.jpg)
തളിപ്പറമ്പ് : വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിൽ മരിച്ച കുറുമാത്തൂർ ചൊർക്കളയിലെ നേദ്യ എസ്.രാജേഷിന് കണ്ണീരോടെ വിട. ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കിരാത്ത് ഭാഗത്തുനിന്ന് വന്ന ബസ് വളക്കൈ സംസ്ഥാനപാതയിലേക്ക് കുത്തനെയുള്ള ഇറക്കത്തിൽവെച്ച് മറിയുകയായിരുന്നു. രണ്ടുതവണ മലക്കംമറിഞ്ഞാണ് ബസ് റോഡിലേക്ക് പതിച്ചത്. ഇതിനിടെ തെറിച്ചുവീണ നേദ്യ ബസിനടിയിൽപ്പെട്ടു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ ബസ് ഉയർത്തി കുട്ടികളെ ആസ്പത്രിയിലെത്തിച്ചെങ്കിലും നേദ്യയെ രക്ഷിക്കാനായില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിലെത്തിച്ചു. അവസാനമായി നേദ്യയെ ഒരുനോക്കുകാണാൻ നൂറുകണക്കിനാളുകൾ സ്കൂളിലെത്തിയിരുന്നു. കഴിഞ്ഞദിവസം വരെ സ്കൂൾമുറ്റത്ത് ഓടിച്ചാടി നടന്ന വിദ്യാർഥിനിയുടെ ചലനമറ്റ ശരീരം കണ്ട് കുട്ടികളും അധ്യാപകരും വിങ്ങിപ്പൊട്ടി. സ്കൂൾ പ്രഥമാധ്യാപിക ശൈലജയെ സമാധാനിപ്പിക്കാൻ കൂടെയുള്ളവർ ഏറെ പണിപ്പെട്ടു. സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിൽ മൃതദേഹം ആംബുലൻസിൽ കയറ്റാൻ നേരം 'എന്റെ മോളെ ഒന്നുകൂടി കാണണമെന്നു' പറഞ്ഞ് കരഞ്ഞ് കണ്ണീർ വാർത്ത ശൈലജയെ കൂടെനിന്നവർ സമാധാനിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നിനുശേഷം മഞ്ചച്ചാൽ പൊതുശ്മശാനത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. എം.പി.മാരായ പി.സന്തോഷ്‌കുമാർ, ജോൺ ബ്രിട്ടാസ്, സജീവ് ജോസഫ് എം.എൽ.എ., ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി.ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
സ്കൂൾ ബസ് ഡ്രൈവർക്കെതിരേ കേസ്
ശ്രീകണ്ഠപുരം : വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർക്കെതിരേ കേസെടുത്തു.
തേർളായിയിലെ മുനമ്പത്ത് നിസാമുദ്ദീന്(35) എതിരേയാണ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. പരിക്കേറ്റ നിസാമുദ്ദീൻ തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലാണ്. ജാഗ്രതയില്ലാതെയാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്കൂൾ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് സമീപവാസികളും സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വീതികുറഞ്ഞ വളവുള്ള റോഡിലെ കുത്തനെയുള്ള ഇറക്കവും അപകടകാരണമായി. വാഹനം ഓടിക്കുമ്പോൾ നിസാമുദ്ദീൻ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോയെന്ന് സംശയവുമുണ്ട്.
അപകടസമയം ഡ്രൈവറുടെ വാട്സാപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റായതാണ് സംശയത്തിനിടയാക്കിയത്. ഇയാളുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ സീറ്റിന്റെ തൊട്ടുപിറകിലാണ് അപകടത്തിൽ മരിച്ച വിദ്യാർഥിനി നേദ്യ രാജേഷ് ഇരുന്നിരുന്നത്. സൈഡിലെ ഗ്ലാസും തുറന്നുവെച്ച നിലയിലായിരുന്നു. ബസ് മറിഞ്ഞപ്പോൾ ഗ്ലാസിന്റെ ഇടയിലൂടെയാണ് നേദ്യ പുറത്തേക്ക് തെറിച്ചത്.
ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവർ, യന്ത്രത്തകരാർ ഇല്ലെന്ന് മോട്ടോർവാഹന വകുപ്പ്
: സ്കൂൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് ഡ്രൈവർ നിസാമുദ്ദീൻ കഴിഞ്ഞദിവസം പറഞ്ഞത്. അപകടസമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സ്കൂൾ ബസിന് ഒരുവിധ യന്ത്രത്തകരാറുമുണ്ടായിട്ടില്ലെന്ന് എൻഫോഴ്സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി.റിയാസിന്റെ പരിശോധനയിൽ കണ്ടെത്തി.
ബസിന്റെ ബ്രേക്കിനോ ടയറിനോ ഹാൻഡ് ബ്രേക്കിനോ എൻജിനോ ഒരു കേടുപാടുമില്ലെന്നാണ് എം.വി.ഡി.യുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
റോഡിൽ ബ്രേക്കിട്ടതിന്റെ പാടുമുണ്ട്. ബ്രേക്ക് ഉണ്ടായില്ലെന്ന് ഡ്രൈവർ പറയുമ്പോഴും റോഡിൽ ബ്രേക്കിട്ടതിന്റെ പാട് എങ്ങനെ വന്നുവെന്ന ചോദ്യമുയരുന്നുണ്ട്.
അപകടത്തിൽപ്പെട്ട, കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിന്റെ ബസിന്റെ ഫിറ്റ്നസ് കഴിഞ്ഞ മാസം 29-ന് അവസാനിച്ചതായി മോട്ടോർവാഹന വകുപ്പ് പരിശോധനയിൽ കണ്ടെത്തി.
എങ്കിലും പുതിയ സർക്കാർ ഉത്തരവുപ്രകാരം ഫിറ്റ്നസ് നീട്ടിനൽകിയിട്ടുണ്ട്. വ്യാഴാഴ്ച തളിപ്പറമ്പ് ജോ. ആർ.ടി.ഒ. ഓഫീസിലെ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.വി.രതീഷ്, വി.സജിത്ത്, പി.വൈകുണ്ഠൻ, പദ്‌മരാജൻ, നിധിൻ നാരായണൻ എന്നിവർ സ്ഥലതെത്തി പരിശോധന നടത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group