അമ്പലപ്പുഴ : പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നവർ. കൽപ്പടികളിൽ മുഖംകുനിച്ചിരുന്നു തേങ്ങുന്നവർ. അപകടത്തിൽ മരിച്ചവരാരെന്ന ആകാംക്ഷയോടെ തടിച്ചുകൂടിയവർ. കരളലിയിക്കുന്ന കാഴ്ചകളാണ് തിങ്കളാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിൽ കണ്ടത്.
മെഡിക്കൽ പഠനത്തിന്റെ വിരസതയകറ്റാൻ കളികളും വിനോദങ്ങളുമൊക്കെയായി കൂട്ടുകാർ ഒത്തുചേരുക പതിവാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളുടെ ഒത്തുചേരൽ വൻദുരന്തമായപ്പോൾ യാഥാർഥ്യത്തെ ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുകയായിരുന്നു മറ്റു വിദ്യാർഥികൾ. ആലപ്പുഴ പട്ടണത്തിലെ തിയേറ്ററിൽ സിനിമ കാണാനായി കൂട്ടുകാരായ 13 പേരാണ് തിങ്കളാഴ്ച രാത്രി പുറപ്പെട്ടത്. കൂട്ടുകാരിലൊരാളുടെ കാറിലായിരുന്നു 11 പേരുടെ യാത്ര. മറ്റു രണ്ടുപേർ പിന്നാലെ ബൈക്കിലും പോയി.
അപകടത്തിൽ മൂന്നുപേർ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് അഞ്ചായി. വിവരമറിഞ്ഞതോടെ ഹോസ്റ്റലിലും മറ്റു താമസസ്ഥലങ്ങളിലുമുണ്ടായിരുന്ന വിദ്യാർഥികൾ ആശുപത്രിയിലേക്ക് ഒഴുകിയെത്തി.
ആംബുലൻസുകളിൽ മരിച്ചവരെയും പരിക്കേറ്റവരെയും അത്യാഹിതവിഭാഗത്തിലേക്ക് എത്തിക്കുമ്പോൾ ആരൊക്കെയാണെന്നറിയാത്ത ആകാംക്ഷയിലായിരുന്നു വിദ്യാർഥികൾ. മരിച്ചവരുടെ പേരുകൾ ഓരോന്നായി പുറത്തുവരുമ്പോൾ സഹപാഠികളും കൂട്ടുകാരും അലമുറയിടുകയായിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും പൊതുപ്രവർത്തകരുമൊക്കെയായി വൻജനക്കൂട്ടമാണ് അത്യാഹിതവിഭാഗത്തിനു മുന്നിലുണ്ടായത്. അത്യാഹിതവിഭാഗത്തിൽ ആൾക്കൂട്ടമൊഴിവാക്കാൻ പോലീസും സുരക്ഷാജീവനക്കാരും പണിപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group