
കോട്ടയം: കുട്ടികളെ സാംസ്‌കാരവും ധാർമികമൂല്യങ്ങളും പഠിപ്പിക്കാൻ കുടുംബങ്ങളിൽ മുൻപുണ്ടായിരുന്ന കഥപറച്ചിൽ രീതികൾ തിരിച്ചുകൊണ്ടുവരണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഐതിഹ്യമാലയുടെ രചയിതാവ് കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാം ജൻമദിനോഘാഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുമ്പ് നമ്മുടെ വീടുകളിൽ മുതിർന്നവർ കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്ന രീതിയുണ്ടായിരുന്നു. ഇത്തരം കഥകളിലൂടെ നമ്മുടെ സംസ്കാരമാണ് അടുത്ത തലമുറയിലേക്ക് പകരുന്നത്. മൂല്യങ്ങൾ, നല്ല പെരുമാറ്റരീതികൾ, ദേശീയബോധം എന്നിവയെല്ലാം കുട്ടികൾക്ക് കിട്ടിയിരുന്നത് കുടുംബങ്ങളിലെ വാമൊഴിക്കഥകളിൽ നിന്നായിരുന്നു. ഇന്ന് ആ രീതി ഇല്ലാതായി. രാമായണത്തിലെയും മഹാഭാരത്തിലെയും കഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തിരുന്നത് പ്രായോഗിക ജീവിതവിജയത്തിന് വേണ്ടിയായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയെപ്പോലെയുള്ള സാഹിത്യപ്രതിഭകളുടെ കഥപറയൽ രീതികൾ ഇന്ന് ആവശ്യമാണ്. ലഹരി ഉപയോഗം വ്യാപകമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ പുതിയ തലമുറയുടെ ഭാവിയെക്കുറിച്ച് നമ്മൾ ആശങ്കപ്പെടുകയാണ്. ഇതിന് ഉത്തരവാദികൾ നമ്മൾ തന്നെയാണ്.
പുതിയ തലമുറയ്ക്ക് സാംസ്‌കാരികമൂല്യങ്ങൾ പകർന്നുകൊടുക്കാനുള്ള ഉത്തരവാദിത്വം കുടുംബങ്ങൾ ഏറ്റെടുക്കണമെന്ന് ഗവർണർ പറഞ്ഞു. വരും തലമുറയുടെ ഭാവിക്കായി എല്ലാ തിൻമകൾക്കെതിരേയും സമൂഹം ഒന്നിച്ചുനിൽക്കണം. ഇന്ന് നാം ചിന്തിക്കുന്നതിൽനിന്നാണ് അടുത്ത തലമുറ രൂപപ്പെടുന്നത്- ഗവർണർ പറഞ്ഞു. എല്ലാ വർഷവും കൊട്ടാരത്തിൽ ശങ്കുണ്ണി അനുസ്മരണം നടത്തണമെന്നും ഗവർണർ പറഞ്ഞു. ബാല്യ കൗമാര മനസ്സുകൾക്ക് വായനയുടെ ലഹരി പകരാൻ ഐതിഹ്യമാലയ്ക്ക് കഴിയുമെന്നും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൃതികൾ വായിക്കുകയെന്നതാണ് അദ്ദേഹത്തിന് നൽകാവുന്ന സ്മമാരകമെന്നും ചടങ്ങിൽ അധ്യക്ഷതവഹിച്ച ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
ഫ്രാൻസിസ് ജോർജ് എംപി, മഹാത്മാഗാന്ധി സർവകലാശാല വൈസ് പാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, അഡ്വ. കെ. സുരേഷ് കുറുപ്പ്, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു കൊട്ടാരത്തിൽ ശങ്കുണ്ണി സ്‌മാരക ട്രസ്റ്റ് സെക്രട്ടറി വി. ശശിധരശർമ എന്നിവർ പ്രസംഗിച്ചു.
ഗവർണറുടെ പത്നി അനഘ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പങ്കെടുത്തു. പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിലെ ആൽത്തറയ്ക്കുസമീപം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പൂർണകായ വെങ്കലപ്രതിമ ഗവർണർ അനാച്ഛാദനംചെയ്തു. ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group