'പ്രശ്നങ്ങൾ ആർക്കും പറയാം, മതവൈരം ഉണ്ടാക്കരുത്'; വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ സിപിഎം

'പ്രശ്നങ്ങൾ ആർക്കും പറയാം, മതവൈരം ഉണ്ടാക്കരുത്'; വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ സിപിഎം
'പ്രശ്നങ്ങൾ ആർക്കും പറയാം, മതവൈരം ഉണ്ടാക്കരുത്'; വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ സിപിഎം
Share  
2025 Jul 21, 06:42 AM
mannan

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം. മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എന്‍ഡിപി, മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനകള്‍ വിവാദത്തിന് വഴിവെച്ച സാഹചര്യത്തിലാണ് സിപിഎമ്മിന്റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ പേര് പരാമർശിക്കാതെയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവന.


മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാര്‍ട്ടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തില്‍ മാത്രമേ എല്ലാ മതവിശ്വാസികള്‍ക്കും വിശ്വാസികളല്ലാത്തവര്‍ക്കും ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്ന് സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറയുന്നു. എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അതിദാരിദ്ര്യം പരിഹരിക്കുന്നതും മിഷനുകളുടെ പ്രവര്‍ത്തനവും ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ്, പ്രസ്താവനയില്‍ പറയുന്നു.


കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച സാമൂഹിക നീതിയുടെ പ്രശ്‌നത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. അതോടൊപ്പം, പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും ഒപ്പം സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പംനിന്ന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തിയതെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.


രാജ്യത്ത് വന്‍കിട കോര്‍പ്പറേറ്റുകളുടെ നയങ്ങള്‍ സാധാരണ ജനങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനാണ് വര്‍ഗീയതയെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നത്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുകയെന്നത് കോര്‍പറേറ്റ് താല്‍പര്യം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാതരം വര്‍ഗീയതകളേയും ചെറുത്ത് നിന്നുകൊണ്ട് മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ നിലനിര്‍ത്താനാവൂ എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.


കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്‍ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും ഇങ്ങനെപോയാൽ അച്യുതാനന്ദൻ പറഞ്ഞതുപോലെ 2040 ആകുമ്പോൾ കേരളം മുസ്‌ലിംഭൂരിപക്ഷപ്രദേശം ആകുമെന്നുമായിരുന്നു കഴിഞ്ഞദിവസം വെള്ളാപ്പള്ളി പറഞ്ഞത്. കോട്ടയത്ത് എസ്എൻഡിപി യോഗം മീനച്ചിൽ, പാലാ യൂണിയനുകളുടെ ഈഴവ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാൽ മതിയെന്നമട്ടാണ് കേരള സർക്കാരിന്. കേരളത്തിൽ മുസ്‌ലിംലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. മധ്യതിരുവിതാംകൂറിലും അവർ സീറ്റ് ചോദിക്കും. ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സ്കൂൾസമയമാറ്റത്തിലെ, സമസ്തയുടെ നിലപാടിനെയും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു.


അതേസമയം, ഞായറാഴ്ച വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് മന്ത്രി വി.എൻ. വാസവന്‍ രംഗത്തെത്തിയിരുന്നു. വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നായിരുന്നു വാസവന്‍ പറഞ്ഞത്. കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എന്‍ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കി. 30 വര്‍ഷം പൂര്‍ത്തിയാക്കിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എറണാകുളം പള്ളുരുത്തിയില്‍ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പുകഴ്ത്തൽ.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan