ഗുരുവും കൂട്ടുകാരനും മടങ്ങിയ വഴിയിലൂടെ ജയചന്ദ്രനും യാത്രയായി. ‘അദ്‌ഭുതവാനര’നും ‘അദ്‌ഭുതനീരാളി’യുമെഴുതി കുട്ടികളുടെ മനം കവർന്ന കെ.വി. രാമനാഥനും തമാശ പറഞ്ഞും വൈവിധ്യങ്ങളായ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നും മലയാളക്കരയെ വിസ്മയിപ്പിച്ച ഇന്നസെന്റിനും പിന്നാലെ ഭാവഗാനങ്ങൾകൊണ്ട് മലയാളസിനിമാഗാനരംഗത്ത് അനശ്വരപ്രതിഷ്ഠ നേടിയ പി. ജയചന്ദ്രനും വിടവാങ്ങുമ്പോൾ ഇരിങ്ങാലക്കുടയുടെ നഷ്ടം നികത്താനാകാത്തതാണ്.
എഴുത്തുകാരനും അധ്യാപകനുമായ കെ.വി. രാമനാഥനാണ് പി. ജയചന്ദ്രനെന്ന ഗായകന്റെ കഴിവ് തിരിച്ചറിഞ്ഞ് അതിലേക്ക് നയിച്ചത്. ആദ്യകാലത്ത് മൃദംഗത്തിലായിരുന്നു ജയചന്ദ്രന് കൂടുതൽ താത്‌പര്യം. എന്നാൽ അതല്ല, പാട്ടുകാരനാകുന്നതാണ് നല്ലതെന്നുപദേശിച്ച് അതിലേക്ക് വഴിതിരിച്ചുവിട്ടതും ഗുരുവായ രാമനാഥൻ മാസ്റ്ററാണ്.
അതുകൊണ്ടുതന്നെ ജയചന്ദ്രൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, എനിക്ക് രണ്ട് മഹാഗുരുക്കന്മാരുണ്ട്...ഒന്ന് രാമനാഥൻ മാഷും പിന്നൊന്ന് ദേവരാജൻ മാഷും. രാമനാഥൻമാഷ് ജീവിതത്തിനും ദേവരാജൻമാഷ് എന്റെ സംഗീതത്തിനും അർഥം നൽകിയെന്ന്. പിന്നണിഗായകനായി പേരും പ്രശസ്തിയും നേടിയപ്പോഴും തിരക്കുകൾക്കിടയിലും ഗുരുനാഥനെക്കാണാൻ ഇരിങ്ങാലക്കുടയിലെത്തുമായിരുന്നു.
1958-ൽ നാഷണൽ സ്കൂളിലെ അധ്യാപകനായിരുന്ന രാമനാഥൻ എട്ടാംക്ലാസ് എ യിലെ സാഹിത്യസമാജം പിരീഡിൽവെച്ചായിരുന്നു ജയചന്ദ്രന്റെ പാട്ട് ആദ്യമായി കേട്ടത്. ആർക്കെങ്കിലും പാടാനറിയുമോയെന്ന് വിളിച്ചുചോദിച്ചപ്പോൾ പി. ജയചന്ദ്രൻ മേശയ്ക്കരികിലേക്ക് ചുറുചുറുക്കോടെ നടന്നുവന്ന് മേശക്കടുത്തുനിന്ന് പാടിയ പാട്ട് മാഷെ അദ്‌ഭുതപ്പെടുത്തി. ഉപകരണങ്ങളും മൈക്കും ഒന്നുമില്ലാതെതന്നെ ആരെയും മയക്കുന്ന തരത്തിൽ മനോഹരമായിരുന്നു ജയചന്ദ്രന്റെ പാട്ട്.
അതേ വർഷം സ്കൂൾ പ്രതിനിധിയായി പി. ജയചന്ദ്രനെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയതും മാഷ് പലരോടും പറഞ്ഞിട്ടുണ്ട്. മൃദംഗത്തിലായിരുന്നു ആ വർഷം പങ്കെടുത്തത്. അടുത്ത വർഷം ലളിതസംഗീതത്തിലും പങ്കെടുത്ത് ജയചന്ദ്രൻ ജേതാവായി. പിന്നീട് മലയാള ഗാനരംഗത്ത് സജീവമായി ഒട്ടേറെ അംഗീകാരങ്ങൾ നേടിയപ്പോഴും ജയചന്ദ്രൻ, തന്നെ പാട്ടിലേക്കു വഴിതിരിച്ചുവിട്ട ഗുരുവിനെ മറന്നില്ല.
കെ.വി. രാമനാഥൻ നാഷണൽ സ്കൂളിൽ അധ്യാപകനായിരുന്നപ്പോൾ നടൻ ഇന്നസെന്റും ജയചന്ദ്രനൊപ്പം സ്കൂളിൽ പഠിച്ചിരുന്നു. സ്കൂളിൽ മൃദംഗത്തിലും പാട്ടിലും തിളങ്ങിനിന്നിരുന്ന ജയചന്ദ്രനോട് പെൺകുട്ടികൾക്കുള്ള ആരാധന കാണുമ്പോൾ അസൂയയായിരുന്നെന്ന് ഇന്നസെന്റ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സ്കൂളിലെ എല്ലാ പരിപാടിക്കും ജയചന്ദ്രന്റെ മൃദംഗവായനയുണ്ടാകും. സ്കൂളിലെ അന്നത്തെ വലിയ സ്റ്റാറായിരുന്നു ജയചന്ദ്രൻ. ജയചന്ദ്രനെ കാണുമ്പോൾ പെൺകുട്ടികളെല്ലാം ‘‘ദേ, ജയക്കുട്ടൻ പോകുന്നു’’വെന്ന് പറഞ്ഞ് ആരാധനയോടെ നോക്കിനിൽക്കുമ്പോൾ മനസ്സിൽ ശപിച്ചിട്ടുണ്ടെന്നും അസൂയതോന്നി സൈക്കിളിൽനിന്ന് തട്ടിയിടാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് ഇരുവരും സിനിമയിലെത്തി പ്രസിദ്ധരായതോടെ സൗഹൃദം ദൃഢമാകുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group