കട്ടപ്പന : റൂറല്‍ ഡിവലപ്മെന്റ് സൊസൈറ്റിയുടെ മുന്നിലുണ്ടായ സാബുവിന്റെ ആത്മഹത്യ തങ്ങളുടെ തലയില്‍ വെയ്‌ക്കേണ്ട എന്ന് എം.എം.മണി. എല്‍.ഡി.എഫ്. കട്ടപ്പനയില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞങ്ങളുടെ പാര്‍ട്ടി എന്തോ കുഴപ്പം കാണിച്ചു എന്ന മട്ടില്‍ ഐക്യജനാധിപത്യമുന്നണിയും കോണ്‍ഗ്രസും ബി.ജെ.പി. പാര്‍ട്ടികളും ചില പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ച സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍ ഞങ്ങള്‍ ഏറ്റെടുത്ത് എങ്ങനെ രക്ഷപ്പെടുത്താം എന്ന് നോക്കിയിട്ടുണ്ട്. ആ സ്ഥാപനത്തെ രക്ഷപ്പെടുത്താനും സഹകാരികളുടെ താത്പര്യം സംരക്ഷിക്കാനുമാണ് വി.ആര്‍.സജിയും ഭരണസമിതിയും ശ്രമിച്ചത്. സാബു പണം ചോദിച്ചുവന്നപ്പോള്‍ ബാങ്കില്‍ പണം ഇല്ലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തത് ഇടതുപക്ഷത്തിന്റെ തലയില്‍ വെയ്ക്കാന്‍ ശ്രമമുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരുപ്രകോപനവും ബാങ്ക് ഭരണസമിതിയുടെയോ വി.ആര്‍.സജിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞങ്ങള്‍ അതിന്റെ എല്ലാ വശവും പരിശോധിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടോ ഡോക്ടറെ കണ്ടിട്ടുണ്ടോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കണം. വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ട. ബി.ജെ.പി.യും കോണ്‍ഗ്രസും ഞങ്ങളെ മെക്കിട്ട് കേറാന്‍ വരേണ്ട. അദ്ദേഹത്തിന്റെ കുടുംബത്തോട് എന്ത് സഹായവും ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
ഡിസംബര്‍ 20-നാണ് കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡിവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സാബുവിന്റെ കുറിപ്പും കണ്ടെടുത്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group