കാലം പടിയിറങ്ങി; എം.ടി. ഇനി ദീപ്തമായ സ്മരണ

കാലം പടിയിറങ്ങി; എം.ടി. ഇനി ദീപ്തമായ സ്മരണ
കാലം പടിയിറങ്ങി; എം.ടി. ഇനി ദീപ്തമായ സ്മരണ
Share  
2024 Dec 25, 10:34 PM
NISHANTH
kodakkad rachana
man

കോഴിക്കോട്: മലയാളിയുടെ മനസ്സിലെ അര്‍ത്ഥദീര്‍ഘമായ ആ ദ്വയാക്ഷരം കാലം കവിഞ്ഞു- മലയാളത്തിന്റെ എം.ടി. വിട പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.


എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ എഴുത്തിന്റെ പുണ്യം. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗതീവ്രത. മുഖവുരകളാവശ്യമില്ലാത്ത, സമാനതകളില്ലാത്ത വൈഭവം. കണ്ണാടിയിലെന്നപോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച സൂക്ഷ്മത.



നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.



1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956-ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ദീര്‍ഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.


സ്‌കൂള്‍ കാലംമുതല്‍ എഴുത്തില്‍ തല്‍പരനായിരുന്നു എം.ടി. ആദ്യകഥ വിക്ടോറിയ പഠനകാലത്ത് പ്രസിദ്ധീകരിച്ച 'രക്തം പുരണ്ട മണ്‍തരികള്‍'. 1953-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തുകാരന്‍ എന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലത്ത് 'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡഃശയായി പുറത്തുവന്നു. 1958-ല്‍ പ്രസിദ്ധീകരിച്ച 'നാലുകെട്ട്' ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. തകരുന്ന നായര്‍ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അറുപതുകളോടെ എം.ടി. മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനായി അംഗീകരിക്കപ്പെട്ടു.


1968-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ല്‍ ആ സ്ഥാനം രാജിവെച്ചു. 1989-ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999-ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.


ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ശൈഥില്യത്തോടെ തകര്‍ച്ചയിലേക്കുനീങ്ങിയ മരുമക്കത്തായ വ്യവസ്ഥയും നായര്‍ തറവാടുകളും അവിടത്തെ നിസ്സഹായരായ മനുഷ്യരുമാണ് എം.ടിയുടെ ആദ്യകാല രചനകളുടെ പശ്ചാത്തലം. എക്കാലത്തെയും മനുഷ്യന്റെ ഒറ്റപ്പെടലും പ്രതിഷേധവും അന്തഃക്ഷോഭങ്ങളും വികാരങ്ങളുമെല്ലാമായി ആ ഭാഷാതീക്ഷ്ണത പിന്നീട് മലയാളത്തില്‍ ആളിപ്പടര്‍ന്നു. 'കാലം', 'അസുരവിത്ത്, 'വിലാപയാത്ര', 'മഞ്ഞ്, എന്‍.പി. മുഹമ്മദുമായി ചേര്‍ന്നെഴുതിയ 'അറബിപ്പൊന്ന്, 'രണ്ടാമൂഴം', 'വാരാണസി' തുടങ്ങിയ നോവലുകള്‍. കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും. എം.ടിയുടെ കരസ്പര്‍ശമേറ്റതെല്ലാം മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. 1984-ലാണ് 'രണ്ടാമൂഴം' പുറത്തുവരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതത്തെ ഭീമന്റെ വീക്ഷണത്തില്‍ കാണുന്ന 'രണ്ടാമൂഴം' എം.ടിയുടെ മാസ്റ്റര്‍പീസായി വിലയിരുത്തപ്പെടുന്നു.


സാഹിത്യജീവിതത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു എം.ടിക്ക് സിനിമയും. സ്വന്തം കൃതിയായ 'മുറപ്പെണ്ണി'ന് തിരക്കഥയെഴുതിയാണ് ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിര്‍മ്മാല്യം(1973), ബന്ധനം(1978), മഞ്ഞ്(1982), വാരിക്കുഴി(1982), കടവ് (1991), ഒരു ചെറുപുഞ്ചിരി(2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചെറുകഥകള്‍ പോലെതന്നെ ചെത്തിയൊതുക്കിയ, സമഗ്രതയാര്‍ന്ന തിരക്കഥകളായിരുന്നു എം.ടിയുടേത്. സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച് മലയാള സിനിമയെ നവീകരിച്ചു. എം.ടി. രൂപപ്പെടുത്തിയ കഥാപാത്രങ്ങള്‍ മലയാളത്തിലെ മഹാരഥന്മാരായ നടന്മാരുടെ പ്രതിഭയ്ക്ക് ഉരകല്ലായി.


2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിന് നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മ ഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 'നിര്‍മ്മാല്യം' 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


മരണം രംഗബോധമില്ലാത്ത കോമാളി എന്നെഴുതിയ എം.ടിയുടെ പ്രവചനാത്മതയ്ക്കു മുന്നില്‍ ഓര്‍ത്തുവെക്കാന്‍ വാക്കുകളുടെ മായാജാലം സമ്മാനിച്ച് ധന്യമായ ആ മടക്കം. വരാതിരിക്കില്ല എന്ന ഒറ്റവാക്കിലൂടെ ഒരു പ്രപഞ്ചത്തെ ചിമിഴിലൊതുക്കിയ കാലത്തിന്റെ ആ മഹാപ്രവാഹത്തിനു നന്ദി.




SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW