പാലക്കാട് : ഞങ്ങൾക്കിനി ആരുണ്ട്, അച്ഛനെ കൂട്ടിക്കൊണ്ടുവരാൻ പോയതല്ലേടാ മോനേ നീ.... ഒപ്പം നീയും പോയോ... അച്ഛന്റെയും സഹോദരന്റെയും വേർപാടിൽ നെഞ്ചുപൊട്ടിയുള്ള മോനിഷയുടെ കരച്ചിൽ കണ്ടുനിന്നവർക്കും സഹിക്കാനായില്ല. ആഴ്ചകൾക്കകം കല്യാണപ്പന്തലുയരേണ്ട വീട്ടിലാണ് മരണാനന്തരച്ചടങ്ങുകൾക്കായുള്ള പന്തലുയർന്നത്. ഭർത്താവിന്റെയും മകന്റെയും വേർപാടിൽ മനംനൊന്ത് ഉറക്കെ കരയാൻപോലും വയ്യാത്ത നിലയിലായിരുന്ന ഇന്ദിരയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത സ്ഥിതിയിലായിരുന്നു ബന്ധുക്കൾ.
കൃഷിയിടത്തേക്ക് വെള്ളം തുറന്നുവിടാനായി കാഡ കനാലിലിറങ്ങിയ മോഹനനും രക്ഷിക്കാനിറങ്ങിയ മകൻ അനിരുദ്ധുമാണ് ബുധനാഴ്ച വൈകീട്ട് ആറരയോടെ വൈദ്യുതക്കെണിയിൽപ്പെട്ട് മരിച്ചത്.
ഡിസംബർ ആദ്യവാരമാണ് മോനിഷയുടെ വിവാഹം തീരുമാനിച്ചിരുന്നത്. ഇതിനായി വീട് പെയിന്റടിച്ച് മോടികൂട്ടുന്നതടക്കമുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇതിനിടെയുണ്ടായ ദുരന്തം നാടിനെ കണ്ണീരിലാഴ്‌ത്തി. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ഒരുമണിയോടെയാണ് മൃതദേഹം അട്ടപ്പള്ളത്തെ വീട്ടിലെത്തിച്ചത്. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു.
മോഹനനും അനിരുദ്ധിനുമൊപ്പമുണ്ടായിരുന്ന പ്രദേശവാസി സനാതൻ തലനാരിഴയ്‌ക്കാണ് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
മന്ത്രി കെ. കൃഷ്ണൻകുട്ടി, വി.കെ. ശ്രീകണ്ഠൻ എം.പി., എ. പ്രഭാകരൻ എം.എൽ.എ. എന്നിവർ ജില്ലാ ആശുപത്രിയിലെത്തി ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. എ. പ്രഭാകരൻ എം.എൽ.എ. വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group