാക്കുന്നു.


എടാ മോനെ എന്നാണ് കുട്ടികളെ വിളിക്കുന്നത്. അത് കണ്ടിട്ട് കുട്ടികള്‍ റൗഡി ഗ്യാങ് തലവന്മാരുടെ കൂടെ പോയെന്ന പോലീസ് റിപ്പോര്‍ട്ട് ഞാന്‍ കണ്ടു. വയലന്‍സ് ആഘോഷിക്കപ്പെടുന്ന നില പരിശോധിക്കപ്പെടണം. ഏറ്റവും കൂടുതല്‍ അക്രമവും കൊലയും നടത്തുന്ന ആള്‍ ഹീറോ എന്ന ഒരു തരം ഹീറോ വര്‍ഷിപ്പ്, എല്ലാവരേയും തല്ലി ഒതുക്കുന്നതാണ് മഹത്വം, അങ്ങനെയാണ് ഞാന്‍ മാറേണ്ടത് എന്ന് ചിന്തിക്കുന്ന നിലയില്‍ മാറുകയാണ് കുട്ടികളുടെ മാനസികാവസ്ഥ. ഇതിന് പല കാരണങ്ങളുണ്ട്. അധ്യാപക- വിദ്യാര്‍ഥി ബന്ധത്തിലെ മാറ്റങ്ങള്‍, രക്ഷിതാക്കളും കുട്ടികളും തമ്മിലെ ബന്ധത്തിലെ മാറ്റങ്ങള്‍, ധൂര്‍ത്ത്- ആസക്തി, സന്തോഷം എവിടെയുണ്ടോ അതൊക്കെ സ്വന്തമാക്കണമെന്ന ചിന്ത, എന്നിവയെല്ലാം പല കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra
marmma