മായ്ക്കാനാവുമോ മഹാകവിയെ : എം.എൻ. കാരശ്ശേരി

മായ്ക്കാനാവുമോ മഹാകവിയെ : എം.എൻ. കാരശ്ശേരി
മായ്ക്കാനാവുമോ മഹാകവിയെ : എം.എൻ. കാരശ്ശേരി
Share  
2023 Oct 26, 03:55 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ആ പേര്‌ ഒഴിവാക്കിയതിൽ പൈതൃകനിന്ദയുണ്ട്‌. ചരിത്രനിഷേധമുണ്ട്‌.

സംസ്കാരശൂന്യതയുണ്ട്‌.

മഹാകവി ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ നിരാസമുണ്ട്‌. ആ നാമധേയം അതിരുകളില്ലാത്ത മാനവികതയുടെ സ്മാരകഫലകമാണ്‌.


എവിടെ മനസ്സ് നിർഭയവും

ശിരസ്സ് സമുന്നതവും

ആയിരിക്കുന്നുവോ...

ആ സ്വാതന്ത്ര്യ

സ്വർഗത്തിലേക്ക്

എന്റെ താതാ,

എന്റെ രാജ്യം

ഉണരേണമേ!

-രബീന്ദ്രനാഥ ടാഗോർ


ഇന്ത്യക്ക് ഇന്ന് പുറംലോകത്തുള്ള മേൽവിലാസം മൂന്നു വ്യക്തികളുടെ പേരിലാണ്. ഗാന്ധിജി, നെഹ്രു, ടാഗോർ. സത്യം, അഹിംസ തുടങ്ങിയ മൂല്യങ്ങൾ ജനാധിപത്യകാലത്ത് മറ്റേതു കാലത്തെക്കാളും സുപ്രധാനമാണ് എന്ന് പ്രബോധനം ചെയ്യുകയും അത് പ്രായോഗികമാണ് എന്ന് തെളിയിച്ചുകാട്ടുകയുംചെയ്ത ആധുനിക രാഷ്ട്രീയ ചിന്തകൻ എന്ന നിലയിലാണ് ഗാന്ധിജിയുടെ പ്രസക്തി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ അതിനെപ്പറ്റി പഠനവും സംവാദവും നടക്കുന്നുണ്ട്.

നീണ്ട പതിനേഴുകൊല്ലം തുടർച്ചയായി പ്രധാനമന്ത്രിപദത്തിലിരുന്ന് ഇന്ത്യപോലൊരു സങ്കീർണരാജ്യത്തെ നയിച്ച രാഷ്ട്രതന്ത്രജ്ഞൻ എന്ന നിലയിലാണ് ജവാഹർലാൽ നെഹ്രു ശ്രദ്ധിക്കപ്പെടുന്നത്. ലിംഗസമത്വം, ജനാധിപത്യം, മതേതരത്വം, ലോകസമാധാനം, ഫാസിസം തുടങ്ങി വിവിധ രാഷ്ട്രങ്ങൾക്ക് ഇന്നും പ്രശ്നമായിരിക്കുന്ന അനേകം വിഷയങ്ങളിൽ അദ്ദേഹം എടുത്ത നയങ്ങളും തീരുമാനങ്ങളും വിശകലനംചെയ്തു പഠിക്കപ്പെടുന്നുണ്ട്.


ഒരു മഹാകവി എന്നപോലെ വിശ്വമാനവികതയെ വിവിധങ്ങളായ കലാരൂപങ്ങളിലൂടെ സാക്ഷാത്കരിക്കാൻ പരിശ്രമിച്ച ദാർശനികനായിട്ടാണ് ഇന്ത്യക്കുപുറത്തും ടാഗോർ സർവാദരണീയനായിരിക്കുന്നത്. ആയിരത്താണ്ടുകളുടെ മഹിതപാരമ്പര്യമുള്ള ഭാരതീയ പൈതൃകത്തിന്റെ ആധുനികകാലത്തെ പ്രതിപുരുഷനായി മഹാകവി മനസ്സിലാക്കപ്പെടുന്നു. ഈ ആലോചനയിലേക്ക് വഴിതുറന്നത് പശ്ചിമബംഗാളിൽനിന്ന് ഇപ്പോൾ എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന വാർത്തകളാണ്.


രബീന്ദ്രനാഥ ടാഗോർ ‘ശാന്തിനികേതൻ’ സ്ഥാപിച്ച (1901) പ്രദേശം യുനെസ്കോ ലോക പൈതൃകസ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത് വിളംബരംചെയ്തുകൊണ്ട് സ്ഥാപിച്ച മൂന്നു ഫലകങ്ങളിലും അവിടത്തെ വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർകൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇപ്പോഴത്തെ വൈസ്ചാൻസലർ ബിദ്യുത് ചക്രവർത്തിയുടെയും പേരുണ്ട്. സ്ഥാപകൻ രവീന്ദ്രനാഥടാഗോറിന്റെ പേര് ഒരു ഫലകത്തിലുമില്ല. ‘ഗുരുദേവ്’ ടാഗോറിനെ അവഗണിച്ചതിൽ സംസ്ഥാനത്ത് വൻപ്രതിഷേധം ഇരമ്പുകയാണ്.


ഒരു പേര്‌ ഒഴിവായത്‌ ഇത്ര വലിയ പ്രശ്നമാണോ? ഒഴിവായതല്ല, ഒഴിവാക്കിയതാണ്‌. ശാന്തിനികേതൻ എന്നോ വിശ്വഭാരതി എന്നോ കേട്ടാൽ ഒരുമാതിരിക്കാരുടെയൊക്കെ മനസ്സിൽ ഉണരുന്ന പേരാണ്‌ ടാഗോറിന്റേത്‌.

ഇങ്ങനെയൊരവസരം കേരളകലാമണ്ഡലത്തിന്‌ വന്നുകിട്ടിയിട്ട്‌ അവിടെ സ്ഥാപിക്കുന്ന ഫലകത്തിൽനിന്ന്‌ സ്ഥാപകനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ (1878-1958) പേര്‌ ഒഴിവാക്കുന്ന സ്ഥിതിവിശേഷം ഓർത്തുനോക്കിയാൽ ഈ സാഹചര്യം മലയാളികൾക്ക്‌ എളുപ്പം തിരിഞ്ഞുകിട്ടും.


ആ പേര്‌ ഒഴിവാക്കിയതിൽ പൈതൃകനിന്ദയുണ്ട്‌. ചരിത്രനിഷേധമുണ്ട്‌. സംസ്കാരശൂന്യതയുണ്ട്‌. മഹാകവി ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ നിരാസമുണ്ട്‌. ആ നാമധേയം അതിരുകളില്ലാത്ത മാനവികതയുെട സ്മാരകഫലകമാണ്‌. അവിടെയാണ്‌ തമസ്കരണത്തിന്റെ വേര്‌ അന്വേഷിക്കേണ്ടത്‌. ഫാസിസ്റ്റുകൾക്ക്‌ കയ്‌ക്കുന്ന പേരുകളിൽ പ്രധാനമാണ്‌ മഹാകവിയുടേത്‌.

ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല. ജവാഹർലാൽ നെഹ്രുവിനെ തമസ്കരിക്കാൻ കുറെക്കാലമായി കേന്ദ്ര ഗവൺമെന്റ്‌ നടത്തിപ്പോരുന്ന ഹീനശ്രമങ്ങൾ ഓർത്തുനോക്കുക. ഡൽഹി തീൻമൂർത്തിഭവനിലെ ‘നെഹ്രു മ്യൂസിയ’(1964)ത്തിന്റെ പേര്‌ ‘പ്രധാനമന്ത്രിയുടെ മ്യൂസിയം’ എന്നുമാറ്റിയത്‌ (ജൂൺ 2023) അക്കൂട്ടത്തിൽ ചെറിയൊരു ഉദാഹരണംമാത്രം.


ബംഗാളിൽ ആദരപൂർവം ‘മഹർഷി ടാഗോർ’ എന്നു വിളിച്ചിരുന്ന ദേവേന്ദ്രനാഥ്‌ ടാഗോറി(1817-1905)ന്റെ പുത്രനാണ്‌ രവീന്ദ്രനാഥ്‌. ‘ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്‌’ എന്ന്‌ കേളിപ്പെട്ട രാജാറാം മോഹൻ റായി(1772-1833)യുടെ സഹപ്രവർത്തകനാണ്‌ ദേവേന്ദ്രനാഥ്‌. ഭാര്യ, ഭർത്താവിന്റെ ചിതയിൽച്ചാടി മരിക്കണം എന്ന്‌ നിഷ്‌കർഷിക്കുന്ന ഉടന്തടിച്ചാട്ട(സതി)ത്തിനെതിരായി പ്രക്ഷോഭം നടന്നത്‌ അവരുടെ നേതൃത്വത്തിലാണ്‌.


ഈ നവോത്ഥാനധാരയുടെ കൂടെയാണ് യൗവനാരംഭം മുതലേ രവീന്ദ്രനാഥ ടാഗോർ നിന്നത്. കവി, നാടകകൃത്ത്, ചെറുകഥാകാരൻ മുതലായ നിലകളിലെല്ലാം സമുദായ പരിഷ്കരണത്തിനും സാമൂഹിക നവോത്ഥാനത്തിനും ഊന്നൽ നൽകിക്കൊണ്ടാണ് അദ്ദേഹം മുന്നേറിയത്.

ടാഗോർ രാഷ്ട്രീയപ്രവർത്തകനായിരുന്നില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിലോ സ്വാതന്ത്ര്യസമരത്തിലോ ഒരു രാഷ്ട്രീയക്കാരന്റെ നിലയിൽ അദ്ദേഹം പങ്കെടുക്കുന്നില്ല. എങ്കിലും 1890-ലെ കോൺഗ്രസ്‌ സമ്മേളനത്തിൽ പങ്കെടുക്കുകയും അതിന്റെ തുടക്കത്തിൽ ബങ്കിംചന്ദ്ര രചിച്ച ‘വന്ദേമാതരം’ ആലപിക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യരചന അടക്കമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ കോളനി വാഴ്ചയ്ക്കെതിരായ സമരങ്ങൾക്ക് വലിയ ഊർജം പകരുന്നവയായിരുന്നു.


നമ്മുടെ ദേശാഭിമാനം ഉണർത്തുന്നതിൽ വലിയ പങ്കുവഹിച്ച സാഹിത്യകാരനായ ടാഗോർ ‘ഗീതാഞ്ജലി’ക്ക് നൊബേൽ സമ്മാനം നേടുക (1913) വഴി ആ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്നപോലെ യൂറോപ്പുകാരനല്ലാത്ത ആദ്യത്തെ എഴുത്തുകാരൻ കൂടിയായിത്തീർന്നു. ആ വകുപ്പിൽ ബ്രിട്ടീഷ് സർക്കാർ ആ ഇന്ത്യൻ പ്രജയെ ‘സർ’ സ്ഥാനം നൽകി ആദരിച്ചു (1915). പക്ഷേ, കുപ്രസിദ്ധമായ ജലിയൻവാലാബാഗ്‌ കൂട്ടക്കൊല (13 ഏപ്രിൽ 1919)യിൽ പ്രതിഷേധിച്ച് മഹാകവി ആ പദവി തിരിച്ചുകൊടുത്തു. ‘സർ’ ബഹുമതി ഉപേക്ഷിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി അദ്ദേഹം ചരിത്രത്തിൽ സ്ഥാനപ്പെട്ടു.


ലേഖനാരംഭത്തിൽ പറഞ്ഞ ഗാന്ധിജി, നെഹ്രു, ടാഗോർ എന്നീ മൂന്നുപേർക്കും ചരിത്രത്തിലുള്ള സ്ഥാനത്തിന് പ്രധാനകാരണം ദേശീയത, മതവിശ്വാസം, ഭാഷ, വംശം മുതലായ ചിന്താഗതികളുടെ പരിമിതികളെ ഭേദിച്ച് വളർന്നുവെന്നതാണ്. ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുമ്പോഴും അത് അന്തർദേശീയതയുടെ ഭാഗംമാത്രമാണ് എന്ന തിരിച്ചറിവ് ഇവർക്കുണ്ടായിരുന്നു.


നമ്മുടെ ‘ദേശീയഗാന’ത്തിന്റെ രചയിതാവായ ടാഗോറാണ് തന്റെ ജീവിതസായാഹ്നത്തിൽ ചുറ്റും മുഴുത്തുവരുന്ന ദേശീയത ഭാവിയിൽ സൃഷ്ടിക്കാനിടയുള്ള ആപത്തുകളെപ്പറ്റി നിരന്തരം നമ്മെ താക്കീതു ചെയ്തുകൊണ്ടിരുന്നത്. ‘മഹാത്മാ’ എന്ന വിശേഷണത്തിന് പ്രചാരവും സ്വീകാര്യതയും നൽകിയ ടാഗോർ ഗാന്ധിജിയോടുപോലും ഇക്കാര്യത്തിൽ ചിലപ്പോൾ കലഹിച്ചു. സ്വാതന്ത്ര്യലാഭത്തിനും ആറുവർഷംമുമ്പേ ടാഗോർ മരിച്ചുപോയി (1941) ­എന്നോർക്കുക. സർവാധിപത്യം ലക്ഷ്യമാക്കുന്ന ഫാസിസ്റ്റുകളുടെ പ്രധാനപ്പെട്ട ആയുധം അന്ധമായ ദേശഭക്തിയാണ്. ഇറ്റലിയിൽ മുസോളിനി (1883-1945)യും ജർമനിയിൽ ഹിറ്റ്‌ലറും (1889-1945) അവരുടെ കൊടൂരതകൾക്ക് മറയായി ഉപയോഗിച്ചത് സ്വദേശാഭിമാനമാണ്.


വെറുപ്പ് ഉത്‌പാദിപ്പിക്കാൻ ദേശീയതാവികാരത്തിന് എളുപ്പമുണ്ട്. അകത്തും പുറത്തുമുള്ള ‘ശത്രുക്കൾ’ ഈ ദേശീയതയുടെ എതിരാളികളാണ് എന്ന് പ്രഖ്യാപിച്ചാൽ അവരുടെ നേരെ കയ്പും വെറുപ്പും താനെ വളർന്നുകേറും. നമ്മൾ കരുതിയിരുന്നില്ലെങ്കിൽ ദേശീയത തീവ്രമായ പ്രത്യയശാസ്ത്രമായിത്തീർന്ന് ഹിംസയിലേക്കു മുതിരും. ഒന്നാം ലോകയുദ്ധ (1914-1918)ത്തിനും രണ്ടാം ലോകയുദ്ധ (1939-1945)ത്തിനും ഹേതുവായിത്തീർന്നത് അന്ധമായ ദേശാഭിമാനമാണ്. ‘തെറ്റായാലും ശരിയായാലും എന്റെ രാഷ്ട്രത്തിനുവേണ്ടി’ എന്ന മനോഭാവത്തിൽനിന്നാണ് ആ രണ്ട് മഹാദുരന്തങ്ങളും ഉരുവായിത്തീർന്നത്.

അതുകൊണ്ടാണ് ‘വിശ്വകവി’ടാഗോർ നമ്മളെ ഓർമിപ്പിച്ചുകൊണ്ടിരുന്നത്:


‘ദേശീയത രാഷ്ട്രീയനയം എന്നതിലധികം വിശാലമായ മാനവികതാ ബോധമാവണം. ലോകസമാധാനം, സമുദായ സൗഹാർദം, സാമൂഹികക്ഷേമം തുടങ്ങിയ ആശയങ്ങൾക്കാവണം ഊന്നൽ. രാഷ്ട്രീയസ്വാതന്ത്ര്യംപോലെ എല്ലാ പരിമിതികളിൽനിന്നും മനുഷ്യമനസ്സ് സ്വതന്ത്രമാവുക എന്നതും പ്രധാനമാണ്. മാനവികതയ്ക്ക് അതിരുകളില്ല, ഉണ്ടാവാൻ പാടില്ല.’ ( കടപ്പാട് :മാതൃഭൂമി )

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25