പത്തനംതിട്ട : രാവിലെ മൃതദേഹങ്ങൾ എത്തിക്കുന്നതിനു മുൻപേ പൂങ്കാവ് പള്ളിമുറ്റത്ത് ആളുകൾ വന്ന് തുടങ്ങിയിരുന്നു. എട്ട് മണിയോടെ നാലുപേരുടെയും മൃതദേഹം പള്ളിയിലെ ഹാളിലേക്ക് എത്തിച്ചു. 8.30-തോടെ ചടങ്ങുകൾ ആരംഭിച്ചു. പൂങ്കാവ് കത്തോലിക്കാ പള്ളിയിലെ പെരുന്നാളിന്റെ അവസാന ദിവസം നിഖിൽ കൂട്ടുകാരോട് ‘ഇനി ഞങ്ങടെ മലേഷ്യ ട്രിപ്പിന് ശേഷം കാണാം’ എന്ന് പറഞ്ഞാണ് മടങ്ങിയത്. എന്നാൽ, പള്ളിമുറ്റത്തേക്ക് വീണ്ടും എത്തിയത് നിഖിലിന്റെ ചേതനയറ്റ ശരീരമാണ്. പൊതുദർശനത്തിനായി ഒരേ വരിയിലാണ് നാലുപേരുടെയും ചേതനയറ്റ ശരീരങ്ങൾ വെച്ചത്. ആദ്യം ബിജു പി.ജോർജ്, തുടർന്ന് നിഖിൽ ഈപ്പൻ മത്തായി, അനു ബിജു, മത്തായി ഈപ്പൻ എന്നിങ്ങനെയാണ് വെച്ചത്. നൂറ് കണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ പള്ളിമുറ്റത്തേക്ക് എത്തിയത്. കാണാൻ എത്തിയവരുടെ വരി പള്ളിമുറ്റവും കടന്ന് മീറ്ററുകളോളം റോഡിലേക്ക് നീണ്ടു. ജനപ്രവാഹമായിരുന്നെങ്കിലും പരിസരമാകെ തേങ്ങലുകളാണ് നിറഞ്ഞത്. അടുത്തബന്ധുക്കൾ പലരും സങ്കടം താങ്ങാനാകാതെ തളർന്നുപോയിരുന്നു. നിഖിലിന്റെയും അനുവിന്റെയും സുഹൃത്തുക്കൾ കണ്ണിൽ ഈറനണിഞ്ഞാണ് നിമിഷങ്ങൾ തള്ളിനീക്കിയത്.
കുടുംബത്തിന്റെതീരാനഷ്ടം
ബിജുവിന്റെയും മത്തായിയുടെയും ഭാര്യമാരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഉറ്റവർ കുഴങ്ങി. അക്ഷരാർഥത്തിൽ ഓരോ നിമിഷവും എല്ലാവരും വിങ്ങിപ്പൊട്ടിയാണ് നിന്നത്. ബിജുവിനെ മൃതശരീരത്തിന് സമീപം ഭാര്യ നിഷയും, പിതാവ് ജോർജും, നിഷയുടെ സഹോദരന്റെ ഭാര്യയുമാണ് ഇരുന്നത്.
അനുവിനൊപ്പം സാഹോദരൻ ആരോൺ നിശബ്ദനായി ഇരിക്കുകയായിരുന്നു. നിഖിലിനൊപ്പം അമ്മ സാലിയും, അവരുടെ സഹോദരനും ഭാര്യയുമാണ് ഇരുന്നത്. മത്തായി ഈപ്പന്റെ അടുത്താണ് മകൾ നിത ഇരുന്നത്, ഒപ്പം അമ്മയുടെ സഹോദരങ്ങളും ഉണ്ടായിരുന്നു. 12 മണി കഴിഞ്ഞതോടെ മൃതദേഹങ്ങൾ ശുശ്രൂഷകൾക്കായി പള്ളിക്ക് ഉള്ളിലേക്ക് മാറ്റി. ഒരുമണിക്കാണ് സെമിത്തേരിയിലെ സംസ്‍കാരം ചടങ്ങുകൾ നടന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group