കോഴിക്കോട്: മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.
മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.
ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമസഭകളില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ.
നിയമത്തില്‍ ബിരുദവും ആർട്ട്സില്‍ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോണ്‍ഗ്രസ്സിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളില്‍ പ്രവർത്തിച്ചു.
1999-ല്‍ പാലക്കാട് നിന്നും 2004-ല്‍ വടകരയില്‍ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ. കരുണാകരൻ ഡി.ഐ.സി. രൂപീകരിച്ചപ്പോള്‍ അതിലേക്കു പോയ പത്മ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചു വന്നു. 2013-ല്‍ കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group