തോരാക്കണ്ണീർ, ഷഹബാസ് ഒരു കണ്ണീരോർമ്മയായി

തോരാക്കണ്ണീർ, ഷഹബാസ് ഒരു കണ്ണീരോർമ്മയായി
തോരാക്കണ്ണീർ, ഷഹബാസ് ഒരു കണ്ണീരോർമ്മയായി
Share  
2025 Mar 02, 08:36 AM
NISHANTH
kodakkad rachana
man

താമരശ്ശേരി : താമരശ്ശേരി ചുങ്കത്തെ കെടവൂർ ജുമാമസ്ജിദിൽ കബറിസ്ഥാനിലെ മൈലാഞ്ചിച്ചെടികളെപ്പോലും കരയിപ്പിച്ച് ശനിയാഴ്ച‌ ഒരാളെത്തി. സകൂൾക്കാലംപോലും തീർന്നിട്ടില്ലാത്ത ഒരു പതിനഞ്ചുകാരൻ, മുഹമ്മദ് ഷഹബാസ്. തിങ്കളാഴ്‌ച അവൻ പത്താംക്ലാസ് പരീക്ഷയെഴുതാൻ പോവേണ്ടതായിരുന്നു. മിടുക്കനായ മകനെക്കുറിച്ച് അവന്റെ ഉപ്പ ഇഖ്‌ബാലിന് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. കൂട്ടുകാർക്ക് പറഞ്ഞുതീരാത്ത കഥകളുണ്ടായിരുന്നു. സന്തോഷിച്ച് കൊതിതീർന്നിട്ടില്ലാത്ത പരീക്ഷകഴിഞ്ഞുള്ള അവധിക്കാലത്തിനുവേണ്ടി മാറ്റിവെച്ച നിമിഷങ്ങളും... പക്ഷേ, കബറിൽ ഒരുപിടി മണ്ണ് വാരിയിട്ട് ഉള്ളുപൊട്ടിത്തകർന്ന് അവനോട് യാത്ര ചൊല്ലിപിരിയാനായിരുന്നു വിധി.


അവനോളം പ്രായമുള്ള കുട്ടികളിൽ കൊലവിളിയുടെ പക ആളിക്കത്തിയപ്പോൾ ഷഹബാസ് ഒരു കണ്ണീരോർമ്മയായി. ചുങ്കത്തെ വീട്ടുമുറ്റത്തും കെടവൂർ ജുമാമസ്‌ജിദിലും പൊതുദർശനത്തിനുവെച്ച തൻവീറുൽ ഇസ്‌ലാം മദ്രസയിലും കരഞ്ഞുകലങ്ങിയ മുഖങ്ങൾ മാത്രമേ കണ്ടുള്ളു. ആര് ആരെയാണ് ആശ്വസിപ്പിക്കുക എന്നു പരസ്‌പരമറിയാത്ത അവസ്ഥ. ആ പള്ളിമുറ്റവും മദ്രസാഹാളും താമരശ്ശേരി ടൗണുമൊന്നും അടുത്തകാലത്തൊന്നും ഇങ്ങനെ ഒരു സങ്കടക്കാഴ്ചയ്ക്ക് ഇടമായിട്ടുണ്ടാകില്ല. സ്‌കൂളിലെയും ട്യൂഷൻ സെന്ററിലെയും സഹപാഠികൾ, അധ്യാപകർ, നാട്ടിലെ സുഹൃത്തുക്കൾ, നാട്ടുകാർ, ദുഃഖവാർത്ത കേട്ട് എവിടെനിന്നൊക്കെയോ വന്നവർ.....


കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് 3.20-നാണ് ചുങ്കത്തെ പാലോറക്കുന്നിലെ തറവാട് വീട്ടിൽ ഷഹബാസിൻ്റെ മൃതദേഹമെത്തിച്ചത്. പിതാവ് ഇഖ്ബാൽ കുടുംബത്തിനായി പണികഴിപ്പിക്കുന്ന നിർമാണം പൂർത്തിയാവാത്ത പുതിയവീടിന്റെ മുറ്റത്തായിരുന്നു ആംബുലൻസ് നിർത്തിയത്.


അവിടെനിന്ന് ബന്ധുക്കൾ തോളിലേറ്റി വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹമെത്തിക്കുമ്പോൾ ആ മുറ്റത്തുനിറയെ മരവിച്ച മുഖങ്ങൾ. കണ്ണീരിൽ മുങ്ങി ദൈവത്തോടുള്ള അവരുടെ പ്രാർഥനകൾ വിലാപങ്ങളായി മാറി. അവസാനമായി അവൻ തൻ്റെ പ്രിയപ്പെട്ടവരോട് യാത്രപറഞ്ഞിറങ്ങി.


തുടർന്ന് പുങ്കം ടൗൺ ജുമാമസ്‌ജിദിൽ മയ്യിത്ത് നിസ്ക‌ാരത്തിനെത്ത ദേശീയപാതയുടെ ഇരുവശവും ആളുകൾ തടിച്ചുകൂടി. പള്ളിയുടെ അങ്കണവും അകവും ആളുകളെക്കൊണ്ട് നിറഞ്ഞു. തുടർന്ന് നാലുമണിയോടെ കെടവൂർ മദ്രസയിലെത്തിച്ച് പൊതുദർശനത്തിനുവെച്ചു. ഒരുമണിക്കൂറോളം പൊതുദർശനത്തിനുവെച്ചശേഷം മയ്യത്ത് നമസ്‌കാരവും കഴിഞ്ഞ് കബറടക്കത്തിനെടുത്തു. മതചടങ്ങളുടെ ഭാഗമായുള്ള പ്രാർഥന ചൊല്ലുന്നതിനിടെ പള്ളിയിലെ മുസ്‌ല്യാരുടെ വാക്കുകളും ഇടറി. മണ്ണിട്ടിട്ടും മടങ്ങാതെ പിന്നെയും ആരൊക്കെയോ അവിടെ തുടർന്നു. അന്ത്യയാത്രചൊല്ലിയിട്ടും പിരിയാനാവാതെ കൂട്ടുകാർ ഒരിക്കൽക്കൂടി അവന്റെ കബറിനരികെയെത്തി, അവനായി ഒരിക്കൽക്കൂടി അവർ പ്രാർഥിച്ചു. ഉള്ളിലെ സങ്കടങ്ങൾ പരസ്‌പരം കെട്ടിപ്പുണർന്ന് പങ്കുവെച്ചു. ഇനിയില്ല അവനെന്ന് വിശ്വസിക്കാൻ കഴിയില്ലല്ലോ ആർക്കും. അത്രമേൽ പ്രിയങ്കരനായിരുന്നല്ലോ അവൻ.


സമഗ്രാന്വേഷണം വേണം-എം.കെ. രാഘവൻ


താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിൻ്റെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന് എം.കെ. രാഘവൻ എം.പി. ആവശ്യപ്പെട്ടു. സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിപണനം നിയന്ത്രിക്കാൻ എസൈസ് വകുപ്പ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സ്‌കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ എക്സൈസ് വകുപ്പ് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. വിദ്യാർഥികളിൽ സഹിഷ്‌ണുതാ മനോഭാവം വളർത്തിയെടുക്കുന്നതിനായി മാസത്തിലൊരിക്കൽ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ കൗൺസലിങ് സെഷനുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്നും എം.പി. ആവശ്യപ്പെട്ടു.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW