കൊച്ചി : കൂത്താട്ടുകുളം നഗരസഭയിലെ അതിനാടകീയമായ സംഭവങ്ങളിൽ സി.പി.എമ്മിനെതിരേ നിലപാട് കടുപ്പിച്ച് കൗൺസിലർ കലാ രാജു. സഹകരണ ബാങ്കിലുള്ള വായ്പ എഴുതിത്തള്ളാത്തതിനാൽ താൻ കൂറുമാറാനൊരുങ്ങി എന്ന പ്രചാരണം ശരിയല്ലെന്നും വായ്പയല്ല പ്രശ്നമെന്നും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കലാ രാജു ‘മാതൃഭൂമി’യോട് പറഞ്ഞു.
യു.ഡി.എഫിനെ അനുകൂലിക്കുമെന്ന ഊഹാപോഹം കൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടതെന്നും നേരത്തേയും തന്നെ ഒതുക്കാൻ ശ്രമം നടന്നിരുന്നെന്നും അവർ പറഞ്ഞു. ചൊവ്വാഴ്ച കോലഞ്ചേരിയിൽ മജിസ്‌ട്രേറ്റിനു മുന്നിൽ കലാ രാജു മൊഴി നൽകും.
“25 വർഷത്തെ പാർട്ടി പ്രവർത്തനത്തിന് അവർ നന്ദി കാണിച്ചത് എന്നെ ആക്രമിച്ചുകൊണ്ടാണ്. ഡി.വൈ.എഫ്.ഐ.ക്കാരനായ, മകന്റെ പ്രായമുള്ള അരുൺ അശോകൻ എന്റെ സാരി വലിച്ചുപറിച്ചു. ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചു, അസഭ്യം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്‌സൺ വിജയ ശിവൻ, കൗൺസിലർമാരായ സുമ വിശ്വംഭരൻ, ജിഷ രഞ്ചിത്ത് എന്നിവർ മുടിക്ക് കുത്തിപ്പിടിച്ച് ആൾക്കൂട്ടത്തിനുള്ളിലേക്ക് വലിച്ചിട്ടു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി റിൽജോ വർഗീസ്, സി.പി.എം. ഏരിയ സെക്രട്ടറി പി.ബി. രതീശ് എന്നിവരും ഒപ്പമുണ്ടായിരുന്നു”- കലാ രാജു പറഞ്ഞു.
സി.പി.എം. പ്രചാരണം അസംബന്ധം
‘‘പകൽവെളിച്ചത്തിൽ എന്നെ സി.പി.എം. പാർട്ടി ഓഫീസിലേക്ക് കടത്തിയിട്ട് ഇപ്പോൾ കോൺഗ്രസാണ് അതിനുപിന്നിലെന്ന് പറയുന്നത് അസംബന്ധമാണ്. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്ന 18-ന് മുൻപുള്ള ദിവസങ്ങളിൽ ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. 15-ന് സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. ഇക്കാര്യം പാർട്ടിക്ക് അറിയാം. അന്ന് രാത്രി മക്കളോടൊപ്പം പള്ളുരുത്തിയിൽ ബന്ധുവിന്റെ മരണവീട്ടിലെത്തി. ബാക്കി ദിവസങ്ങളിൽ അവിടെയായിരുന്നു. അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽനിന്ന് ആരും എന്നെ സമീപിച്ചിട്ടില്ല”- കലാ രാജു പറഞ്ഞു.
ഭരണവീഴ്ചകളിലെ അതൃപ്തി കൗൺസിൽ യോഗങ്ങളിലും പാർട്ടിയിലും പ്രകടിപ്പിച്ചിരുന്നുവെന്നും അവർ പറഞ്ഞു. അതിൽ പാർട്ടിക്ക് അമർഷമുണ്ട്. ഇതുമൂലം മുനിസിപ്പാലിറ്റിയിൽ തന്റെ ഡിവിഷനിലെ വികസന പ്രവർത്തനങ്ങൾ മാത്രം തടഞ്ഞുവെച്ചു. ഒറ്റപ്പെടുത്താൻ ശ്രമമുണ്ടായെന്നും അവർ പറയുന്നു.
പരാതി ഉന്നയിച്ചത് സംഘടനയ്ക്കുള്ളിൽ
“എന്റെ ചികിത്സാ ആവശ്യത്തിന് 2016-ലാണ് ഭർത്താവ് സഹകരണ ബാങ്കിൽനിന്ന് 10 ലക്ഷം രൂപ വായ്പയെടുക്കുന്നത്. കോവിഡ് ബാധിച്ച് 2021-ൽ അദ്ദേഹം മരിച്ചു. എന്നാൽ, കോവിഡ് കാലയളവിൽ ലഭിക്കേണ്ട ഇളവുകളൊന്നും ലഭിച്ചില്ല. വീട് വിറ്റാണ് വായ്പയൊടുക്കിയത്” - കലാ രാജു പറഞ്ഞു. പലിശയടക്കം കൂടുതൽ തുക അടയ്ക്കേണ്ടിവന്ന കാര്യം ബാങ്ക് പ്രസിഡന്റ്, മുനിസിപ്പൽ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനോട് പറഞ്ഞിരുന്നു. തുടർന്ന് ബ്രാഞ്ച് സമ്മേളനത്തിലും വിഷയം ഉന്നയിച്ചു. ജില്ലാ സെക്രട്ടറി, സഹകരണ വകുപ്പ് ഇവിടങ്ങളിലും പരാതി നൽകി. എല്ലാ പരാതികളും താൻ സംഘടനയ്ക്കുള്ളിലാണ് ഉന്നയിച്ചതെന്നും അവർ പറഞ്ഞു.
സി.പി.എമ്മുമായി സംസാരത്തിനില്ല
“സി.പി.എമ്മുമായി ഇനി സംസാരിക്കാനില്ല. താഴേക്കിടയിൽനിന്ന് പ്രവർത്തിച്ചാണ് 2015-ൽ പാർട്ടി മെംബറായത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാണ് ജയിച്ചത്. ആ എന്നെയാണ് പൊതുജനമധ്യത്തിൽ അധിക്ഷേപിച്ചത്. അത് തടുക്കാൻ സി.പി.എമ്മിലെ ആരുമുണ്ടായില്ല. ഉപദ്രവിക്കേണ്ട എന്നു പറഞ്ഞത് യു.ഡി.എഫുകാരാണ്. ആശുപത്രിയിലും ഒപ്പമുണ്ടായിരുന്നത് അവരാണ്” - കലാ രാജു പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group