
കിരീടവും ചെങ്കോലുമണിയിച്ച് കണയന്നൂർ എസ്എൻഡിപി യൂണിയന്റെ
ആദരം
കൊച്ചി: സത്യം പറയുമ്പോൾ എന്തിനാണ് തന്നെ കല്ലെറിയുന്നതെന്ന്
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നും സാമൂഹിക ഇടപെടലുകളിൽ നിന്ന് തന്നെ വിലക്കാനോ പിന്തിരിപ്പിക്കാനോ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗത്തിൻ്റെയും എസ്.എൻ ട്രസ്റ്റിൻ്റെയും സാരഥ്യത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ടൗൺ ഹാളിൽ കണയന്നൂർ യൂണിയൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായത്തിന് സാമൂഹികനീതി നിഷേധിക്കപ്പെടുന്നത് ചോദ്യംചെയ്യുമ്പോൾ തന്നെ ചിലർ വർഗീയവാദിയാക്കുന്നു. യോഗത്തിന്റെ രൂപവത്കരണ ലക്ഷ്യംതന്നെ ഈഴവ സമുദായ പുരോഗതിയാണ്. അതിദരിദ്രരുടെയടക്കം ഉന്നമനത്തിനായി ചെറുപ്പംമുതൽ പ്രവർത്തിച്ചു. ഇനിയും തുടരും. ചില സമുദായവിരുദ്ധർ തനിക്കും യോഗത്തിനും എതിരായി കേസ് കൊടുത്തു. മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ കേസ് നടത്തി. പോലീസ് കേസ് മുതൽ ഇഡി കേസ് വരെ ഉണ്ടായി. എന്നിട്ടും ഒന്നും ചെയ്യാനായില്ല. ഇതൊന്നും കണ്ട് താൻ ഭയക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷനായി. പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. വെള്ളാപ്പള്ളി നടേശനെ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ കിരീടമണിയിച്ച് ചെങ്കോൽ കൈമാറി ആദരിച്ചു. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കെ. ബാബു എംഎൽഎ, ഡൊമിനിക് പ്രസൻറേഷൻ എന്നിവർ പ്രസംഗിച്ചു.
യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, എൽ. സന്തോഷ്, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡൻ്റ് വിനോദ് വേണുഗോപാൽ, വനിതാസംഘം പ്രസിഡന്റ് ഭാമ പദ്‌മനാഭൻ, സൈബർ സേന ചെയർമാൻ റെജി വേണുഗോപാൽ, എംപ്ലോയീസ് ഫോറം പ്രസിഡന്റ്റ് സുരേഷ്, പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡൻ്റ് രാജൻ ബാനർജി, വൈദികയോഗം സെക്രട്ടറി സനോജ് ശാന്തി, കുമാരിസംഘം സെക്രട്ടറി പ്രാർഥന പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി. വിജയൻ നന്ദിയും പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണം - എച്ച്എംഎസ്
കൊച്ചി: കടൽക്ഷോഭവും കപ്പലപകടവും കാരണം ദുരിതത്തിലായിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണവും സാമ്പത്തിക സഹായവും നൽകണമെന്ന് ഹിന്ദ് മസ്‌ദൂർ സഭ (എച്ച്എംഎസ്) ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ചെല്ലാനം കണ്ണമാലി മേഖലയിലെ കടലാക്രമണം പ്രതിരോധിക്കാനുള്ള കടൽഭിത്തി നിർമാണ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും യോഗം കുട്ടിച്ചേർത്തു.
ലേബർ കോഡ് നടപ്പിലാക്കുന്നതിനെതിരേ ജൂലായ് ഒൻപതിന് നടക്കുന്ന ദേശീയ പണിമുടക്കിൽ എച്ച്എംഎസ് യൂണിയനുകൾ പങ്കെടുക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.യു. ഹംസക്കോയ അധ്യക്ഷനായി. എച്ച്എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, കെ.ജെ. ബേസിൽ, ബാബു തണ്ണിക്കോട്, കെ.ജെ. സുധീർ, എം.വി. ലോറൻസ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group