പാലക്കാട് : തനിക്കെതിരായി യു.ഡി.എഫ്. ഇനിയും വ്യക്ത്യാധിക്ഷേപം തുടർന്നാൽ കോൺഗ്രസ് നേതാക്കൾ നടത്തിയ രാഷ്ട്രീയ ഡീലുകളുടെ യഥാർഥരേഖകൾ പുറത്തുവിടുമെന്ന് ഇടത് സ്വതന്ത്രസ്ഥാനാർഥി ഡോ. പി. സരിൻ. പാലക്കാട് പ്രസ്‌ക്ലബ്ബിൽ മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കയായിരുന്നു സരിൻ.
വ്യക്തിപരമായി ആക്ഷേപിക്കാൻ ഇല്ലാത്തകഥകളും ചിത്രങ്ങളും ശബ്ദങ്ങളും ഇനി ഒരെണ്ണംകൂടി പുറത്തുവന്നാൽ യു.ഡി.എഫ്. ക്യാമ്പ് തല്ലിപ്പിരിയുന്നതുപോലുള്ള സാധനങ്ങൾ ആളുകളുടെ കൈയിലെത്തും. അത് രാഷ്ട്രീയമര്യാദയുടെ ഭാഗമായി ചെയ്യാത്തതാണ്. കോൺഗ്രസിനുള്ളിൽനടന്ന ആർ.എസ്.എസ്. ബന്ധങ്ങൾ, ഡൽഹി കേന്ദ്രീകരിച്ചുനടന്ന ചർച്ചകൾ ആര്, ആരോട് എപ്പോൾ നടത്തിയെന്ന് നേതാക്കളുടെ പേരുപറഞ്ഞ് പാലക്കാട് ചർച്ചചെയ്യും -സരിൻ പറഞ്ഞു.
? ആരൊക്കെ തമ്മിലാണ് ഇവിടെ യഥാർഥമത്സരം
രണ്ടാംസ്ഥാനത്തിനുവേണ്ടിയാണ് യു.ഡി.എഫും ബി.ജെ.പി.യും മത്സരിക്കുന്നത്. അഞ്ചക്ക ഭൂരിപക്ഷത്തിൽ കോൺഗ്രസ് തോൽക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.
? ഇ.പി. ജയരാജന്റെ ആത്മകഥസംബന്ധിച്ച വിവാദം തിരിച്ചടിയായോ
ഇ.പി. പറയാത്ത കാര്യങ്ങൾ അദ്ദേഹം പറഞ്ഞെന്നുപറഞ്ഞാണ് ഇപ്പോൾ വിവാദമുണ്ടാക്കുന്നത്. പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ എഴുത്തും വായനയും അറിയുന്ന ചിലരുടെ ഗൂഢാലോചനയാണ് ഇതിനുപിന്നിൽ. ഉണ്ടായിരുന്ന ഒരു സാധനത്തിൽ കൃത്രിമം നടത്തുകയാണുണ്ടായത്.
? ബി.ജെ.പി. വഖഫ്ഭൂമി പ്രശ്‌നം ഉയർത്തുന്നുണ്ടല്ലോ
ബി.ജെ.പി. ധ്രുവീകരണരാഷ്ട്രീയത്തിന് ശ്രമിക്കയാണ്. ഒരു വോട്ടുപോലും പോസിറ്റീവ് രാഷ്ട്രീയംപറഞ്ഞ് സമാഹരിക്കാൻ അവർക്കറിയില്ല. ഇതിൽ ജനം മടുത്തിരിക്കയാണ്. അവർക്ക് കഴിഞ്ഞ തവണത്തേക്കാൾ 25 ശതമാനം വോട്ട് കുറയും.
?വയനാട്ടിൽ പോളിങ് ശതമാനം കുറഞ്ഞല്ലോ
കഴിഞ്ഞതവണ വോട്ടുചെയ്ത ഒരുലക്ഷത്തോളംപേർ വിട്ടുനിന്നു. വോട്ടിന്റെവില എന്താണെന്ന് വോട്ടുചെയ്യാതെ ജനം പഠിപ്പിച്ചു. യു.ഡി.എഫിന്റെ കേരളത്തിലെ സ്വീകാര്യത കുറഞ്ഞെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
വിജയിച്ചശേഷം എം.എൽ.എ. പാലക്കാട് ഉപേക്ഷിച്ചുപോയതിന്റെ ജനാധിപത്യപ്പക വോട്ടർമാരുടെ മനസ്സിലുണ്ട്. പാലക്കാട്ട് പോളിങ് ശതമാനം കൂടും.
? നീല ട്രോളിബാഗ് വിവാദം പ്രചാരണത്തെ ബാധിച്ചോ
സ്വന്തം അണികളെ ഉത്തേജിപ്പിക്കാൻ പണംകണ്ടെത്തേണ്ട അവസ്ഥ കോൺഗ്രസിനുവന്നത് അധഃപതനമാണ്. ഒരു ബൂത്തിൽ മുപ്പതിനായിരംരൂപവരെ വിതരണംചെയ്യുന്ന രീതിയുണ്ടെന്ന് പറഞ്ഞതിന്റെ പിറ്റേന്നാണ് ആ വിഷയമുണ്ടാകുന്നത്.
? വ്യാജവോട്ട് ചേർത്തുവെന്നതിനെക്കുറിച്ച് പരാതി നൽകുമോ
തെളിവുശേഖരിക്കയാണ്. കിട്ടിയാൽ പരാതിനൽകും.
? വികസന വിഷയങ്ങളിൽ സംവാദത്തിന് തയ്യാറാണോ
സംവാദത്തിന് തയ്യാർ. പക്ഷേ, യു.ഡി.എഫ്. സ്ഥാനാർഥിക്ക് ആത്മവിശ്വാസമുണ്ടാകില്ല. പറഞ്ഞുകൊടുക്കുന്നത് പാടിക്കൊണ്ടിരിക്കുന്ന ആളായിമാത്രം അദ്ദേഹം മാറി.
അതിനുപകരം മുൻ എം.എൽ.എ.യെ വിളിക്കുന്നതാകും നന്നാവുക. യു.ഡി.എഫ്. സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടാൽ മുൻ എം.എൽ.എ.യായിരിക്കും പ്രതിപുരുഷനായി ഉണ്ടാവുക. അതിനുവേണ്ടിയാണ് അദ്ദേഹം ഒരു ഡമ്മിയെ സ്ഥാനാർഥിയായി അവതരിപ്പിച്ചതെന്ന് പാലക്കാട്ടുകാർക്ക് മനസ്സിലായി.
? പ്രധാന എതിരാളിയെ സംബന്ധിച്ച് കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായമാണല്ലോ
കോൺഗ്രസിൽ ഒരേകാര്യത്തിന് ചുരുങ്ങിയത് അഞ്ച് അഭിപ്രായമെങ്കിലും വരും. രാഹുൽഗാന്ധിയോട് ഒരുലക്ഷം പേർക്ക് മടുപ്പുണ്ടാകാൻ കാരണം കേരളത്തിലെ കോൺഗ്രസിന്റെ കൈയിലിരിപ്പാണ്. വി.ഡി.സതീശനെ പ്രതിപക്ഷനേതാവാക്കിയതിൽ രാഹുൽഗാന്ധിക്ക് പിഴവുപറ്റി. എ.ഐ.സി.സി.യാണ് തന്നെ പ്രതിപക്ഷ നേതാവാക്കിയത് എന്നത് ഒരർഥത്തിൽ കുറ്റസമ്മതമാണ്. ഇനി സ്ഥാനത്തിരുന്ന് കാര്യങ്ങൾപറയാൻ അധികം അവസരങ്ങളുണ്ടാകില്ല.
?ചിലയിടത്ത് കുറിമായ്ക്കുന്നതായി എൻ.ഡി.എ. സ്ഥാനാർഥി പറഞ്ഞിരുന്നുകുളിക്കുമ്പോൾ കുറി മായും. കുറിതൊടുകയെന്നത് ബോധപൂർവം ചെയ്യുന്നതല്ല. അത് ആരെയും ബോധിപ്പിക്കാൻ ചെയ്യുന്നതല്ല.
(കടപ്പാട്: മാതൃഭൂമി ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group