കവിയൂർ : പൊതിയിൽ ഗുരുകുലത്തിന്റെ കൂടിയാട്ട പാരമ്പര്യമുള്ള കവിയൂർ പി.എൻ.നാരായണചാക്യാർ (93) ഓർമ്മയായി. ക്ഷേത്രകലകളായ കൂത്തും കൂടിയാട്ടവും ഗുരുകുല സമ്പ്രദായത്തിൽ പഠിച്ച അദ്ദേഹം അധ്യാപനത്തിലേക്ക് കടന്നപ്പോഴും കൂത്തിനായി സമയംകണ്ടെത്തി. ചാക്യാർകൂത്തുമായി ബന്ധിപ്പിച്ച് മലയാളം പാഠഭാഗങ്ങൾ രസകരമായി അവതരിപ്പിച്ച് കുട്ടികളുടെ മനം കവർന്നു.
വൈക്കം, ഏറ്റുമാനൂർ, തിരുവല്ല, ചെങ്ങന്നൂർ, കവിയൂർ തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ കൂത്തിന് വേഷംകെട്ടിയിട്ടുണ്ട്. പാരമ്പര്യം മുടങ്ങാതെ ക്ഷേത്രങ്ങളിൽ വർഷങ്ങളോളം കൂത്തുപറഞ്ഞു. ദൂരെ ദേശങ്ങളിൽപ്പോലും പ്രതിഫലം വാങ്ങാതെ സ്വന്തംചെലവിൽ ചെന്നാണ് അവതരിപ്പിച്ചിരുന്നത്.
ചാക്യാർകൂത്തിന്റെ കഥ, വേഷവിധാനങ്ങൾ, ശൈലി, ദ്വയാർഥ പ്രയോഗങ്ങൾ തുടങ്ങിയവ പുതുതലമുറയ്ക്ക് പകരാൻ കളരിയും തുടങ്ങി. ഹിന്ദുമതപാഠശാലകളിൽ ആധ്യാത്മിക അറിവുനൽകാൻ അദ്ദേഹം പ്രായാധിക്യത്തിലും തയ്യാറായി. മൂന്നുവർഷമായി മകനോടൊപ്പം തിരുവനന്തപുരത്തായിരുന്നു താമസം. ശനിയാഴ്ച രാത്രിയിലാണ് അന്തരിച്ചത്.
കവിയൂർ എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലാണ് ഏറെക്കാലം ജോലിനോക്കിയത്. ചാക്യാർസമാജം പ്രസിഡന്റ്, എൻ.എസ്.എസുമായി ബന്ധപ്പെട്ടുള്ള വിവിധ പദവികൾ, കവിയൂർ മഹാദേവ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ്, കവിയൂർ സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ബി.ജെ.പി. കവിയൂർ പഞ്ചായത്ത് മുൻപ്രസിഡന്റുമായിരുന്നു.
2015-ൽ ശതാഭിഷിക്തനായ വേളയിൽ അദ്ദേഹത്തെ ആദരിക്കാൻ കവിയൂരിൽ നടത്തിയ സമ്മേളനം സുരേഷ് ഗോപിയാണ് ഉദ്ഘാടനം ചെയ്തത്. ഭാര്യ: പരേതയായ ലളിതാമ്മ. മക്കൾ: ജഗദീഷ്, ദിനേശൻ, ഹരീഷ്. മരുമക്കൾ: രമ്യ, വീണ, ബിന്ദു. സംസ്‌കാരം നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group