കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്ക് പരസ്യ പിന്തുണയുമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങിയിരിക്കണമെന്ന് കാന്തപുരവും സമസ്തയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ എല്ലാ രംഗത്തുനിന്നും ഇസ്‌ലാം തടഞ്ഞിട്ടില്ലെന്നും അവരുടെ സുരക്ഷിതത്വവും മാന്യതയും പരിഗണിച്ചാണ് നിയമങ്ങൾ അവതരിപ്പിച്ചിട്ടുള്ളതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ് ഉദ്ഘാടനച്ചടങ്ങിൽ കാന്തപുരത്തിന്റെ സാന്നിധ്യത്തിലായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.
വീട്ടിൽ കഴിയുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ പാലിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളതെന്നും സ്ത്രീകളുടെ സുരക്ഷിതത്വം മുൻനിർത്തി മാത്രമാണ് ചില മേഖലകളിൽനിന്ന് അവരെ ഒഴിവാക്കിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പിന്തുണയുമായി ജിഫ്രി തങ്ങൾ രംഗത്തെത്തിയത്.
നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് മഹല്ലുകൾക്കും മദ്രസകൾക്കും കാന്തപുരം നൽകിയ നിർദേശമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നത്. അന്യപുരുഷന്മാർക്കിടയിലോ പൊതുവേദികളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കരുതെന്നുമായിരുന്നു പ്രസ്താവന. ഇതിനെതിരെ ഇടത് സംഘടനകളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള പ്രമുഖരും രംഗത്തെത്തിയെങ്കിലും കാന്തപുരം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































