
വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് എന്താണ്?
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയുമാണ്. ബില്ലിനെതിരേയുള്ള സംസ്ഥാനത്തിൻ്റെ പ്രതിഷേധത്തെ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി പുച്ഛിച്ചുതള്ളുകയാണ്. കേരളത്തിലെ ന്യൂനപക്ഷത്തോട് ബിജെപിയുടെ നിലപാടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയിലൂടെ കേരളം കണ്ടത്. എല്ലാവരെയും ചേർത്തുപിടിക്കുമെന്ന് പറഞ്ഞവർ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് രാജ്യത്തിന് ഗുണം ചെയ്യില്ല.
വഖഫ് ഭേദഗതി നിയമം കേരളത്തിലെ വഖഫ് സംവിധാനങ്ങളെ ബാധിക്കുമോ?
കേരളത്തിലെ വഖഫ് സ്വത്തുക്കൾക്ക് കൃത്യമായ കണക്കും രേഖകളുമുണ്ട്. അവ വഖഫ് സംവിധാനങ്ങൾക്ക് വിധേയമാണ്. ന്യായാന്യായങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതാണ്. നിയമത്തിൽ ഏതു മാറ്റം വന്നാലും കേരളത്തിലെ ന്യൂനപക്ഷ മുസ്‌ലിം വിഭാഗത്തെയോ പള്ളികളെയോ മദ്രസകളെയോ ആസ്‌തികളെയോ കബറിസ്‌താനുകളെയോ ബാധിക്കില്ല. ഇവയ്ക്കെല്ലാം പൂർണസംരക്ഷണം നൽകാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശക്തമാണ്.
വഖഫ് ബില്ലോടെ മുനമ്പം പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന വാദം ശരിയാണോ?
മുനമ്പത്തെ സാധാരണജനങ്ങളുടെ പ്രശ്‌നം സർക്കാർ പരിഹരിക്കും. ഇത് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പിന്നീട് ചിലർ ഏറ്റുപറഞ്ഞുവെന്നു മാത്രം. ഏതു രീതിയിലാണ് മുനമ്പം പ്രശ്നം പരിഹരിക്കുകയെന്നത് ബിജെപി തുറന്നുപറയണം. ഇതുതന്നെയാണ് ഹൈബി ഈഡനും ചോദിച്ചത്. മുസ്‌ലിം വിഭാഗത്തെയും ക്രിസ്‌ത്യൻ വിഭാഗത്തെയും തമ്മിലടിപ്പിക്കാനുള്ള തീവ്രശ്രമമാണ് ബിജെപി നടത്തുന്നത്. അത് ജനം മനസ്സിലാക്കണം. ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിൽ അകറ്റാനും പരസ്പരം കലഹിപ്പിക്കാനുമുള്ള അടവാണ് ബിജെപിയെടുക്കുന്നത്. ഇത് ജനങ്ങൾ കണ്ടില്ലെങ്കിൽ ഭാവിയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുവരിക ക്രിസ്ത്യൻ വിഭാഗത്തിനാവും. ആരെങ്കിലും രേഖയില്ലാതെ കൊടുത്ത ഭൂമിയല്ല മുനമ്പത്തെ ജനങ്ങൾ വില കൊടുത്തു വാങ്ങിയത്. പി.ടി. ചാക്കോ ആഭ്യന്തരമന്ത്രിയായപ്പോൾ നിയമസഭയിൽ വന്നതാണീ പ്രശ്നം. മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കും.
കോൺഗ്രസ് ദേശീയ നേതാക്കളുടെ നിലപാടിനെക്കുറിച്ച്?
വഖഫ് നിലപാടിലൂടെ കോൺഗ്രസിൻ്റെ മുസ്‌ലിംവിരുദ്ധ നിലപാടാണ് പുറത്തുവന്നത്. ബില്ലിനെതിരേ സംസാരിക്കാൻ രാഹുലും പ്രിയങ്കയും തയ്യാറായില്ല. കോൺഗ്രസ് നിലപാട് ദുഃഖകരമാണ്. കോൺഗ്രസ് എംപിമാർ ബില്ലിനെക്കുറിച്ച് സംസാരിച്ചെങ്കിലും രാഹുലിന് മിണ്ടാട്ടമില്ല.
ബില്ലിൽ കോൺഗ്രസ്, ലീഗ് നിലപാടുകളെക്കുറിച്ചുള്ള അഭിപ്രായം?
വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് കോൺഗ്രസ് നിലപാട് അപഹാസ്യമാണ്.
കോൺഗ്രസിനെ ആശ്രയിക്കുന്ന മുസ്‌ലിംലീഗിന് വഖഫ് ഭേദഗതി ബിൽ വലിയ തിരിച്ചടിയാകും. ലീഗിന് ഏറ്റവും വലിയ രാഷ്ട്രീയപരാജയവുമുണ്ടാകും. നിലനിൽപ്പിനുവേണ്ടിയാണ് ലീഗ് അത് ചെയ്യുന്നത്. കോൺഗ്രസിനൊപ്പം ചേർന്ന് മുസ്ലിംലീഗിന് കൊടി നഷ്ടപ്പെട്ടു. ഇനി അസ്‌തിത്വവും നഷ്‌ടപ്പെടും.
വഖഫ് ഭേദഗതി ബില്ലുൾപ്പെടെ പല നിർണായകപ്രശ്‌നങ്ങളിലും കോൺഗ്രസ് നിലപാട് ഇതാണെങ്കിൽ എങ്ങനെയാണ് ലീഗിന് കോൺഗ്രസുമായി ചേർന്ന് മുന്നോട്ടുപോകാൻ കഴിയുക.
കേരളത്തിലെ വഖഫ് ബോർഡ് ജീവനക്കാരുടെ ജോലിസുരക്ഷിതത്വം ഉറപ്പാക്കാനാണ് നിയമനം മെറിറ്റ് അടിസ്ഥാനത്തിലാക്കിയത്. ഇതിനെതിരേ മുസ്ലിംലീഗ് അന്ന് രംഗത്തുവന്നു. വഖഫ് ഭേദഗതി ബിൽ വരുമ്പോൾ എന്തുകൊണ്ട് ലീഗിന് ആവേശം കാണുന്നില്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group