വടകര : ഇന്റർവ്യൂവിനായി എറണാകുളത്തേക്ക് തീവണ്ടിയിൽ യാത്രചെയ്ത ഒരു കുടുംബത്തിന്റെ അനുഭവമാണിത്. പങ്കുവെച്ചത് മണിയൂർ എച്ച്.എസ്.എസ്. അധ്യാപകൻ കെ.പി. വിനോദൻ. ‘റിസർവേഷൻ കിട്ടാത്തതുകൊണ്ട് ഞാനും ഭാര്യാസഹോദരിയുടെ മകളും വടകരയിൽനിന്ന് ഇന്റർസിറ്റിക്ക് ജനറൽ ടിക്കറ്റ് എടുത്തു, വണ്ടി വന്നപ്പോൾ ജനറൽ കമ്പാർട്ട്‌മെന്റിൽ അടുക്കാൻപറ്റാത്ത തിരക്ക്...പാടില്ലെന്നറിഞ്ഞിട്ടും എ.സി. കോച്ചിൽ കയറി ശൗചാലയത്തിനരികെനിന്നു. ഷൊർണൂരിൽ എത്തിയപ്പോൾ ടി.ടി.ആറും പോലീസും ഞങ്ങളെ പുറത്താക്കി. ലഗേജുമായി തീവണ്ടിയുടെ നീളത്തിൽ പാഞ്ഞു... ഒരിടത്തും കാലുവെക്കാൻ സ്ഥലമില്ല.... ഇതോടെ വണ്ടിപോകുന്നത് നിർവികാരമായി നോക്കിനിന്നു... അടുത്തവണ്ടി രാത്രി 8.45-ന്. അതിലുള്ളത് രണ്ടു ജനറൽ കമ്പാർട്ട്‌മെന്റ് മാത്രം. ഇതോടെ തീവണ്ടിയാത്ര ഉപേക്ഷിച്ച്...കിട്ടിയ ബസിൽക്കയറി.’
വിനോദൻ ഉയർത്തുന്ന ഒരു ചോദ്യമുണ്ട് -‘ജനറൽ കമ്പാർട്ട്‌മെന്റിന്റെ ശേഷിക്കനുസരിച്ച് ടിക്കറ്റ് കൊടുത്താൽപോരേ. ഞങ്ങൾക്ക് പൈസ കിട്ടണം. നിങ്ങൾ യാത്രചെയ്താലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാട് ന്യായമാണോ.’ .
തിരക്കേറും വണ്ടികൾ ഒരു ഡസനിലേറെ...
വൈകീട്ട് കോഴിക്കോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്കുള്ളത് മൂന്ന് തീവണ്ടികളാണ്. അഞ്ചുമണിക്ക് പരശുറാം എക്സ്‌പ്രസ്, 5.10-ന് നേത്രാവതി, 6.15-ന് കോയമ്പത്തൂർ- കണ്ണൂർ എക്സ്‌പ്രസ്. ഈ മൂന്നു വണ്ടികളിൽ കയറിപ്പറ്റാനും അത്യാവശ്യം തടിമിടുക്ക് വേണം. ജോലിചെയ്ത് ക്ഷീണിച്ചുവരുന്നവരെ സംബന്ധിച്ച് ശരിക്കും അഗ്നിപരീക്ഷ. ‘ജോലിയൊന്നും പ്രശ്നമല്ല... രാവിലത്തെയും വൈകീട്ടത്തെയും തീവണ്ടിയാത്രയെക്കുറിച്ചോർക്കുമ്പോൾ ഉറക്കം പോലും വരാറില്ല...’ കോഴിക്കോട്ട് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാഹി സ്വദേശിനി ഷീന പറയുന്നു. ഇതാണ് ഭൂരിഭാഗം സ്ത്രീയാത്രക്കാരുടെയും അവസ്ഥ.
പരശുവിൽ 12 ജനറൽ കമ്പാർട്ടുമെന്റുകളുണ്ടെങ്കിലും ഇത് പൂർണമായും നിറഞ്ഞിരിക്കും. കൃത്യസമയത്ത് പുറപ്പെടുമെന്നതിനാൽ അഞ്ചുമണിക്ക് ഓഫീസിൽ നിന്നിറങ്ങുന്നവർക്ക് ഈ വണ്ടി കിട്ടില്ല. അധ്യാപകരും വിദ്യാർഥികളുമാണ് ഏറെയുമുണ്ടാവുക. 5.10-നുള്ള നേത്രാവതി പലപ്പോഴും വൈകും. ഓഫീസ് വിട്ട് ഓടിയെത്തുന്നവരുടെ ലക്ഷ്യം ഇതായിരിക്കും. പക്ഷേ, രണ്ട് ജനറൽ കമ്പാർട്ട്‌മെന്റ് മാത്രമേ ഉളളൂ. തിരൂർ മുതൽതന്നെ ഇത് നിറയും. പിന്നെ റിസർവേഷൻ കോച്ചുകളാണ് ആശ്രയം. ഇതിലെ യാത്രക്കാരുമായി തർക്കങ്ങൾ പതിവാണ്. കഴിഞ്ഞദിവസവും പോലീസെത്തി കുറേപ്പേരെ ഇറക്കി. ഇതുകൊണ്ടൊന്നും 6.15-നുള്ള കോയമ്പത്തൂർ- കണ്ണൂർ എക്സ്‌പ്രസിൽ തിരക്ക് കുറയില്ല. പിറകിൽ വരുന്ന പല വണ്ടികൾക്കും വഴിമാറിക്കൊടുക്കേണ്ടതിനാൽ കാത്തിരിക്കാനാണ് ഈ വണ്ടിയുടെ വിധി. ഒരാഴ്ചമുമ്പ് വണ്ടി കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത് ഒരുമണിക്കൂർ വൈകിയാണ്. തിരക്കിൽ ശരീരവും മനസ്സും തളർന്നവരോട് കാണിക്കുന്ന ക്രൂരത.
ഉച്ചയ്ക്ക് 12.35-ന് കോഴിക്കോട്ടെത്തുന്ന നാഗർകോവിൽ- മംഗളൂരു ഏറനാട് എക്സ്‌പ്രസ്, 1.20-ന്റെ കോയമ്പത്തൂർ- മംഗളൂരു എക്സ്‌പ്രസ്, രാവിലെ 6.49-ന് വടകരയിലെത്തുന്ന കണ്ണൂർ-കോയമ്പത്തൂർ എക്സ്‌പ്രസ്, 1.40-ന് എത്തുന്ന കോയമ്പത്തൂർ ഇന്റർസിറ്റി, 3.30-ന്റെ എറണാകുളം ഇന്റർസിറ്റി, 4.45-ന്റെ ചെന്നൈ മെയിൽ, 5.40-ന്റെ തിരുവനന്തപുരം എക്സ്‌പ്രസ് തുടങ്ങിയവയെല്ലാം നല്ല തിരക്കുള്ള വണ്ടികളാണ്. രാത്രിയിലെ മലബാർ എക്സ്‌പ്രസ്, മാവേലി എക്സ്‌പ്രസ് എന്നിവയിലെ ജനറൽ കമ്പാർട്ട്‌മെന്റുകളിൽ കുത്തിനിറച്ചുള്ള യാത്ര പതിവുകാഴ്ച.
നീളുന്ന ഇടവേളകൾ...
ചില സ്ഥലങ്ങളിലേക്ക്, പ്രത്യേകിച്ച് വടക്കൻ മലബാറിലേക്ക് തീവണ്ടികളുടെ സമയത്തിലുള്ള ഇടവേള മണിക്കൂറുകളോളമാണ്. തിരക്കിന്റെ യഥാർഥകാരണവും ഇതുതന്നെ. ചില ഉദാഹരണങ്ങൾ.
കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക് രാവിലെ 9.15-നുള്ള കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി എക്‌്സ്‌പ്രസ് പോയാൽ പിന്നെയുള്ളത് 12.35-നുള്ള ഏറനാട് എക്സ്‌പ്രസ്. ഇടവേള മൂന്നേകാൽ മണിക്കൂർ.
കോഴിക്കോട്ടുനിന്ന് വൈകിട്ട് 5.10-ന് നേത്രാവതി പോയാൽപ്പിന്നെ, മംഗളൂരു ഭാഗത്തേക്കുള്ളത് രാത്രി 1.15-ന് വെസ്റ്റ് കോസ്റ്റ്. ഇടവേള എട്ടുമണിക്കൂർ. 6.15-നുള്ള കോയമ്പത്തൂർ- കണ്ണൂർ എക്സ്‌പ്രസ് പോയാൽ വടകര, കണ്ണൂർ ഭാഗത്തേക്കുള്ളത് 9.32-ന്റെ എക്സിക്യുട്ടീവ് എക്സ്‌പ്രസ്. ഇടവേള മൂന്നേകാൽ മണിക്കൂർ.
വടകരനിന്ന് രാവിലെ 10.20-ന് കോഴിക്കോട് ഭാഗത്തേക്കുളള ഏറനാട് എക്സ്‌പ്രസ് പോയാൽ പിന്നെയുള്ളത്, 12.40-ന്റെ മംഗളൂരു-കോയമ്പത്തൂർ എക്സ്‌പ്രസ്. ഇടവേള രണ്ടേകാൽ മണിക്കൂർ. (തുടരും)ജീവൻ കൈപ്പിടിയിൽ
വരുമാനത്തിൽ കുതിപ്പ്, എന്നിട്ടും...
2016-17ൽ ജില്ലയിലെ 15 സ്റ്റേഷനുകളിൽനിന്ന് റെയിൽവേക്ക് ലഭിച്ച വരുമാനം 151.54 കോടി രൂപ. 2022-23 വർഷം ഇത് 205.91 കോടി രൂപയായി ഉയർന്നു. വർധിച്ചത് 54.37 കോടി രൂപയുടെ വരുമാനം. ഒരുദിവസം ജില്ലയിലെ സ്റ്റേഷനുകളിൽനിന്നുള്ള വരുമാനം 56.41 ലക്ഷം രൂപയാണ്. അഞ്ചുവർഷംമുമ്പ് ഇത് 41 ലക്ഷമായിരുന്നു. വരുമാനം കൂടുന്നതല്ലാതെ യാത്രക്കാർക്ക് പ്രത്യേകിച്ച് മെച്ചമൊന്നുമില്ല.
പ രശുറാം എക്സ്പ്രസ് വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് വിട്ടപ്പോൾ തിരക്കുകാരണം വാതിൽപ്പടിയിൽ തൂങ്ങിനിന്ന് യാത്രചെയ്യുന്നവർ. അപകടകരമായ ഇത്തരം യാത്രകൾ സ്ഥിരം കാഴ്ചയാണ് ( കടപ്പാട് : മാതൃഭൂമി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group