കോഴിക്കോട് : ചാലിയാർ പുഴയിൽ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചാലിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പെരുവയൽ മുണ്ടക്കൽകോപ്പാൽ തൊടികയിൽ സുധീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മദ്രാസ് റജിമെന്റിലെ എൻജിനീയറിങ് വിഭാഗത്തിലെ ജവാനാണ്. സുധീഷിനെ ശനിയാഴ്ച കാണാതായ സ്ഥലത്തിന്റെ 50 മീറ്റർ മാറി മാവൂർ ഫയർ യൂണിറ്റിലെ അംഗങ്ങൾ തിങ്കളാഴ്ച രാവിലെ ഡിങ്കി ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു മാസത്തെ ലീവിന് അഞ്ചു ദിവസം മുൻപാണ് സുധീഷ് പെരുവയലിലെ വീട്ടിലെത്തിയത്. മാവൂർ ഊർക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ പടിഞ്ഞാറു വശത്ത് മീൻ പിടിക്കാനായി വലവീശുന്നതിനിടെ കാലു തെന്നി പുഴയിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. പാലത്തിനു മുകളിലൂടെ പോയ ചില വിദ്യാർഥികളാണ് ഒരാൾ ഒഴുക്കിൽപ്പെട്ടെന്ന വിവരം നാട്ടുകാരെ അറിയിച്ചത്.
തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ സമീപത്ത് നിർത്തിയിട്ടതായി കണ്ട സ്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുധീഷ് ആണ് ഒഴുക്കിൽപ്പെട്ടതെന്നത് വ്യക്തമായത്. ഈ സമയം ഊർക്കടവ് റഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തിയ നിലയിലായിരുന്നതിനാൽ പുഴയിൽ വലിയ കുത്തൊഴുക്കുണ്ടായിരുന്നു. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് മാവൂരിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തിരച്ചിൽ തുടങ്ങിയത്.
ശനിയാഴ്ച രാത്രി പത്തുവരെ പുഴയിൽ തിരച്ചിൽ നടത്തിയ ശേഷം ഞായറാഴ്ച രാവിലെ എട്ടര മുതൽ രാത്രി പത്തു വരെയും മാവൂർ, മീഞ്ചന്ത, മുക്കം, വെള്ളിമാടുകുന്ന്, പേരാമ്പ്ര ഫയർ സ്റ്റേഷനുകളിലെ 16 മുങ്ങൽ വിദഗ്ധരും മുപ്പതോളം അഗ്നിരക്ഷാ സേനാംഗങ്ങളും എൻഡിആർഎഫ് സംഘവും പ്രാദേശിക രക്ഷാപ്രവർത്തകരും പുഴയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സുധീഷിനെ കണ്ടെത്താനായിരുന്നില്ല. മൃതശരീരം പള്ളിക്കടവിൽ എത്തിച്ച ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































