
കണ്ണൂർ : തന്റെ ചെറുകഥയായ 'കടൽ സിനിമയാക്കാൻ കഴിയാത്ത വിഷമം ജീവിതാവസാനം വരെ ഷാജി എൻ.കരുണിനുണ്ടായിരുന്നുവെന്ന് കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഷാജി എൻ. കരുൺ അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കടൽ' സിനിമയാക്കാൻ തയ്യാറായി അമ്മയും മകളുമായി പ്രശസ്‌തരായ പല നടികളെയും കണ്ടിരുന്നു. അതിലെ ഗുരുവിൻ്റെ വേഷത്തിൽ മോഹൻലാലിനെയാണ് നിർദേശിച്ചത്. ജയ ബച്ചനെയാണ് അമ്മ വേഷത്തിൽ കണ്ടത്. അവരും ഷാജിയും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠികളായിരുന്നു. അവരുടെ ഭർത്താവ് അമിതാഭ് ബച്ചന്റെ നിർമാണക്കമ്പനിയാണ് സിനിമ നിർമിക്കാനിരുന്നത്.
എന്നാൽ കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അത് നടന്നില്ല. ജയ ബച്ചൻ സ്വന്തം നിലയ്ക്ക് സിനിമ നിർമിക്കാൻ തയ്യാറായെങ്കിലും ഷാജി സമ്മതിച്ചില്ല. ഷാജിയുടെ 'കുട്ടിസ്രാങ്കി'ലെ നായിക എൻ്റെയടുത്ത് വന്ന് 'കടൽ' സിനിമയാക്കാൻ അവകാശം വേണമെന്ന് പറഞ്ഞു. അതിന് സമ്മതം നൽകി. ഏറെ വർഷം കഴിഞ്ഞ് കൊൽക്കത്തയിൽനിന്നുള്ള സംഘം 'കടൽ' സിനിമയാക്കാൻ എൻ്റെ അനുവാദം തേടിയെത്തി. ഒരു നടി അവകാശം വാങ്ങിയ കാര്യം പറഞ്ഞു. ആ സംഘം നടിയെ സമീപിച്ചു. തൻ്റെ ജീവിതാഭിലാഷമാണ് 'കടൽ' സിനിമയെന്നാണ് അവർ മറുപടി നൽകിയത്. എന്നാൽ ആ സംരംഭവും നടന്നില്ല. ദുർവിധി നേരിട്ട സംരംഭമായിരുന്നു 'കടൽ' സിനിമ. ലോകസിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളാണ് ഷാജി സൃഷ്ടിച്ചത്. അസൂയയോടെ മാത്രമേ ഏതു ചലച്ചിത്രകാരനും അദ്ദേഹത്തിന്റെ സിനിമകളെ കാണാനാകൂ -പത്മനാഭൻ പറഞ്ഞു.
ടി.പി.വേണുഗോപാലൻ അധ്യക്ഷനായി. സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ.മനോഹരൻ അനുസ്‌മരണ പ്രഭാഷണം നടത്തി, ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, ഷെറി ഗോവിന്ദ്, ജിത്തു കോളയാട്, കെ.കെ.ലതിക, ടി.എം.ദിനേശൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group