ചാത്തന്നൂർ: ഏഴുപേർക്ക് പുതുജീവൻ നൽകി ചാത്തന്നൂർ ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബു (47) യാത്രയായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപടികൾ പൂർത്തിയാക്കിയാണ് അവയവദാനം നടത്തിയ ഷിബുവിന്റെ മൃതദേഹം ആംബുലൻസിൽ ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലെത്തിച്ചത്.
ബ്ലോക്കുമരംമുക്കിൽനിന്ന് വിലാപയാത്രയായി വീട്ടിലേക്കെത്തിക്കുമ്പോഴേക്കും അശ്രുപൂജയേകാൻ ആയിരങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ആദ്യം വീട്ടിനുള്ളിലെ തെക്കേമുറിയിൽ കിടത്തി അമ്മയെ കാണിച്ചശേഷം വീട്ടുമുറ്റത്ത് കർമങ്ങൾക്കായൊരുക്കിയ കട്ടിലിൽ കിടത്തി. നിശ്ചലമായി കിടക്കുന്ന ഷിബുവിനരികിൽ അലമുറയിടുന്ന അമ്മ ശകുന്തളയും സഹോദരിയും കണ്ടുനിന്നവരുടെ കരളലിയിപ്പിച്ചു.
'എല്ലാം നോക്കിയിരുന്നത് അവനായിരുന്നില്ലേ... ഇനി ഞങ്ങൾക്കെന്താ വഴി...' എന്ന ആ അമ്മയുടെ ചോദ്യത്തിനുമുന്നിൽ പകച്ചുനിൽക്കാനേ നാടിന് കഴിഞ്ഞുള്ളൂ.
സഹോദരി തന്റെ പ്രിയപ്പെട്ട ഏട്ടൻ്റെ മുഖത്ത് അന്ത്യചുംബനം നൽകി യാത്രയയ്ക്കുമ്പോൾ, ആ വിയോഗത്തിൻ്റെ ആഴം കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
വീട്ടുവളപ്പിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ നാടൊന്നാകെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.
ജി.എസ്. ജയലാൽ എംഎൽഎ, ബിജെപി തിരുവനന്തപുരം മേഖലാ പ്രസിഡൻ്റ് ബി.ബി. ഗോപകുമാർ, കല്ലുവാതുക്കൽ പഞ്ചായത്ത് സ്ഥിരംസമിതി മുൻ അധ്യക്ഷൻ ബൈജു ലക്ഷ്മണൻ, ചിറക്കര പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് കൃഷ്ണൻ, കിരൺ, ആര്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുദീപ, സുഭാഷ്ബാബു തുടങ്ങിയവർ ഷിബുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ഹോട്ടൽ ജീവനക്കാരനായ ഷിബുവിന് കഴിഞ്ഞ 14-ന് വീടിനുസമീപം മുക്കാട്ടുക്കുന്നിൽവെച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്.
തലയ്ക്ക് ഗുരുതരപരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












