പനമരം : ‘ഞങ്ങൾക്കവൻ കൂടപ്പിറപ്പായിരുന്നു, അഞ്ചുകുന്ന് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോയോടിയാണ് കുടുംബംപോറ്റിയത്. ഇങ്ങനെയൊരു മരണം സഹിക്കാനാവുന്നില്ല’ -രതിനെക്കുറിച്ച് പറയുമ്പോൾ സഹപ്രവർത്തകരായ ഓട്ടോഡ്രൈവർമാർക്ക് കണ്ണുനിറയുന്നു.
ചേര്യംകൊല്ലി പുഴയിൽച്ചാടി മരിച്ച അഞ്ചുകുന്ന് മാങ്കാണി ഊരിലെ ഓട്ടോ ഡ്രൈവർ രതിന് (24) വിടനൽകാൻ തിങ്കളാഴ്ച നാടൊന്നാകെ ഊരിലെത്തി. ബന്ധുക്കളും സുഹൃത്തുക്കളും അഞ്ചുകുന്നിലെ ഓട്ടോഡ്രൈവർമാരും ചേർന്നാണ് രതിനെ കണ്ണീരോടെ യാത്രയാക്കിയത്.
സംസ്കാരത്തിനുമുൻപ് മൃതദേഹം വീടിനുമുന്നിൽ പൊതുദർശനത്തിന് വെച്ചു. അമ്മയും സഹോദരിയും രതിനെ അവസാനമായി കാണാനെത്തി, മോനെയെന്നുവിളിച്ചു കരഞ്ഞതോടെ കാണാനെത്തിയവരുടെയെല്ലാം കണ്ണുനിറഞ്ഞു. വിങ്ങിപ്പൊട്ടിയ സഹോദരി രമ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവസാനമായി ചിത്രീകരിച്ച വീഡിയോയിൽ രതിൻ വീടിനുമുൻപിൽത്തന്നെ തന്‍റെ ശരീരം അടക്കംചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നെങ്കിലും സ്ഥലപരിമിതിയാൽ കുടുംബം നിസ്സഹായരായി. കുടുംബശ്മശാനവും വീട്ടിൽനിന്ന് 200 മീറ്റർ അകലെയാണ്. തുടർന്ന് രാവിലെ 11.30-ഓടെ വീടിനുസമീപത്തെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ശനിയാഴ്ച അഞ്ചുമണിയോടെയാണ് രതിനെ കാണാതായത്. അന്വേഷണത്തിൽ ചേര്യംകൊല്ലി പുഴയ്ക്കുസമീപം ഓട്ടോ കണ്ടെത്തി. അഞ്ചുകുന്ന് വെള്ളരിവയലിനുസമീപം പുഴയിൽനിന്ന് ഞായറാഴ്ച 11 മണിയോടെ പനമരം സി.എച്ച്. റെസ്ക്യു ടീമംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. പുഴയിൽ ചാടുന്നതിനുമുൻപ് മരിക്കാൻപോവുകയാണെന്ന സൂചന നൽകിക്കൊണ്ട് രതിൻ സഹോദരി രമ്യക്ക് വീഡിയോസന്ദേശം അയച്ചിരുന്നു.
പരിചയമുള്ള പെൺകുട്ടിയുമായി റോഡരികിൽ സംസാരിച്ചുനിൽക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്സോ കേസിൽപ്പെടുത്തിയെന്ന് രതിൻ സഹോദരിക്കയച്ച വീഡിയോയിൽ പറയുന്നു. തന്റെപേരിൽ പോക്സോ കേസെടുത്തെന്ന് തെറ്റിദ്ധരിച്ചാണ് രതിൻ ആത്മഹത്യചെയ്യുന്നത്.
നിയമപരമായി നേരിടുമെന്ന് ബന്ധുക്കൾ
പോലീസിന്റെ ഭീഷണിയിൽ ഭയന്നാണ് രതിൻ ആത്മഹത്യചെയ്തതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും രതിന്റെ അമ്മാവൻ ഗോപാലൻ പറഞ്ഞു.
രതിനെ കാണാനില്ലെന്നുകാണിച്ച് പനമരം പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. അന്ന് കമ്പളക്കാട് പോലീസ് കേസെടുത്തിരുന്നത് അറിഞ്ഞിരുന്നില്ല. പനമരം പോലീസിൽ തിരക്കിയെങ്കിലും കേസെടുത്തില്ലെന്നായിരുന്നു മറുപടി.
പുഴയിൽനിന്ന് മൃതദേഹം ലഭിച്ചശേഷം ഞായറാഴ്ച വൈകീട്ടോടെയാണ് പൊതുസ്ഥലത്ത് ശല്യംചെയ്തെന്നുകാണിച്ച് കമ്പളക്കാട് പോലീസ് കേസെടുത്തെന്നത് അറിയുന്നത്. മദ്യപിക്കുകയോ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യാത്ത ആളാണ് രതിൻ. ആരോടും ഒന്നിനും പോവാതെ സൗമ്യനായി ജീവിക്കുന്ന പ്രകൃതം.
കുടുംബത്തിന്റെ ഏക അത്താണിയാണ്. ഇനി ബന്ധുക്കൾ എല്ലാവരുമായി കൂടിയാലോചിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിക്കുംമറ്റും പരാതിനൽകുമെന്നും ഗോപാലൻ പറഞ്ഞു.
ഓർമ്മകൾ ഇനി മല്ലു രതിനിൽ
യുട്യൂബിൽ രതിന് സ്വന്തമായൊരു അക്കൗണ്ടുണ്ട്. ‘മല്ലു രതിൻ’ എന്നപേരിലുള്ളതാണ് അക്കൗണ്ട്. സ്വയം അഭിനയിച്ച വീഡിയോകളും ഷോർട്ട് ഫിലിമുകളും റീൽസും മൊബൈലിൽ ചിത്രീകരിച്ച് ഈ അക്കൗണ്ടിൽ പോസ്റ്റുചെയ്തിട്ടുണ്ട്.
അകാലത്തിൽ പൊലിഞ്ഞെങ്കിലും രതിന്റെ ഓർമ്മകളായി ഇവയെന്നും നിലനിൽക്കുമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
രതിനെ മർദിച്ചതായി സംശയമുണ്ട് -സംയുക്ത ഓട്ടോതൊഴിലാളി യൂണിയൻ
അഞ്ചുകുന്ന് സ്റ്റാൻഡിലെ ഏറ്റവും പാവപ്പെട്ട തൊഴിലാളിയായിരുന്നു രതിനെന്നും അദ്ദേഹത്തെ മരിക്കുന്നതിനുമുൻപ് ആരോ മർദിച്ചതായി സംശയമുണ്ടെന്നും ഒപ്പം പണിയെടുത്തിരുന്ന ഓട്ടോതൊഴിലാളികൾ. നല്ലരീതിയിൽ തൊഴിലെടുത്ത് കുടുംബം നോക്കിയിരുന്ന രതിൻ ഇവരിൽ പലർക്കും കൂടപ്പിറപ്പിനെപ്പോലെയായിരുന്നു. കഴിഞ്ഞദിവസം ഓട്ടോടാക്സി ഒരുസംഘമെത്തി അഞ്ചുകുന്നിലും പരിസരത്തും രതിനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നാണ് ഓട്ടോതൊഴിലാളികൾ പറയുന്നത്. രതിനെ ആരോ മർദിച്ചതായി സംശയമുണ്ട്. ഇതിൽ മനസ്സുതളർന്നതാണ് ആത്മഹത്യചെയ്യാൻ ഇടയാക്കിയത്. ഇവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. അതിനായി ഓട്ടോത്തൊഴിലാളികൾ ഏതറ്റംവരെയും പോവുമെന്ന് സംയുക്ത ഓട്ടോതൊഴിലാളി പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി കെ.സി. ഷെഫീർ, എസ്.ടി.യു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി മുനവിർ അഞ്ചുകുന്ന് എന്നിവർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group