നീലേശ്വരം അഴിത്തലയിലെ ഫൈബർ ബോട്ടപകടം: കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരം അഴിത്തലയിലെ ഫൈബർ ബോട്ടപകടം: കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
നീലേശ്വരം അഴിത്തലയിലെ ഫൈബർ ബോട്ടപകടം: കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Share  
2024 Oct 18, 07:39 AM
VASTHU
MANNAN

നീലേശ്വരം: അഴിത്തല പുലിമുട്ടിൽ മീൻപിടിത്ത ഫൈബർ ബോട്ട് മറിഞ്ഞ് കാണാതായ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ എ.പി.മുജീബിന്റെ (മുനീർ-47) മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ വലിയപറമ്പ് പഞ്ചായത്തിലെ മാവിലാടത്തുനിന്ന്‌ 37 തൊഴിലാളികളുമായി കടലിൽ പോയ ‘ഇന്ത്യൻ’ എന്ന ബോട്ടാണ് തിരിച്ചുവരുമ്പോൾ കള്ളക്കടൽ പ്രതിഭാസത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടോടെ നടന്ന അപകടത്തിൽ ഒരാൾ ഇന്നലെ മരിച്ചിരുന്നു.


വ്യാഴാഴ്ച വൈകിട്ട്‌ 5.45-ഒാടെ കാഞ്ഞങ്ങാട് പുഞ്ചാവി കടൽത്തീരത്തോടുചേർന്ന് നാട്ടുകാരാണ് മുജീബിന്റെ മൃതദേഹം കണ്ടത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. വള്ളം ഉടമ ഷഫീക്കും തൊഴിലാളികളുമെത്തി തിരിച്ചറിഞ്ഞശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.


വ്യാഴാഴ്ച രാവിലെ കൊച്ചിയിൽനിന്നെത്തിയ നാവികസേനയും ബേപ്പൂരിൽനിന്നെത്തിയ തീരസംരക്ഷണസേനയും ഫിഷറീസ് രക്ഷാ സംഘവും തീരദേശ പോലീസും തിരച്ചിൽ നടത്തി. രാവിലെ നാവികസേനയുടെ ചെറുവിമാനം നിരീക്ഷണം നടത്തി തിരിച്ചുപോയിരുന്നു. പിന്നീട് നാലംഗ നാവികസേനാസംഘം ജെമ്‌ന ബോട്ടിൽ തിരച്ചിൽ നടത്തി.


തീരസംരക്ഷണസേനയുടെ 36 അംഗ സംഘം ചെറുകപ്പലിലാണ് ബേപ്പൂരിൽനിന്ന്‌ രക്ഷാദൗത്യത്തിനെത്തിയത്. ഫിഷറീസ് വകുപ്പിന്റെ സുരക്ഷാബോട്ടിലും തീരദേശ പോലീസിന്റെ ബോട്ടിലും രക്ഷാ പ്രവർത്തകർ മുജീബിനെ കണ്ടെത്താൻ വിശ്രമമില്ലാതെ കടലിലുണ്ടായിരുന്നു.


വ്യാഴാഴ്ച കളക്ടർ കെ.ഇമ്പശേഖറും പോലീസ് മേധാവി ഡി.ശില്പയും തിരച്ചിലിന്റെ പുരോഗതി അപ്പപ്പോൾ വിളിച്ച് വിലയിരുത്തുകയും നിർദേശം കൈമാറുകയും ചെയ്തു. ഒഡിഷ, തമിഴ്‌നാട്, പരപ്പനങ്ങാടി സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഫിഷറീസ് രക്ഷാബോട്ടും തീരദേശ പോലീസും നടത്തിയ ശ്രമകരമായ ദൗത്യത്തിലൂടെയാണ് 35 പേരുടെ ജീവൻ രക്ഷിക്കാനായത്.


അബൂബക്കർ കോയയുടെ മൃതദേഹം നാട്ടിലെത്തിച്ചു


അപകടത്തിൽ മരിച്ച മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ ചെറുപുരയ്ക്കൽ സി.കെ.അബൂബക്കർ കോയ (62) യുടെ മൃതദേഹം കാസർകോട് ജനറൽ ആസ്പത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.


കാസർകോട് മാലിക്ദിനാർ പള്ളിയിൽ പരിപാലനകർമങ്ങൾക്കുശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോയത്.


തകർന്ന ബോട്ടിന്റെ എൻജിനും വലയും കരയ്ക്കടിഞ്ഞു


തകർന്ന ബോട്ടിന്റെ എൻജിനും പ്രൊപ്പല്ലറും വലയും രാത്രി 12-ഓടെ കരയ്ക്കടിഞ്ഞു. അപകടം നടന്ന അഴിമുഖത്തുനിന്ന്‌ രണ്ടുകിലോമീറ്റർ വടക്കുമാറി തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് പടിഞ്ഞാറുഭാഗത്താണ് തകർന്ന ഭാഗങ്ങളും വലയും അടിഞ്ഞത്.


വ്യാഴാഴ്ച മൂന്നോടെ വള്ളം ഉടമ എം.ഷഫീക്കും തൊഴിലാളികളും മണ്ണുമാന്തിയുമായെത്തി വള്ളത്തിന്റെ അവശിഷ്ടഭാഗങ്ങളും വലയും കരയ്ക്കെത്തിച്ചു.


വള്ളം പോട്ടെ, തൊഴിലാളികളുടെ ജീവൻ പോയതിലാണ് സങ്കടം


മടക്കരയിലെ എം.ഷഫീക്ക്, പരപ്പനങ്ങാടിയിലെ ഐ.പി.റിയാസ്, കെ.സി.കോയമോൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘ഇന്ത്യൻ’ ബോട്ട് മൂന്നുവർഷമായി കടലിൽ പോകാൻ തുടങ്ങിയിട്ട്. ഇതുവരെ ഒരപകടവുമുണ്ടായിട്ടില്ല.


മറ്റ് പ്രദേശങ്ങളിൽനിന്നും മടക്കര തുറമുഖത്തുനിന്നും ബോട്ടുകൾ കടലിൽ പോയതിനാലാണ് രാവിലെ 7.30-ഓടെ ഈ ബോട്ടും മീൻപിടിക്കാൻ പോയത്. പിടിച്ച മീൻ നേരത്തേ കാരിയർ വള്ളത്തിൽ കരയിലെത്തിച്ചു. തിരിച്ചുവരുമ്പോഴാണ് അപകടം.


37 പേരിൽ 35 പേരും രക്ഷപ്പെട്ടതിൽ ആശ്വസിക്കുമ്പോഴും രണ്ടുപേരുടെ ജീവൻ പോയതിൽ സങ്കടത്തിലാണ് ബോട്ടുടമകൾ. റിയാസ് ആസ്പത്രിയിൽ കഴിയുന്നവർക്കൊപ്പമുണ്ട്. ബോട്ടിന്റെ 30-ഉം വലയുടെ 15-ഉം അടക്കം 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അത് പോട്ടെന്നുവെക്കാം. തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടതിലാണ് സങ്കടമെന്ന് ഷഫീക്ക് പറഞ്ഞു.

samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2