_1735879159.jpg)
ശിവഗിരി : ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഉദ്ഘോഷിച്ച വിശ്വപൗരനായ ശ്രീനാരായണ ഗുരുദേവനെ സനാതനധർമത്തിന്റെ പേരു പറഞ്ഞ് ചാതുർവർണ്യത്തിലും വർണാശ്രമത്തിലും തളയ്ക്കാൻ ശ്രമം നടക്കുന്നതായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. ഗുരുദേവന്റെ ആദർശങ്ങളെ മാത്രമല്ല, ഗുരുദേവനെത്തന്നെ റാഞ്ചിയെടുക്കാൻ ശ്രമം നടക്കുന്നു. ഗുരുദേവനെ അങ്ങനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാമെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന വിദ്യാർഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ അടിച്ചമർത്തപ്പെട്ടവർക്ക് ഉയർത്തെഴുന്നേൽക്കാനുള്ള ആദ്യ കാഹളമായിരുന്നു. സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി യുവജനങ്ങളെ മാറ്റിയെടുക്കുന്നതിനെക്കുറിച്ച് ഗുരുവിനു ശക്തവും വ്യക്തവുമായ കാഴ്ചപ്പാട് ഉണ്ടായിരുന്നതായും കെ.സുധാകരൻ പറഞ്ഞു.
മൈക്രോസൈറ്റ് തയ്യാറാക്കും- മന്ത്രി റിയാസ്
കേരളത്തിലെത്തുന്ന വിദേശസഞ്ചാരികൾക്ക് ഉൾപ്പെടെ ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ പകർന്നുനൽകുന്നതിന് ടൂറിസം വകുപ്പ് ശ്രീനാരായണഗുരു മൈക്രോസൈറ്റ് തയ്യാറാക്കുമെന്ന് അധ്യക്ഷനായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളിലുള്ള മൈക്രോസൈറ്റാണ് സജ്ജമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, എ.എ.റഹീം എം.പി., രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കേംബ്രിജ് മേയർ ബൈജു തിട്ടാല, കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ലിജു, ഗുരുധർമപ്രചാരണ സഭ ചീഫ് കോഡിനേറ്റർ സത്യൻ പന്തത്തല, എ.ഐ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ജയൻ, കെ.ആർ.ശശിധരൻ, ഫാ. കോശി ജോർജ് വരിഞ്ഞവിള, പി.ജി.ബാബു, ടി.കെ.ശ്രീനാരായണദാസ്, സ്വാമി ശിവനാരായണതീർഥ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group