നാട് പുരോഗമിക്കും തോറും യാത്രാസൗകര്യങ്ങളും കൂടണം. പ്രത്യേകിച്ച്, സാധാരണക്കാരുടെ പൊതുയാത്രാമാർഗങ്ങൾ. റെയിൽവേ ട്രാക്കിലെ ‘പുരോഗതി’ നേരിട്ടറിയണമെങ്കിൽ രാവിലെ പരശുറാം എക്സ്‌പ്രസിൽ കയറുക. ‘വാഗൺ ട്രാജഡി’ എന്തെന്ന് കേട്ടുകേൾവി മാത്രമുള്ള നമുക്കത് അനുഭവിച്ചറിയാം. കോഴിക്കോട്ടുനിന്ന് ബസ് കയറി വടകര ഭാഗത്തേക്ക് പോയാലോ, കാത്തിരിക്കുന്നുണ്ട് റോഡിലെ കുരുക്കുകൾ... ജില്ലയിലെ സ്ഥിരംയാത്രക്കാർ തീവണ്ടിയാത്രയിലും റോഡ് യാത്രയിലും നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാം. ‘മാതൃഭൂമി’ നടത്തുന്ന അന്വേഷണം...
വടകര: സമയം ബുധനാഴ്ച രാവിലെ എട്ടുമണി, വടകര റെയിൽവേ സ്റ്റേഷനിലേക്ക് മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്‌പ്രസ് എത്തുകയാണ്. ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ തീവണ്ടിക്ക് സമാന്തരമായി വലിയൊരു മനുഷ്യമതിൽ രൂപപ്പെട്ടു. യാത്രക്കാരുടെ വൻതിരക്ക്. തീവണ്ടിയിലും തിരക്കിന് കുറവില്ല. വണ്ടിനിന്നതും ആ തിരക്കിൽ കയറിപ്പറ്റാനുള്ള ‘യുദ്ധം’ തുടങ്ങി. ലക്ഷ്യത്തിലെത്തണമെങ്കിൽ അത്യാവശ്യം ഗുസ്തിയറിയണം, കളരിയഭ്യാസിയുടെ മെയ്‌വഴക്കം വേണം. ശ്വാസംമുട്ടുന്ന നിമിഷങ്ങളെ അതിജീവിക്കാൻ പ്രാണായാമം ചെയ്യണം.
ഈ യുദ്ധത്തെ അതിജീവിച്ച് വണ്ടിയിൽ കയറുന്നവർപോലും പക്ഷേ, പുറത്താണ്. ഓരോ വാതിലിലും പുറത്തേക്ക് തള്ളിനിൽക്കുന്ന മനുഷ്യക്കൂട്ടം. ഇതിൽ സ്ത്രീകളും വിദ്യാർഥികളും പ്രായമായവരുമുണ്ട്. പച്ചക്കൊടി വീശാൻ ഗാർഡ് അക്ഷമനായി, ഇടയ്ക്കിടെ വിസിലൂതി. റെയിൽവേ പോലീസ് ഓരോ കമ്പാർട്ട്‌മെന്റിനും അടുത്തെത്തി പറഞ്ഞു: ‘തൂങ്ങിനിൽക്കരുത്... പുറത്തേക്കിറങ്ങണം...’ അപ്പോഴേക്കും വണ്ടി നിന്നിട്ട് അഞ്ചുമിനിറ്റ് കഴിഞ്ഞു. ഒരുമിനിറ്റാണ് അനുവദിച്ച സമയം. ‘പ്ലീസ്, ഒന്നു മുന്നോട്ടുനീങ്ങുമോ... കുറച്ചുപേർകൂടി കയറാനുണ്ട്...’ -ഓരോ വാതിലിനുപുറത്തും യാത്രക്കാരുടെ രോദനം. വണ്ടി ചൂളംവിളിച്ച് പതിയെ മുന്നോട്ട്... രാവിലെമുതൽ കാത്തിരുന്ന നൂറിലേറെപ്പേരെങ്കിലും കയറാൻ കഴിയാതെ പുറത്ത്. ഇത് സ്ഥിരമാണെന്ന് വാതിൽപ്പടിയിൽ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുകയായിരുന്ന വിദ്യാർഥികളായ ഫാസിലും ദിൽഷാദും പറയുന്നു.
ഉള്ളിൽ ‘വാഗൺ ട്രാജഡി’
വണ്ടിയിൽ കയറിപ്പറ്റിയവർ ഭാഗ്യവാൻമാരെന്ന് കരുതാൻ വരട്ടെ. ഇതിനുള്ളിലാണ് നരകം, അതിശയോക്തിയല്ല, ശരിക്കും ‘വാഗൺ ട്രാജഡി’. ശൗചാലയത്തിനുള്ളിൽവരെ യാത്രക്കാർ..! കുത്തിനിറച്ച ആൾക്കോട്ടയ്ക്കുള്ളിൽ ചെറിയകുട്ടിയുടെ കരച്ചിൽ. ആൾത്തിരക്കിൽപ്പെട്ടുപോയതാണ്. ശ്വാസംപോലും കിട്ടുന്നില്ല. കമ്പാർട്ട്‌മെന്റിനുള്ളിലേക്ക് നോക്കിയാൽ കാണാം. മുകളിലേക്ക് തലയുയർത്തി ശ്വാസോച്ഛ്വാസത്തിനായി പ്രയാസപ്പെടുന്നവർ. 8.20-ന് വണ്ടി കൊയിലാണ്ടിയിലെത്തി. പ്ലാറ്റ്‌ഫോമിൽ കുറെ യാത്രക്കാരുണ്ട്. ‘ഇതിലെവിടെ കയറാനാണ് ഇനി’ -ആധിയോടെ ഒരാൾ ചോദിച്ചു.
ആരൊക്കെയോ കൊയിലാണ്ടിയിൽ ഇറങ്ങുന്നുണ്ട്. പക്ഷേ, മുന്നോട്ടുവരാൻ കഴിയുന്നില്ല. വണ്ടി പുറപ്പെടാൻനേരവും പിറകിലെ ലേഡീസ് കമ്പാർട്ട്‌മെന്റിലേക്ക് എല്ലാവർക്കും കയറാൻ കഴിഞ്ഞിട്ടില്ല. നാല് പെൺകുട്ടികൾ കമ്പിപിടിച്ച് പുറത്തേക്ക് തൂങ്ങിക്കിടക്കുന്നു. ഗാർഡ് പറഞ്ഞു: ‘‘ഇങ്ങനെ പോകാൻ പറ്റില്ല... ഇറങ്ങണം’’. ഒരു പെൺകുട്ടി ചോദിച്ചു: ‘‘പ്ലീസ് സാർ... പിറകിലത്തെ കോച്ചിൽ (ഭിന്നശേഷിക്കാരുടെ കോച്ച്) കയറിക്കോട്ടെ’’. അതിലും തിരക്കാണ്, പറ്റില്ലെന്ന് ഗാർഡ്... ഒടുവിൽ വണ്ടിക്കുള്ളിലുള്ള ചില മുതിർന്നസ്ത്രീകൾ പെൺകുട്ടികളെ കൂട്ടിപ്പിടിച്ച് ഉള്ളിലേക്ക് വലിച്ചു. കാണുന്നവരുടെ നെഞ്ചിടിക്കും. കോഴിക്കോട്ടെത്തിയപ്പോൾ ഭൂരിഭാഗംപേരും ഇറങ്ങി.
പക്ഷേ, ഏതാണ്ട് അത്രതന്നെപേർ ഇവിടെനിന്ന് കയറി. വണ്ടി ഫറോക്കിലെത്തുമ്പോൾ സമയം 9.01. യഥാർഥദുരിതം ഇവിടെയാണ്. വന്ദേഭാരത് എക്സ്‌പ്രസിനുവേണ്ടി വണ്ടി പിടിച്ചിട്ടു. വന്ദേഭാരത് കടന്നുപോകുമ്പോൾ സമയം 9.15, ഇതുകഴിഞ്ഞ് വണ്ടി പുറപ്പെട്ടത് 9.20-ന്. 20 മിനിറ്റ് സമയം ഉള്ളിലെ തിരക്കിലും ചൂടിലും വെന്തുരുകി യാത്രക്കാർ.
മാറ്റമില്ലാത്ത ദുരിതയാത്ര...
ഇത് ഒരുദിവസത്തെ മാത്രം കാഴ്ചയല്ല.
രാവിലെ കോഴിക്കോട്ടേക്കും മലപ്പുറം ജില്ലയിലേക്കും ജോലിക്കും മറ്റുമായി പോകുന്നവർ നിത്യവും നേരിടുന്ന ദുരിതം. കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലുള്ളവർക്ക് ഏറെ ഉപകാരപ്രദമായ തീവണ്ടിയാണിത്. 8.35-ന് കോഴിക്കോട്ട് എത്തും. ഇതുകഴിഞ്ഞുള്ള വണ്ടി കോഴിക്കോട്ടെത്താൻ 10 മണി കഴിയും. പരശുവിന് മുമ്പുള്ളതാകട്ടെ രാവിലെ 7.40-ന് എത്തുന്ന മംഗളൂരു-കോയമ്പത്തൂർ മെമു. ഇതൊന്നും കോഴിക്കോട്ടേക്ക് ജോലിക്കും പഠിക്കാനും പോകുന്ന സ്ഥിരംയാത്രക്കാർക്ക് യോജിച്ചതല്ല.
പരശുറാമിൽ തിരക്കുകൂടുന്നതിന്റെ കാരണം ഇതുതന്നെ. ഇതുപരിഹരിക്കാൻ കോച്ചുകളുടെ എണ്ണംകൂട്ടണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. നിലവിൽ ബ്രേക്ക് വാൻ ഉൾപ്പെടെ 21 കോച്ചുകളാണുള്ളത്. ഇത് 23 വരെയാക്കാം. നേരത്തേ 22 കോച്ചുണ്ടായിരുന്നു. പിന്നീടിത് പിൻവലിച്ചു. ശ്വാസംമുട്ടിയുള്ള യാത്രയ്ക്കിടെയാണ് പുതുതായിവന്ന വന്ദേഭാരതിനുവേണ്ടി പരശു പലയിടത്തും പിടിച്ചിടുന്നത്. മുമ്പ് ഈ പ്രശ്നമുണ്ടായിരുന്നില്ല.(തുടരും)....
ദിവസം 46,427 യാത്രക്കാർ
ഒരുദിവസം ജില്ലയിലെ 15 റെയിൽവേ സ്റ്റേഷനുകളിൽനിന്ന് യാത്ര ചെയ്യുന്നവർ ശരാശരി 46,427 പേരാണ്. 2022-’23 വർഷം ആകെ 1,69,08717 പേർ യാത്രചെയ്തു. 2021-’22 വർഷം ആകെ യാത്രചെയ്തവർ 63,59,581 പേർ. കോവിഡ് നിയന്ത്രണമുള്ളതിനാൽ തീവണ്ടി സർവീസ് കുറഞ്ഞ വർഷമാണിത്. എങ്കിലും സ്ഥിരംയാത്രക്കാരുടെ എണ്ണം വലിയതോതിൽ കൂടി. പക്ഷേ, അതിനനുസരിച്ച് തീവണ്ടികൾ കൂടിയില്ല.
( വാർത്ത കടപ്പാട് : മാതൃഭൂമി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group