പാലക്കാട്: പോളിങ് ദിനത്തിൽ ഇടതുമുന്നണിയെ വെട്ടിലാക്കി പുറത്തുവന്ന ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ. തിരഞ്ഞെടുപ്പ് ദിനം ഇത്തരമൊരു വിവാദമുണ്ടായത് ആസൂത്രിതമാണ്. ആത്മകഥ എഴുതുന്നതിന് പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ അനുവാദം വാങ്ങുമെന്നും ഇ.പി വ്യക്തമാക്കി.
ആത്മകഥ ഇപ്പോൾ എഴുതുകയാണ്. അത് പൂർത്തിയായിട്ടില്ല. ആർക്കും പ്രസാധന ചുമതല നൽകിയിട്ടില്ല. ഡി.സി. ബുക്സും മാതൃഭൂമിയും സമീപിച്ചിരുന്നു. ഒരാൾക്കും കരാർ നൽകിയിട്ടില്ല. സ്വന്തമായാണ് ആത്മകഥ എഴുതുന്നത്. ആരെയും ഏൽപ്പിക്കുന്നില്ല. ഭാഷാശുദ്ധി വരുത്താൻ വേണ്ടി മാത്രം ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാൻ തനിക്ക് മാത്രമാണ് അധികാരം. ആർക്കും ചുമതല നൽകിയിട്ടില്ല. കവർ പേജ് പോലും ഇന്നലെയാണ് കാണുന്നത്. പുസ്തകം അധികം താമസിയാതെ പുറത്തിറക്കും. അപ്പോൾ കാര്യങ്ങൾ മനസ്സിലാക്കും.
ഭാഷാശുദ്ധി നോക്കാൻ നൽകിയ ആളുടെ അടുത്തും ഇക്കാര്യം പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൈയ്യിൽ നിന്ന് ചോർന്നിട്ടുണ്ടോ ഏതെങ്കിലും ഭാഗമെന്ന് നോക്കാൻ പറഞ്ഞിട്ടുണ്ട്. വിശ്വസിക്കാൻ പറ്റുന്ന ഒരു പത്രപ്രവർത്തകനെയാണ് ഇക്കാര്യം ഏൽപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് എഴുതിക്കൊടുത്ത് തയ്യാറാക്കിയതിൽനിന്ന് മോഷണം പോയോ എന്ന് പരിശോധിക്കാൻ പറഞ്ഞു. ഇത് ഏങ്ങോട്ടെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കാൻ അദ്ദേഹത്തിന് നിർദേശം നൽകിയതായും ജയരാജൻ കൂട്ടിച്ചേർത്തു.
ഡി.ജി.പിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വന്നിട്ടുള്ള ഒരു കാര്യവും താൻ എഴുതിയതല്ല. ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യ പേജിൽ ഇത് വരണമെങ്കിൽ നിസ്സാരമായ കാര്യമായി കാണുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു സംഭവം ഉണ്ടായത് ആസൂത്രിതമായാണ്. പാലക്കാട്ടും ചേലക്കരയിലും ഇടതുപക്ഷം മുന്നേറുകയാണ്. ഈ രാഷ്ട്രീയസാഹചര്യം ഉയർന്നുവരുമ്പോൾ അത് ഇല്ലാതാക്കാൻ വേണ്ടി നടത്തിയതാണ്. കഴിഞ്ഞ തവണ ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാർത്ത തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവിട്ടതും ആസൂത്രിതമായിരുന്നു.
ഡി.സി. ബുക്സുമായി യാതൊരു കരാറുമില്ല. ഇതുവരെ എഴുതിയതിൽ തെറ്റു തിരുത്താൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. മാധ്യമങ്ങൾ വഴിയാണ് ഇത് അറിയുന്നത്. അപ്പോൾ തന്നെ ഡി.സി. ബുക്സുമായി ബന്ധപ്പെട്ടിരുന്നു. എങ്ങിനെയാണ് ഇത് സംഭവിച്ചത് എന്ന് അവരോട് ചോദിച്ചിരുന്നു. എന്നാൽ, അവർ കൃത്യമായി മറുപടി തന്നിട്ടില്ല. ജയരാജൻ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group