തൃശ്ശൂർ : സെയ്ന്റ്ക്ലെയേഴ്‌സ് വിദ്യാലയമുറ്റത്ത് അലീന നിശ്ചലയായിക്കിടന്നു. കരച്ചിലൊതുക്കാനാകാതെ കൂട്ടുകാരും അധ്യാപികമാരും അവൾക്ക് യാത്രാമൊഴിയേകി. പീച്ചി ഡാം റിസർവോയറിൽ വീണുമരിച്ച അലീന അവസാനമായി എത്തുന്നതുംകാത്ത് കൂട്ടുകാർ തിങ്ങിനിൽക്കുകയായിരുന്നു.
പന്ത്രണ്ടേമുക്കാലോടെ ആംബുലൻസ് വിദ്യാലയകവാടം കടന്നുവരുമ്പോൾ വിതുമ്പലുകൾ കൂട്ടക്കരച്ചിലായി. അലീനയുടെ എൽ.പി.കാലംതൊട്ടുള്ള സൗഹൃദങ്ങൾ അവസാന കാഴ്ചക്കായി നിരന്നു. തൂവെള്ള ഉടുപ്പിട്ട്, വെള്ളപ്പൂക്കളണിഞ്ഞ് നിശ്ചലയായിക്കിടക്കുന്ന അലീനയെക്കണ്ട് അവർ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പലരും മാതാപിതാക്കളുമായാണ് എത്തിയത്.
എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ പറയണമെന്നും ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്നുമുള്ള അനൗൺസ്‌മെന്റ് അന്തരീക്ഷത്തിൽ മുഴങ്ങി. വിതുമ്പലൊതുക്കാനാകാതെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റീനാ മണ്ടുംപാൽ അലീനയ്ക്ക് പൂക്കൾ അർപ്പിച്ചു.
ഒരുമണിയോടെ അലീന അവസാനമായി സ്കൂൾകവാടം കടന്നുപോയി. മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരെല്ലാം സ്കൂളിലെത്തി അലീനയ്ക്ക് ആദരാഞ്ജലിയർപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group