
പിച്ചി : വനവിഭവം ശേഖരിക്കാൻ പോയ പ്രഭാകരൻ ഉൾപ്പെടെയുള്ളവരെ കാട്ടാന ആക്രമിച്ചത് ചൊവ്വാഴ്‌ച അർധരാത്രിയോടെ. മാരകമായി പരിക്കേറ്റ പ്രഭാകരനെ മകൻ പ്രശോഭ്, മരുമകൻ ലിജോ എന്നിവർ നാട്ടിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, കാട്ടാന പ്രഭാകരൻ്റെ സമീപത്തുനിന്ന് മാറാനായി അവർക്ക് കാട്ടിൽ മറഞ്ഞിരിക്കേണ്ടിവന്നത് രണ്ടുമണിക്കുറോളമാണ്.
ഓടിരക്ഷപ്പെടുന്നതിനിടെ ചെറുതായി പരിക്കേറ്റ പ്രശോഭും ലിജോയും പിന്നീട് പ്രഭാകരനെ നാട്ടിലെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിനുമുൻപ് മരിച്ചു. നാട്ടിലെത്തി ഇവർ അയൽക്കാരെ വിവരമറിയിക്കുകയും നാട്ടുകാരുടെ ചെറുസംഘം കാട്ടിലേക്ക് അന്വേഷിച്ചുപോകുകയുമായിരുന്നു.ബുധനാഴ്ച ഉച്ചയോടെയാണ് ഇവർക്ക് പ്രഭാകരൻ്റെ മൃതദേഹം കണ്ടെത്താനായത്.
മൃതദേഹം എത്തിച്ചത് പുഴ മുറിച്ചുകടന്ന്
താമരവെള്ളച്ചാൽ നഗറിൽനിന്ന് കാട്ടാനയുടെ ആക്രമണമുണ്ടായ വനഭാഗംവരെ ഏതാണ്ട് എട്ടുകിലോമീറ്ററുണ്ട്. ദുർഘട വനപാത ആയതിനാൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകില്ല. വനപാലകരുടെയും ഫിഷറീസ് വിഭാഗത്തിന്റെയും ബോട്ടിൽ പുഴയിലൂടെയാണ് മൃതദേഹം കൊണ്ടുവന്നത്. പിച്ചി ഡാമിന്റെ പ്രധാന കെട്ടിന് സമീപത്തുനിന്ന് നാല് കിലോമീറ്റർ പുഴയിലൂടെ സഞ്ചരിച്ചാൽ അപകടം നടന്ന സ്ഥലത്തെത്താം.
കാട്ടിൽ പോയത് പുന്നക്കായ ശേഖരിക്കാൻ
പഴുത്ത പുന്നക്കായ ശേഖരിക്കാനാണ് പ്രഭാകരനും ബന്ധുക്കളും കാട്ടിലേക്ക് പോയത്. പതിവുപോലെ പാതിരാത്രിയോടടുത്താണ് കഴിഞ്ഞ ദിവസവും കാട്ടിൽ പോയത്. ആയുർവേദമരുന്നുകൾ നിർമിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ജനവാസമേഖലകളിൽ കാട്ടാന ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും ആദ്യമായാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്.
നിവേദനം നൽകി
പീച്ചി : കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട താമരവെള്ളച്ചാൽ മലയൻ വീട്ടിൽ പ്രഭാകരന്റെ കുടുംബത്തിന് അടിയന്തര സഹായധനം അനുവദിക്കണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group