
കൊച്ചി: ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമായാൽ അത് രാജ്യത്തിന്റെ നിലനില്ക്കുതന്നെ അപകടത്തിലാക്കുമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ജനങ്ങൾ ജുഡീഷ്യറിയിൽ വലിയ വിശ്വാസം അർപ്പിക്കുന്നുണ്ട്. ആ വിശ്വാസത്തിന് ഇളക്കം തട്ടാതെ നോക്കണം. നീതിന്യായ സംവിധാനങ്ങളുടെ സ്വതന്ത്രമായ നിലനില്പ് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. വിഷമകരമായ കേസുകളും സാഹചര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരുന്നവരാണ് ന്യായാധിപർ. അതിനാൽത്തന്നെ അവർ വലിയ തോതിൽ സംരക്ഷണം അർഹിക്കുന്നുണ്ട്. എന്നാൽ, ചില സംഭവങ്ങൾ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിലെ (നുവാൽസ്) വിദ്യാർഥികളുമായും അധ്യാപകരുമായും സംവദിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത വലിയ തുക അടുത്തിടെ കണ്ടെത്തിയ സംഭവം ഉപരാഷ്ട്രപതി പരാമർശിച്ചു. ഈ സംഭവം ക്രിമിനൽ കുറ്റമെന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പണത്തിൻ്റെ ഉറവിടവും കണ്ടെത്തണം. ഒട്ടേറെ നിയമലംഘനങ്ങൾ ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്. പക്ഷേ, ഇതുവരെ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. തൊണ്ണൂറുകളിലെ ഒരു സുപ്രീംകോടതി ഉത്തരവാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നു സർക്കാരിനെ തടയുന്നത്. വിരമിക്കലിനുശേഷം ജഡ്‌ജിമാർ പുതിയ പദവികൾ സ്വീകരിക്കുന്നതിനെയും ഉപരാഷ്ട്രപതി വിമർശിച്ചു. ചില ഭരണഘടനാ അതോറിറ്റികളിൽ റിട്ടയർമെന്റ്റിനുശേഷം പദവികൾ വഹിക്കുന്നതിൽ നിയന്ത്രണമുണ്ട്. ചീഫ് ഇലക്ഷൻ കമ്മിഷണർ, സിഎജി തുടങ്ങിയവയെല്ലാം ഇതിൽ ചിലതാണ്. ഈ ചുമതലകൾ വഹിക്കുന്നവർ സ്വതന്ത്രമായും നിഷ്‌പക്ഷമായും പ്രവർത്തിക്കണം. ജഡ്ജിമാർക്ക് ഇതെന്തുകൊണ്ടാണ് ബാധകമല്ലാത്തത്. വിരമിക്കലിനുശേഷം സ്വീകരിക്കാവുന്ന ഒട്ടേറെ പദവികൾ തന്നെയുണ്ട് ഇപ്പോൾ ജഡ്‌ജിമാർക്ക്. എന്നാൽ, എല്ലാവർക്കും ഇത്തരത്തിൽ നിയമനം നൽകാനാകില്ല. കുറച്ചുപേരെ തിരഞ്ഞെടുക്കേണ്ടി വരും. ആ തിരഞ്ഞെടുപ്പിൽ പലപ്പോഴും പല താത്പര്യങ്ങൾ കടന്നുവരും. ഇത് നമ്മുടെ നീതിന്യായ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആമുഖം രക്ഷാകർത്തൃത്വം പോലെ
ഭരണഘടനയുടെ ആമുഖമെന്നത് രക്ഷാകർത്തൃത്വം പോലെയാണ്. എത്ര ശ്രമിച്ചാലും നിങ്ങൾക്ക് മാതാപിതാക്കളെ മാറ്റാനാകില്ല.
ഒരു രാജ്യത്തിന്റെറെയും ഭരണഘടനയുടെ ആമുഖത്തിൽ ഒരിക്കലും മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, നമ്മുടെ ഭരണഘടനയുടെ ആമുഖം ഒരിക്കൽ മാറ്റിയിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടത്തിലായിരുന്നു അത്.
ജനാധിപത്യ രാഷ്ട്രമെന്ന നമ്മുടെ വാദമാണ് ആ കാലയളവിൽ ഇല്ലാതായത്. നിയമനിർമാണ സഭയും കാര്യനിർവഹണ വിഭാഗവും നീതിന്യായ വ്യവസ്ഥയും ഒത്തു പ്രവർത്തിച്ചില്ലെങ്കിൽ ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടാവുക -അദ്ദേഹം വ്യക്തമാക്കി.
സാധാരണ ജനങ്ങൾക്കും എളുപ്പത്തിൽ പ്രാപ്യമാകുന്ന രീതിയിൽ 'പീപ്പിൾസ് ജുഡീഷ്യറി ആയി നമ്മുടെ നിയമ സംവിധാനങ്ങൾ മാറണമെന്ന് ചടങ്ങിൽ സംസാരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിക്കുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു,
പിതാവിന്റെയും മാതാവിൻ്റെയും ഓർമ്മയ്ക്കായി നുവാൽസ് കാമ്പസിൽ ഉപരാഷ്ട്രപതിയും ഭാര്യ ഡോ. സുധേഷ് ധൻകറും ചേർന്ന് വൃക്ഷത്തൈകൾ നട്ടു.
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, നുവാൽസ് വൈസ് ചാൻസലർ പ്രൊഫ ജി.ബി. റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group