പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
Share  
എഴുത്ത്

News desk

2026 Oct 14, 05:16 PM

കോഴിക്കോട്: പൈതൃക നെൽവിത്തുകളുടെ കാവലാളായിരുന്ന പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയറ്റുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമന്റെ അന്ത്യം ആകസ്മികമായിരുന്നു. വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ വയനാട്ടിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷകനെന്ന നിലയിലാണ് പ്രസിദ്ധനായത്. രാജ്യം പത്മശ്രീ കൊടുത്ത ആദരിച്ച ചെറുവയൽ രാമന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്.


​പാരമ്പരാഗത കൃഷിയുടെയും പാരിസ്ഥിതിക അറിവിന്റെയും പാഠപുസ്തകമായിരുന്നു ചെറുവയൽ രാമൻ. പരമ്പരാഗത കൃഷിരീതിയെക്കുറിച്ച് പഠിക്കാനായി കമ്മനയിലെ ചെറുവയൽ വീട്ടിലേയ്ക്ക് എത്തുന്നവർക്കെല്ലാം കൃഷിയെക്കുറിച്ചുള്ള പാഠം പകർന്നുനൽകാൻ ഏറെ തൽപ്പരനായിരുന്നു അദ്ദേഹം. തന്നെ കാണാന്‍ വരുന്നവര്‍ക്കെല്ലാം തനത് കൃഷി പാഠം പകര്‍ന്നുനൽകിയിരുന്ന രാമനെ തേടി കാർഷിക ശാസ്ത്രജ്ഞരും ഭരണാധികാരികളും പൊതുപ്രവർത്തകരുമെല്ലാം കമ്മനയിലെ പുല്ലുമേഞ്ഞ നൂറ്റാണ്ടിന്റെ പഴക്കമുള്ള തറവാട്ടു വീട്ടിലേയ്ക്ക് എത്തിയിരുന്നു.


​കാലാവസ്ഥാ വ്യതിയാനങ്ങളെ പോലും അതിജീവിക്കാൻ ശേഷിയുള്ള ഏതാണ്ട് 55-ഓളം നെൽവിത്തുകൾ അദ്ദേഹം സംരക്ഷിച്ചു സൂക്ഷിച്ചിരുന്നു. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം അടക്കം 30-ഓളം നെൽവിത്തുകൾ നിരവധി വെല്ലുവിളികളെ അതിജീവിച്ചും അദ്ദേഹം കൃഷിയിറക്കിയിരുന്നു. അക്കാദമിക് വിദ്യാഭ്യാസമില്ലാതിരുന്ന ചെറുവയൽ രാമൻ കാർഷിക സർവകലാശാലയുടെ സെനറ്റ് അംഗമായി മാറിയത് കാർഷിക മേഖലയിലെ അദ്ദേഹത്തിന്റെ സമഗ്രമായ അറിവിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാറിൽ അടക്കം ലോകത്തിലെ 11-ഓളം രാജ്യങ്ങളിലാണ് കൃഷിയുമായി ബന്ധപ്പെട്ട വിവിധ സമ്മേളനങ്ങളിൽ അദ്ദേഹം ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിട്ടുള്ളത്.


​സ്വന്തം അമ്മാവന്റെ മരണശേഷം കൗമാരക്കാരനായിരിക്കെ കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന തറവാട്ടിലെ നെൽവിത്തുകളുടെയും ഏക്കർ കണക്കിന് കാർഷിക ഭൂമിയുടെയും സംരക്ഷകനായി ചെറുവയൽ രാമന് മാറേണ്ടി വന്നു. കമ്മന നവോദയ എൽ.പി. സ്കൂളിൽ അഞ്ചാം ക്ലാസ് വരെ മാത്രമായിരുന്നു വിദ്യാഭ്യാസം. പത്താം വയസ്സുമുതൽ കാർഷിക ജീവിതം ആരംഭിച്ചു. 1969-ൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കണ്ണൂർ ഡി.എം.ഒ. ഓഫീസിൽ വാർഡനായി ജോലിക്ക് പോയെങ്കിലും അമ്മാവന്റെ ആഗ്രഹപ്രകാരം തറവാട് ഭൂമിയുടെയും നെൽവിത്തുകളുടെയും സംരക്ഷകനായി മാറാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur