പാലക്കാട് : എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. പി. സരിന്റെയും ഭാര്യ ഡോ. സൗമ്യ സരിന്റെയും വോട്ട് വ്യാജമാണെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആരോപണത്തിന് മറുപടിയായി രേഖകൾ പ്രദർശിപ്പിച്ച് സൗമ്യയുമൊത്ത് ഡോ. സരിൻ വാർത്താസമ്മേളനം നടത്തി. താൻ ഇവിടെ താമസിക്കുന്നില്ലെന്നതിന് പ്രതിപക്ഷനേതാവിന്റെ കൈയിൽ തെളിവെന്താണെന്ന് സരിൻ ചോദിച്ചു. ആരോപണം തുടർന്നാൽ അപ്പോൾ മറുപടി പറയാമെന്നും നിയമവഴിയിലേക്കു പോകുമെന്നും സരിൻ പറഞ്ഞു. വീടിന്റെയും സ്ഥലത്തിന്റെയും ആധാരം, നഗരസഭയിൽ നികുതിയടച്ച രസീത്, വോട്ടർ തിരിച്ചറിയൽ കാർഡ്, താഴത്തെ നില വാടകയ്ക്കു കൊടുത്ത രസീത് എന്നിവയും പ്രദർശിപ്പിച്ചു.
പ്രതിപക്ഷനേതാവ് പറയുന്നത്: ഇടതുസ്ഥാനാർഥിക്ക് വോട്ട് ചേർക്കാൻ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയാണ് താമസസർട്ടിഫിക്കറ്റ് നൽകിയത്. ആറുമാസം താമസിച്ചാൽ മാത്രമേ താമസസർട്ടിഫിക്കറ്റ് നൽകാവൂ. വ്യാജരേഖയുണ്ടാക്കിയാണ് സ്ഥാനാർഥി താമസസർട്ടിഫിക്കറ്റ് ഹാജരാക്കിയത്.
സ്ഥാനാർഥി പാലക്കാട് താമസിക്കാൻ തുടങ്ങിയിട്ട് മൂന്നുമാസം പോലും ആയിട്ടില്ല. ഭാര്യയുടെ പേരിലുള്ള വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ അദ്ദേഹം താമസിച്ചിട്ടില്ല. പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായശേഷം പാലക്കാട്ടുകാരനാണെന്നു കാണിക്കാൻ വേണ്ടിയാണ് വോട്ട് ചേർത്തത്. സ്ഥാനാർഥി ഇവിടെയില്ലാത്ത ആളാണെന്ന് എല്ലാവർക്കുമറിയാം.
സരിന്റെ മറുപടി: പാലക്കാട് കാടാങ്കോട്ട് 27-ാം വാർഡിലെ ചിന്ത നഗറിൽ 474-ാം നമ്പർ വീടാണ് എന്റേത്. ഇത് ഭാര്യ സൗമ്യ സരിന്റെ പേരിലുള്ളതാണ്. 2018-ലാണ് വീട് വാങ്ങിയത്. ഇവിടെ താഴെ നിലയിൽ സുഹൃത്തും കുടുംബവും വാടകയ്ക്കു താമസിക്കുന്നു. മുകളിലാണ് ഞാൻ താമസിച്ചിരുന്നത്. ഇപ്പോൾ താമസിക്കുന്നത് 200 മീറ്റർ അപ്പുറത്ത് വാടകവീട്ടിലാണ്.
തിരഞ്ഞെടുപ്പ് കാരണം താഴെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് വാടകവീടെടുത്തത്. ഈ വീടിന്റെ പേരിൽ ഞാനും സൗമ്യയും വോട്ടർ തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചത് എങ്ങനെ തെറ്റാകും? ഇരുവരും ലോക്‌സഭാതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ഒറ്റപ്പാലത്താണ്. ജൂലായിൽ വോട്ട് ഇങ്ങോട്ടു മാറ്റി. നഗരസഭ എന്തു രേഖയാണ് അന്യായമായി തന്നതെന്ന് പ്രതിപക്ഷനേതാവ് തെളിയിക്കണം. എപ്പോൾ വോട്ട് മാറ്റണമെന്നത് എന്റെ അവകാശമാണ്.
തിരുവില്വാമലയിൽ അമ്മയുടെ പേരിൽ വീടുണ്ട്. മുൻപ് അവിടത്തെ വോട്ടറായിരുന്നു. പിന്നീട് ഒറ്റപ്പാലത്ത് വാടകവീട്ടിലേക്കു മാറി. ആ വാടകച്ചീട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പ് വരെ അവിടെ വോട്ടുണ്ടായിരുന്നു. കോൺഗ്രസും ബി.ജെ.പി.യും വ്യാജവോട്ടാണ് ചേർത്തത്. അതുമായി ഇതിനെ തുലനം ചെയ്യരുത്.
ഒറ്റപ്പാലത്തെ വോട്ടർപ്പട്ടികയിൽ സരിന്റെ പേരില്ല
ഒറ്റപ്പാലം : ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഏറ്റവുമൊടുവിൽ വന്ന വോട്ടർപ്പട്ടികയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. പി. സരിന്റെ പേരില്ലെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അധികൃതർ പറഞ്ഞു.
മുമ്പ് ഒറ്റപ്പാലം തോട്ടക്കര എ.എൽ.പി. സ്കൂളിലെ 129-ാം നമ്പർ ബൂത്തിലാണ് സരിന്റെ പേരുണ്ടായിരുന്നത്. സരിൻ ഒറ്റപ്പാലത്ത് യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച 2021-ലെ തിരഞ്ഞെടുപ്പിൽ ഈ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. അന്ന് തോട്ടക്കരയിൽ തന്നെയാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group