തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേരിന് പകരം 'ഭാരത്' എന്നാക്കി മാറ്റാനുള്ള എന്‍.സി.ഇ.ആര്‍.ടി. തീരുമാനം തള്ളി കേരളം. ഭരണഘടനയില്‍ത്തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരത് എന്നത് എവിടെയും ഉപയോഗിക്കാന്‍ ഓരോ പൗരനും അവകാശമുണ്ടെന്നും ഭാരതമെന്നത് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് പറയുന്നത് ദുഷ്ടലാക്കും സങ്കുചിത രാഷ്ട്രീയവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
സാമൂഹിക ശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് നിയോഗിച്ച എന്‍.സി.ഇ.ആര്‍.ടി. സമിതി നല്‍കിയ ശുപാര്‍ശകളെ കേരളം തുടക്കത്തില്‍തന്നെ തള്ളിയതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടനയില്‍ത്തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരത് എന്നത് എവിടെയും ഉപയോഗിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായി ഇനിയങ്ങോട്ട് ഭാരതമെന്നത് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് പറയുന്നത് ദുഷ്ടലാക്കോടെയുള്ളതും സങ്കുചിത രാഷ്ട്രീയവുമാണ്. ഇത് കേരളം അംഗീകരിക്കില്ല, ശിവന്‍കുട്ടി പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ളതാണ് കേരളത്തിലെ പാഠപുസ്തകങ്ങള്‍. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ചേര്‍ത്തുപിടിച്ചും യഥാര്‍ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്രചിന്ത വളര്‍ത്തുന്നതുമായ ഒരു പാഠ്യപദ്ധതി പരിഷ്‌കരണമാണ് കേരളത്തില്‍ നടക്കുക എന്ന് പദ്ധതി പരിഷ്‌കരണം ആരംഭിച്ചപ്പോള്‍തന്നെ വ്യക്തമാക്കിയതാണ്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. പാഠപുസ്തക പരിഷ്‌കരണത്തില്‍ സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയിട്ടില്ല. വരാന്‍പോകുന്ന തലമുറ യഥാര്‍ഥ ചരിത്രം പഠിക്കേണ്ടെന്ന കേന്ദ്ര നിലപാട് കടുത്ത രാജ്യദ്രോഹത്തിന് തുല്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും ശാസ്ത്ര നീരസമുള്ളതും യഥാര്‍ഥ ചരിത്രത്തിന്റെ വളച്ചൊടിക്കലുമാണ് എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളിലൂടെ കുട്ടികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇതിനെതിരേ കേരളം അക്കാദമികമായി സംവാദങ്ങള്‍ നടത്തി പ്രതിരോധിക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു.
2024 ജൂണില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകളും 2025 ജൂണില്‍ രണ്ട്, നാല്, ആറ്, എട്ട്, പത്ത്ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങളും വിതരണത്തിനെത്തിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
ചരിത്രവസ്തുതകളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങളെ കേരളം തള്ളിക്കളയുകയാണ്. ദേശീയതലത്തില്‍ ഇതിനെതിരേ സംസ്ഥാനം നേരത്തേതന്നെ പ്രതികരിച്ചിട്ടുണ്ട്. 11, 12 ക്ലാസുകളിലെ ചരിത്രം, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി തുടങ്ങിയ പാഠപുസ്തകങ്ങള്‍ക്ക് അഡീഷണല്‍ പാഠപുസ്തകം പ്രസിദ്ധീകരിച്ചാണ് കേരളം മുന്‍പ് പ്രതികരിച്ചത്. ഇന്ത്യയില്‍ ഇത്തരത്തില്‍ അക്കാദമികമായി പ്രതികരിച്ച ഏക സംസ്ഥാനം കേരളമാണ്. ആ പാഠപുസ്തകം കുട്ടികള്‍ക്ക് പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്നതിനുള്ള പാഠപുസ്തകമാക്കി മാറ്റി. അംഗീകരിക്കുന്നില്ല എന്നു പറയുക മാത്രമല്ല, പ്രവൃത്തിയിലൂടെ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇത്തരം നിലപാട് തന്നെയാണ് സംസ്ഥാനം തുടര്‍ന്നും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
എന്‍.സി.ഇ.ആര്‍.ടി. കൈക്കൊണ്ട തീരുമാനംകൊണ്ട് കേരളത്തില്‍ പ്രശ്‌നമുണ്ടാവാന്‍ സാധ്യതയില്ല. എസ്.ഇ.ആര്‍.ടി. സിലബസാണ് കേരളത്തില്‍ ഒന്നുമുതല്‍ പത്തുവരെ പഠിപ്പിക്കുന്നത്. വിദ്യാഭ്യാസം ഭരണഘടനയിലെ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതായതിനാല്‍ സംസ്ഥാനത്തിന് സ്വന്തമായി തീരുമാനമെടുക്കാനും മുന്നോട്ടുപോകാനുമുള്ള അവകാശമുണ്ട്. 11, 12 പാഠപുസ്തകങ്ങളില്‍ കുറച്ച് നിലവില്‍ എന്‍.സി.ഇ.ആര്‍.ടി.യുടേതായി ഉപയോഗിക്കുന്നുണ്ട്. വിഷയങ്ങളില്‍ കരിക്കുലം കമ്മിറ്റിയുമായും മുഖ്യമന്ത്രിയുമായും കൂടിയാലോചിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group