
കാക്കനാട്: ലോകത്ത് ഏതെല്ലാം തരത്തിലുള്ള കലാവിഷ്‌കാരങ്ങളുണ്ടോ അതിലെല്ലാം 'പാവങ്ങൾ' ഉണ്ടെന്ന് സുനിൽ പി. ഇളയിടം, ഒരു നോവൽ എന്നതിനുമപ്പുറം കലയുടെയും മനുഷ്യഭാവനയുടെയും എല്ലാ തലങ്ങളിലേക്കും 'പാവങ്ങൾ' പടർന്നുകയറി. അത് വലിയൊരു പാരമ്പര്യമായി മാറിയിട്ടുണ്ട്. യൂറോപ്പിൽ പാവങ്ങൾ എന്ന കൃതി ഉളവാക്കിയ സ്വാധീനത്തിന് അതിരില്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് മാതൃഭൂമി ബുക്സ്പ്ലോറിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തുന്ന സാംസ്‌കാരിക സായാഹ്നങ്ങളിൽ ആദ്യ പരിപാടിയായി 'പാവങ്ങൾ: ലോകജീവിതവും മലയാളജീവിതവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിക്തോർ യൂഗോയുടെ 'ലെ മിസറബിൾ' എന്ന വിഖ്യാത കൃതി 'പാവങ്ങൾ' എന്ന പേരിൽ നാലപ്പാട്ട് നാരായണ മേനോൻ പരിഭാഷപ്പെടുത്തിയതിൻ്റെ നൂറാം വാർഷികമെന്ന നിലയ്ക്കാണ് ഈ നോവലിനെ കുറിച്ച് പ്രഭാഷണം നടത്തിയത്.
പാരീസിൽ വിക്തോർ യുഗോയുടെ ശവസംസ്‌കാര ഘോഷയാത്രയിൽ 20 ലക്ഷത്തോളം പേർ പങ്കെടുത്തിട്ടുണ്ട്. അക്കാലത്ത് പാരീസിൽ ജനസംഖ്യ 25 ലക്ഷമായിരുന്നു. യൂറോപ്പിൽ അതിനുമുൻപോ ശേഷമോ അങ്ങനെ ഒന്നുണ്ടായിട്ടില്ല. 'എപ്പോഴും പരസ്‌പരം സ്നേഹിക്കുക, സ്നേഹത്തെക്കാൾ മെച്ചപ്പെട്ടതായി ഒന്നുമില്ല എന്ന ജീൻവാൽ ജീനിൻ്റെ അവസാന വാചകമാണ് 'പാവങ്ങൾ' എന്ന നോവലിലെ സന്ദേശം.
മറ്റനവധി മഹത്തായ നോവലുകൾ 19-ാം നൂറ്റാണ്ടിൽ പുറത്തുവന്നിട്ടും ബ്രിട്ടീഷ് അക്കാദമിക് ആയ ഡേവിഡ് ബെല്ലോസ് പാവങ്ങളെയാണ് നോവൽ ഓഫ് ദി സെഞ്ചുറി എന്ന് വിശേഷിപ്പിച്ചത്. റിയലിസ്റ്റിക് സാങ്കേതികതയിൽ എഴുതപ്പെട്ട റൊമാന്റിക് കൃതിയാണ് 'പാവങ്ങൾ' എന്നാണ് കേസരി ബാലകൃഷ്ണപിള്ള വിശേഷിപ്പിച്ചത്. ടോൾസ്റ്റോയി മാത്രമാണ് ഈ നോവലിനെ ലോകത്തെ ഏറ്റവും മികച്ച കൃതിയായി അന്ന് വിശേഷിപ്പിച്ചത്. പല പരിമിതികളും രചനാപരമായും രൂപപരമായും ഇതിനുണ്ടായിരുന്നെങ്കിലും അതിനെല്ലാം അപ്പുറം അഗാധമായ ഒരു സ്വാധീനം 'പാവങ്ങൾ' ആത്യന്തികമായി ചെലുത്തി.
എല്ലാ രാജ്യക്കാർക്കുംവേണ്ടി എഴുതിയിട്ടുള്ളത് എന്നാണ് എഴുത്തുകാരൻ പിന്നീട് പാവങ്ങളെ കുറിച്ച് ഒരു കത്തിൽ വ്യക്തമാക്കുന്നത്. ഭൂമിയിൽ അജ്ഞാനവും ദാരിദ്ര്യവും ഉള്ളിടത്തോളം കാലം പാവങ്ങൾ അവിടെയുണ്ട് എന്നാണ് അദ്ദേഹം നോവലിലൂടെ പറയുന്നതെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group