
പിണറായി; രാജ്യത്തിൻ്റെ വൈവിധ്യം തകർക്കുന്ന സമഗ്രാധിപത്യ ശക്തികൾക്കെതിരേ കേരളവും തമിഴ്‌നാടും ഒന്നിച്ചുള്ള പോരാട്ടം തുടരണമെന്ന് ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും എഴുത്തുകാരിയുമായ കനിമൊഴി എംപി, പിണറായിപ്പെരുമയുടെ ഭാഗമായി നടന്ന 'പെരുമ ടോക്സ്‌സി'ൽ 'ഇന്ത്യൻ ജനാധിപത്യം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ജനാധിപത്യത്തിൽ നിന്നകന്ന് ഇന്ത്യയെ അതിവേഗം സമഗ്രാധിപത്യത്തിനു കീഴിലേക്ക് കൊണ്ടുപോവുകയാണ്. ഒരു സംസ്ഥാനവും ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കുന്നത് അവർക്കിഷ്ടമല്ല. കേരളത്തിന്റെയും തമിഴ്‌നാടിൻ്റെയും മുഖ്യമന്ത്രിമാർ ഫെഡറൽ അവകാശങ്ങൾക്കുവേണ്ടി നിരന്തരം സംസാരിക്കുന്നവരാണ്. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനായി മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് പിണറായി വിജയൻ. അവരുടെ നയങ്ങളെ എതിർക്കുന്ന സംസ്ഥാനങ്ങളിൽ ഒരു വികസനവും കേന്ദ്രം അനുവദിക്കില്ല. ഏത് ബില്ല് കൊണ്ടുവന്നാലും സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറുകയാണ് ചെയ്യുന്നത്. ത്രിഭാഷാസംവിധാനമുള്ള പുതിയ വിദ്യാഭ്യാസനയം അംഗീകരിച്ചില്ലെങ്കിൽ എസ്എസ്എ ഫണ്ടിൽനിന്ന് രണ്ടായിരം കോടി തരില്ലെന്ന് തമിഴ്‌നാടിനെ ഭീഷണിപ്പെടുത്തുകയാണിപ്പോൾ കേന്ദ്രം. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ആണെങ്കിലും കേന്ദ്രം അവരുടെ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. തമിഴ്‌നാട്ടിൽനിന്നും കേരളത്തിൽനിന്നുമുള്ള എംപിമാരാണ് പാർലമെൻറിൽ ശക്തമായി ഗവൺമെൻറിനെ എതിർക്കുന്നത്. അതു കൊണ്ട് നമ്മുടെ ശബ്ദം ഇല്ലാതാക്കാനാണ് മണ്ഡലങ്ങൾ പുനർനിർണയിക്കാൻ ശ്രമിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ പുനർനിർണയിച്ചാൽ കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം കുറയും. എതിർപ്പിന്റെ സ്വരങ്ങൾ ഇല്ലാതാക്കാൻ സാധ്യമായ വഴികളെല്ലാം സ്വീകരിക്കുന്ന സർക്കാറാണ് രാജ്യം ഭരിക്കുന്നത്. സമഗ്രാധിപത്യത്തെ ചെറുക്കാനും രാജ്യത്തിന്റെ വൈവിധ്യങ്ങൾ സംരക്ഷിക്കുകയും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന സർക്കാരിനെ സാധ്യമാക്കാനുമായി നമുക്ക് ഒന്നിച്ചുനിന്ന് പോരാട്ടം തുടരണം. എന്തു വെല്ലുവിളികളുണ്ടായാലും നമ്മൾ ചോദ്യം ചോദിക്കുന്നത് തുടരണം. നിങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനും ഞങ്ങളുടെ പാർട്ടിയും അടിയന്തരാവസ്ഥയ്‌ക്കെതിരേ പൊരുതിയവരാണ്. ഒന്നിച്ചുനിന്നാൽ ആർക്കും നമ്മളെ തോൽപ്പിക്കാനാവില്ല - കനിമൊഴി പറഞ്ഞു.
ബിജെപി അധികാരത്തിൽ വന്നപ്പോൾ മുതൽ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ തൂണുകൾ ഇളകിത്തുടങ്ങി. പാർലമെൻറിൽ ചർച്ചകൾക്കും സംവാദങ്ങൾക്കും ചോദ്യങ്ങൾക്കും ഇടമില്ലാതായി. സർക്കാറിനെയോ പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ ആർക്കും ചോദ്യം ചെയ്യാനാവില്ല. ആരെങ്കിലും ചോദ്യം ചോദിച്ചാൽ അവരെ രാജ്യവിരുദ്ധരാക്കുമെന്നും കനിമൊഴി പറഞ്ഞു. ഡോ. മാളവിക ബിന്നി മോഡറേറ്ററായി. ഡോ. എൻ. സാജൻ സംസാരിച്ചു.
ഫാസിസം: സിപിഎം നിലപാടിനൊപ്പം
ഇന്ത്യ സമ്പൂർണ ഫാസിസത്തിലേക്ക് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണെന്നും അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് ഡിഎംകെ, സിപിഎം നിലപാടുകൾക്കൊപ്പമാണെന്നും കനിമൊഴി പറഞ്ഞു. നിയോഫാസിസത്തെക്കുറിച്ചുള്ള സിപിഎം നിലപാടിനോട് ഡിഎംകെ യോജിക്കുന്നുണ്ടോ എന്ന പ്രൊഫ. കെ. ബാലൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group